കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ബാലനീതി, പോക്‌സോ, സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള കുട്ടികളുടെ അവകാശം (ആര്‍.ടി.ഇ) നിയമങ്ങള്‍ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായി കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകന യോഗം ചേര്‍ന്നു. ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച യോഗത്തില്‍ ജില്ലയിലെ വിവിധ വകുപ്പ് മേധാവികളും പ്രതിനിധികളും പങ്കെടുത്തു. കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ നേരിടുന്ന പ്രായോഗിക വെല്ലുവിളികളെക്കുറിച്ചും പരിഹാര മാര്‍ഗങ്ങളെക്കുറിച്ചും യോഗത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നു.

ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗങ്ങളായ കെ.കെ ഷാജു, ഷാജേഷ് ഭാസ്‌കര്‍ എന്നിവര്‍ യോഗത്തിന് നേതൃത്വം നല്‍കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കായി കമ്മീഷന്‍ തയ്യാറാക്കിയ പ്രത്യേക ചോദ്യാവലിക്കുള്ള മറുപടികള്‍ യോഗത്തില്‍ സ്വീകരിച്ചു. ഭാവി തലമുറയുടെ ഉന്നമനം ലക്ഷ്യമിട്ട്, കുട്ടികളുടെ അവകാശങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന രീതിയില്‍ ഉദ്യോഗസ്ഥരുടെ മനോഭാവത്തില്‍ മാറ്റം വരണമെന്നും വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചു പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്നും കമ്മീഷന്‍ അംഗങ്ങള്‍ ഓര്‍മ്മിപ്പിച്ചു. എ.ഡി.എം കെ.സുനില്‍കുമാര്‍, സി.ഡബ്ല്യു.സി ചെയര്‍പേഴ്സണ്‍ സേതുമാധവന്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പ്രേംന മനോജ്, സി.ഡബ്ല്യു.സി അംഗങ്ങള്‍, ജെ.ജെ.ബി അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. ചൈല്‍ഡ് ഹെല്‍പ് ലൈന്‍ ജില്ലാ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ പി.ആര്‍ രജിത പരിപാടിയില്‍ പങ്കെടുത്തു.