മലപ്പുറം ജില്ലാ കളക്ടർ വി.ആർ. വിനോദിന്റെ നേതൃത്വത്തിൽ ഭിന്നശേഷിയുള്ള ഉദ്യോഗാർഥികൾക്ക് പി.എസ്.എസി. പരിശീലനം നൽകുന്ന പദ്ധതിയായ ‘ഒപ്പം’ വഴി ജോലി ലഭിച്ച കോഡൂർ സ്വദേശിയായ മുഹമ്മദിനെ കളക്ടറുടെ ചേംബറിൽ അനുമോദിച്ചു. മുഹമ്മദിന്റെ ജീവിതം സുരക്ഷിതമായെന്നും,വലിയ നേട്ടമാണിതെന്നും ജില്ലാ കളക്ടർ വി. ആർ.വിനോദ് പറഞ്ഞു.
വേങ്ങര വി എച്ച്. എസ്. സി. സ്കൂളിൽ ഓഫീസ് അറ്റൻഡന്റ് ആയാണ് മുഹമ്മദ് ജോലിയിൽ പ്രവേശിക്കുന്നത്. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന വ്യക്തികൂടെയാണ് മുഹമ്മദ്. 2016 ഭിന്നശേഷി അവകാശ നിയമത്തിൽ നിഷ്കർശിച്ച നാലു ശതമാനം സർക്കാർ ജോലിയിലുള്ള സംവരണത്തിൽ ഒരു ശതമാനം ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർക്ക് സർക്കാർ നീക്കി വെച്ചിട്ടുണ്ട്. ഈ സംവരണത്തിലാണ് മുഹമ്മദിന് ജോലി ലഭ്യമായത്.
‘ഒപ്പം’ പി. എസ്. സി കോച്ചിങ് ആൻഡ് മെന്റർഷിപ്പിലൂടെ സർക്കാർ ജോലി ലഭിച്ച നിരവധി പേരിൽ ഒരാളാണ് മുഹമ്മദ്. സാമൂഹ്യനീതി ഓഫിസർ സമീർ മച്ചിങ്ങൽ,കോഡൂർ ബാങ്ക് സെക്രട്ടറി വിശ്വനാഥൻ, ആക്സസ് ജനറൽ സെക്രട്ടറി അബ്ദുൽ നാസർ, ആക്സസ് ട്രെഷറർ ബഷീർ മമ്പുറം,’ ഒപ്പം’ പ്രൊജക്റ്റ് കോർഡിനേറ്റർ കെ. റയീസ്, മുഹമ്മദിന്റെ കുടുംബം തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
