ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പയിന്‍ 2025 ന്റെ ഭാഗമായി കണ്ണൂർ ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ എന്ന വിഷയത്തില്‍ സുപ്രീംകോടതി ചീഫ് പ്രാക്ടീഷണര്‍ അഡ്വ. പി.ഒ. രാധാകൃഷ്ണന്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള സൈബര്‍ അതിക്രമങ്ങള്‍ എന്ന വിഷയത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീരൂപ് ശ്രീധരന്‍ എന്നിവര്‍ ക്ലാസെടുത്തു.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമത്തിനും ലിംഗവിവേചനത്തിനുമെതിരെ നവംബര്‍ 25 മുതല്‍ ഡിസംബര്‍ പത്തുവരെയാണ് ക്യാമ്പയിന്‍. ഇതിന്റെ ഭാഗമായി ജില്ലയിലെ സ്‌കൂളുകള്‍, കോളേജുകള്‍, അങ്കണവാടികള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശീലനം നടത്തുന്നുണ്ട്.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ഡീന ഭരതന്‍, ജെന്‍ഡര്‍ സ്‌പെഷ്യലിസ്റ്റുമാരായ ടി വിഷ്ണുമായ, സി. അഞ്ജന എന്നിവര്‍ സംസാരിച്ചു.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ ഡിജിറ്റല്‍ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഒന്നിക്കുക എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.
