കൈത്തറി വസ്ത്രങ്ങളുടെ കമനീയ ശേഖരമൊരുക്കി മൂന്ന് വില്‍പ്പനശാലകളാണ് കേരളത്തിന്റെ പവലിയനില്‍ സന്ദര്‍ശകരെ വരവേല്‍ക്കുന്നത്. ഹാന്റക്സ്, ഹാന്‍വീവ്, ഡയറക്ടറേറ്റ് ഓഫ് ഹാന്‍ഡ്‍ലൂം ആന്‍ഡ് ടെക്സ്റ്റയില്‍സ് എന്നിവയുടേതാണ് സ്റ്റാളുകള്‍ . കസവ് വസ്ത്രങ്ങളുടെ വിപുലമായ ശ്രേണിയാണ് ഡയറക്ടറേറ്റ് ഓഫ് ഹാന്‍ഡ്‍ലൂംസ് ആന്‍ഡ് ടെക്സ്റ്റയില്‍സ് അവതരിപ്പിക്കുന്നത്. 2100 രൂപ മുതല്‍ 9000 രൂപ വരെ വിലയുള്ള കസവ് സാരികളുണ്ട്. കസവുമുണ്ടിന് 1040 രൂപ മുതല്‍ 2750 രൂപ വരെയാണ് വില. ഇതുകൂടാതെ കസവ് നെയ്ത കുര്‍ത്ത, ഷര്‍ട്ട് , സ്ത്രീകള്‍ക്കുള്ള നീളന്‍ കുപ്പായം എന്നിവയും വില്‍പ്പനയ്ക്കുണ്ട്. കളര്‍ സാരിയുടെ വില 2900 രൂപയില്‍ ആരംഭിക്കുന്നു.

കണ്ണൂര്‍ ആസ്ഥാനമായ കേരള സ്റ്റേറ്റ് ഹാന്‍ഡ്‍ലൂം ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ( ഹാന്‍വീവ്) നാടന്‍ തോര്‍ത്ത് മുതല്‍ കിടക്കവിരി വരെയുള്ള ഉത്പന്നങ്ങള്‍ വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ട്. 20 ശതമാനം വിലക്കിഴിവ് മുഖ്യ ആകര്‍ഷണമാണ്. തോര്‍ത്തിന് 130 രൂപ മുതലാണ് വില. മുണ്ടിന്റെ വില 920 രൂപയില്‍ ആരംഭിക്കുന്നു. സാരിയുടേത് 1700 രൂപയിലും. ബെഡ്ഷീറ്റിന് 870 രൂപ മുതല്‍ ലഭ്യമാണ്. കേരളമൊട്ടാകെ 32 കൈത്തറി നിര്‍മാണ കേന്ദ്രങ്ങള്‍ ഹാന്‍വീവിനുണ്ട്. പ്രതിവര്‍ഷം ഏകദേശം 95 ലക്ഷം മീറ്റര്‍ കൈത്തറി വസ്ത്രങ്ങള്‍ ഹാന്‍വീവ് ഉത്പാദിപ്പിക്കുന്നുണ്ട്.

കേരള സ്റ്റേറ്റ് ഹാന്‍ലൂം വീവേഴ്സ് സൊസൈറ്റി ലിമിറ്റഡി ( ഹാന്‍ഡക്സ്) ന്റെ ഉത്പന്നനിരയില്‍ ദോത്തി, സാരി, ഷര്‍ട്ട് , കുര്‍ത്ത , കുര്‍ത്തി, പാവാട, ഏപ്രണ്‍, കസവ് ഷര്‍ട്ട്, കര്‍ട്ടന്‍ തുണി, ചവിട്ടി, കുട്ടികളുടെ വസ്ത്രങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. പരമ്പരാഗത നെയ്ത്ത് രീതി ഉപയോഗിച്ച് പുതുപുത്തന്‍ ഫാഷനിലുള്ള വസ്ത്രങ്ങളാണ് ഇവര്‍ പുറത്തിറക്കുന്നത്. ഷര്‍ട്ടിന് 1100 രൂപയാണ് വില. സെറ്റ് മുണ്ടിന് വില 780 രൂപ. തോര്‍ത്തിന് വില 120 രൂപയില്‍ ആരംഭിക്കുന്നു. കേരളസാരിയ്ക്ക് 2540 രൂപ മുതലാണ് വില.