വിനോദസഞ്ചാര മേഖലയിലെ കേരളത്തിന്റെ കുതിപ്പ് പ്രദര്‍ശിപ്പിച്ച് ഇന്ത്യ അന്താരാഷ്ട്ര വ്യാപാരമേളയിലെ ടൂറിസം വകുപ്പിന്റെ സ്റ്റാള്‍. നിരവധി സന്ദര്‍ശകരാണ് കേരളത്തിലെ വിനോദസഞ്ചാര മേഖലയെ കുറിച്ച് ചോദിച്ചറിയാന്‍ സ്റ്റാളിലെത്തുന്നത്. ഇത്തവണ മലബാറിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെപ്പറ്റിയും ധാരാളം അന്വേഷണങ്ങള്‍ വരുന്നുണ്ടെന്ന് ഡല്‍ഹി ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അരുണ്‍ കുമാര്‍ പറഞ്ഞു. വയനാട്, മുഴുപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച് എന്നിവയെപ്പറ്റി അറിയാനാണ് പലര്‍ക്കും ആഗ്രഹം.
ഇടുക്കി, ആലപ്പുഴ, തിരുവനന്തപുരം, കുമരകം, തേക്കടി, മൂന്നാര്‍, കൊച്ചി എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളെപ്പറ്റിയും ധാരാളം അന്വേഷണങ്ങള്‍ എത്തുന്നുണ്ട്. കേരള പവലിയന്റെ പ്രവേശന കവാടത്തോട് ചേര്‍ന്നാണ് ടൂറിസം സ്റ്റാളിന്റെ സ്ഥാനം.

വിനോദസഞ്ചാര മേഖല സംബന്ധിച്ച് വിവിധ ലഘുലേഖകള്‍, ബുക്ക്ലെറ്റുകള്‍ എന്നിവ ഇവിടെനിന്ന് സൗജന്യമായി നല്‍കുന്നുണ്ട്. ഹിറ്റ് സിനിമകള്‍ ചിത്രീകരിച്ച ലൊക്കേഷനുകളുടെ ചിത്രങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ നല്‍കുന്ന ബ്ലോക്ക് ബസ്റ്റര്‍ ഡസ്റ്റിനേഷന്‍ എന്ന പുസ്തകം ശ്രദ്ധേയമാണ്. നെഹ്റുട്രോഫി, ആറന്മുള, കുമരകം, പായിപ്പാട് , ചമ്പക്കുളം എന്നീ വള്ളം കളികളെപ്പറ്റിയും തെയ്യത്തെപ്പറ്റിയും എല്ലാം വിവരിക്കുന്ന പുസ്തകങ്ങളുണ്ട്. നാച്ചുറലി കേരള എന്ന പുസ്തകം ഇക്കോ ടൂറിസത്തെപ്പറ്റി വിവരിക്കുന്നു. പൊന്‍മുടി , കല്ലാര്‍ , തെന്മല, ഗവി, ഇരവികുളം, തട്ടേക്കാട്, ചിന്നാര്‍ , ആനമുടി തുടങ്ങിയ ഡസ്റ്റിനേഷനുകളെപ്പറ്റിയുള്ള വിവരങ്ങള്‍ ഈ പുസ്തകത്തിലൂടെ ലഭിക്കും. മലബാറിലെ ടൂറിസ്റ്റ് കേന്ദരങ്ങളെപ്പറ്റി വിശദമായി വിവരിക്കുന്ന പുസ്തകവും സ്റ്റാളിലുണ്ട്.

വിനോദസഞ്ചാര വകുപ്പിന്റെ ടൂറിസം പാക്കേജുകളെപ്പറ്റിയും ധാരാളം അന്വേഷണങ്ങള്‍ എത്തുന്നുണ്ട്. സഞ്ചാരികള്‍ക്ക് എല്ലാവിധ വിവരങ്ങളും ലഭ്യമാക്കാന്‍ ടൂറിസം സ്റ്റാളില മൂന്നുപേര്‍ ചുമതലയിലുണ്ട്. കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ മികവുള്ള ദൃശ്യങ്ങല്‍ പ്രദര്‍ശിപ്പിക്കുന്ന എല്‍ഇഡി സ്‌ക്രീനും സ്റ്റാളിന്റെ ആകര്‍ഷണമാണ്.