തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപീകൃതമായ മലപ്പുറം ജില്ലാതല മീഡിയ റിലേഷന്‍സ് സമിതി തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സാമൂഹ്യ മാധ്യമം, എ.ഐ. എന്നിവ ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് അറിയിച്ചു. പ്രചാരണത്തിനായി ഉപയോഗിക്കുന്ന എ.ഐ., അല്ലെങ്കില്‍ ഡിജിറ്റലായി മാറ്റം വരുത്തിയ എല്ലാ ഉള്ളടക്കങ്ങളിലും ‘AI Generated’/ ‘Digitally Enhanced’/ ‘Synthetic Content’ എന്നീ വ്യക്തമായ ലേബലുകള്‍ ഉള്‍ക്കൊള്ളണം.

വീഡിയോയില്‍ സ്‌ക്രീനിന് മുകളിലായി, ചിത്രങ്ങളില്‍ കുറഞ്ഞത് 10 ശതമാനം ഡിസ്‌പ്ലേ ഭാഗത്തും ഓഡിയോയില്‍ ആദ്യ 10 ശതമാനം സമയ ദൈര്‍ഘ്യത്തിലും ലേബല്‍ വ്യക്തമായി ഉണ്ടാകണം. ഉള്ളടക്കം സൃഷ്ടിച്ച വ്യക്തിയുടെ/ സ്ഥാപനത്തിന്റെ പേര് മെറ്റാഡാറ്റയിലും വിവരണത്തിലും വെളിപ്പെടുത്തണം. ആധുനിക സാങ്കേതിക വിദ്യകളിലൂടെ വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിര്‍മ്മിക്കുന്നതും അവ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉപയോഗിക്കുന്നതിനുമെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകും.

പ്രചാരണത്തിന് ഉപയോഗിക്കുന്ന ഡീപ്പ് ഫേക്ക്, സിന്തറ്റിക് കണ്ടെന്റ് എന്നിവ പൊതുജനാഭിപ്രായത്തെ തെറ്റിദ്ധരിപ്പിക്കാനും തിരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കാനും സാധ്യത ഉള്ളതിനാല്‍ ഐ ടി ആക്ട്, ഐ.ടി (ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ്) റൂള്‍സ് 2021, ഭാരതീയ ന്യായസംഹിത 2023, മാതൃക പെരുമാറ്റച്ചട്ടം എന്നിവയിലുള്ള എല്ലാ വ്യവസ്ഥകളും ഇത്തരം ഉള്ളടക്കങ്ങളുടെ നിര്‍മാണത്തിലും പ്രചാരണത്തിലും കൃത്യമായി പാലിക്കണം. ഡീപ് ഫേക്ക് വീഡിയോ, ഓഡിയോ, തെറ്റായ വിവരങ്ങള്‍, സ്ത്രീകളെ അപമാനിക്കുന്ന ഉള്ളടക്കം, കുട്ടികളെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്, മൃഗങ്ങളോടുള്ള ഹിംസ പ്രചരിപ്പിക്കുന്നത് എന്നിവ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.

ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ തദ്ദേശ തിരഞ്ഞെടുപ്പിനും ബാധകമാണ്. എല്ലാ ഇന്റര്‍നെറ്റ് വെബ്‌സൈറ്റുകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും ഐ.ടി. ആക്ടിലെ വ്യവസ്ഥകളും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കണം. പ്രചാരണത്തിന്റെ വിശ്വാസ്യതയും മത്സരത്തിലെ തുല്യതയും ഉറപ്പാക്കുന്നതിന് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണം നടത്തുന്നവരും കൃത്യമായി ശ്രദ്ധിക്കണം.

മീഡിയാ റിലേഷന്‍സ് കമ്മിറ്റിയോ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ നിയമപരമെല്ലന്ന് കണ്ടെത്തി ഉള്ളടക്കം സമൂഹമാധ്യമത്തില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാല്‍ അവ എത്രയും വേഗം നീക്കം ചെയ്യണം. അല്ലാത്തപക്ഷം, നിയമപരമായ നടപടി സ്വീകരിക്കും. സമൂഹ മാധ്യമങ്ങളിലെ പ്രചാരണ പരിപാടികള്‍ സൈബര്‍ പോലീസ് വിഭാഗം നിരീക്ഷിക്കും. വ്യാജ കണ്ടന്റുകള്‍ കണ്ടെത്തുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്താല്‍ നിയമപരമായ നടപടി സ്വീകരിക്കും. വ്യാജമായതോ ദോഷകരമായതോ അപകീര്‍ത്തിപരമായതോ ആയ ഉള്ളടക്കങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതിനെതിരെ നിയമപരമായ നടപടി സ്വീകരിക്കും.

വിവിധ സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളിലെ പ്രത്യേകിച്ച് വാട്‌സ് ആപ് ഗ്രൂപ്പുകളുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷണത്തിന് വിധേയമായിരിക്കും. ഒരാളുടെ രൂപം, ശബ്ദം, സ്വത്വം തുടങ്ങിയവ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ മാറ്റിയും അനുമതി ഇല്ലാതെയും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണം. പാര്‍ട്ടികളുടെ ഔദ്യോഗിക സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ ഇത്തരത്തിലുള്ള ഉള്ളടക്കം കണ്ടെത്തുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്താല്‍ മൂന്നു മണിക്കൂറിനുള്ളില്‍ അത് നീക്കം ചെയ്യണം. കൂടാതെ അവയുടെ സൃഷ്ടിക്ക് ഉത്തരവാദികളായവര്‍ക്ക് മുന്നറിയിപ്പു നല്‍കുകയും വ്യാജ അക്കൗണ്ടുകളും നിയമവിരുദ്ധ വിവരങ്ങളും അതത് പ്ലാറ്റ്‌ഫോമുകള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും വേണം. എ.ഐ. ഉപയോഗിച്ച് നിര്‍മിച്ച എല്ലാ പ്രചാരണ സാമഗ്രികളും സൃഷ്ടിക്കപ്പെട്ട തീയതി, നിര്‍മാതാവിന്റെ വിവരങ്ങള്‍ എന്നിവ ആഭ്യന്തര രേഖകളായി രാഷ്ട്രീയപാര്‍ട്ടികള്‍ സൂക്ഷിക്കുകയും കമ്മീഷണനോ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ വരണാധികാരിയോ ആവശ്യപ്പെട്ടാല്‍ അവ ഹാജരാക്കുകയും വേണം.

തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപീകൃതമായ ജില്ലാതല മീഡിയ റിലേഷന്‍സ് സമിതിയുടെ നേതൃത്വത്തിലാണ് മാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങളും വാര്‍ത്തകളും നിരീക്ഷിക്കുക. ജില്ലാ കളക്ടര്‍ ചെയര്‍മാനായും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ് കണ്‍വീനറായുമാണ് മീഡിയ റിലേഷന്‍സ് സമിതി രൂപീകരിച്ചിട്ടുള്ളത്. വിവിധ മാധ്യമങ്ങളില്‍ വരുന്ന വ്യാജ വാര്‍ത്തകളും പരാതികളും മീഡിയ റിലേഷന്‍സ് സമിതിയുടെ നോഡല്‍ ഓഫീസറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് നേരിട്ടോ ഇമെയില്‍ വഴിയോ നല്‍കാം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണ് ജില്ലാതല മീഡിയ റിലേഷന്‍സ് സമിതിയുടെ അപ്പലേറ്റ് കമ്മിറ്റി.

ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സമിതിയംഗങ്ങളായ ഇന്‍ഫര്‍മേഷന്‍സ് ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ സി.മണിലാല്‍, ജില്ലാ നിയമ ഓഫീസര്‍ എം.ആര്‍. അജേഷ്, മലപ്പുറം പ്രസ് ക്ലബ്ബ് സെക്രട്ടറിയും മംഗളം ദിനപത്രം ബ്യൂറോ ചീഫുമായ വി.പി. നിസാര്‍, മാധ്യമ പ്രവര്‍ത്തകനും സോഷ്യല്‍ മീഡിയ വിദഗ്ധനുമായ മുഹമ്മദ് ഷാഫി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എഡിറ്റര്‍ ഐ.ആര്‍. പ്രസാദ്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അനിഷ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.