പാലക്കാട് ജില്ലയിലെ ബാങ്കിങ് മേഖലയുടെ കഴിഞ്ഞ പാദത്തിലെ (സെപ്റ്റംബര്‍ 2025) പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി ജില്ലാതല അവലോകന സമിതി (DLRC) യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം നടന്നത്.
ജില്ലയിലെ ബാങ്കിങ് മേഖലയില്‍ നിക്ഷേപത്തിലും വായ്പാ വിതരണത്തിലും മികച്ച വളര്‍ച്ച രേഖപ്പെടുത്തിയതായി യോഗം വിലയിരുത്തി. സെപ്റ്റംബര്‍ 2025 വരെയുള്ള കണക്കുകള്‍ പ്രകാരം ജില്ലയിലെ ആകെ നിക്ഷേപം 62,983 കോടി രൂപയായും വായ്പകള്‍ 45,777 കോടി രൂപയായും വര്‍ധിച്ചിട്ടുണ്ട്. ജില്ലയുടെ വായ്പാ-നിക്ഷേപ അനുപാതം (CD Ratio) 72.68 ശതമാനമാണ്. ജില്ലയുടെ വാര്‍ഷിക വായ്പാ പദ്ധതിയുടെ (ACP) ഭാഗമായി മുന്‍ഗണനാ മേഖലകളില്‍ 12,500 കോടി രൂപയുടെ വായ്പകള്‍ വിതരണം ചെയ്തു.
ഇത് ലക്ഷ്യത്തിന്റെ 54.11 ശതമാനമാണ്. കാര്‍ഷിക മേഖലയില്‍ സെപ്റ്റംബര്‍ പാദം വരെ 8,510 കോടി രൂപയുടെ വായ്പകള്‍ വിതരണം ചെയ്തിട്ടുണ്ട്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (KCC), അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് (AIF) തുടങ്ങിയ പദ്ധതികളുടെ പുരോഗതിയും യോഗം ചര്‍ച്ച ചെയ്തു. പി.എം വിശ്വകര്‍മ്മ, പി.എം.ഇ.ജി.പി (PMEGP), പി.എം മുദ്ര യോജന തുടങ്ങിയ പദ്ധതികളുടെ പുരോഗതി ബാങ്കുകള്‍ വിശദീകരിച്ചു. പി.എം സൂര്യഘര്‍ മുഫ്ത് ബിജ്ലി യോജന പദ്ധതിയുടെ കണക്കുകളും യോഗം വിലയിരുത്തി.
പി.എം.ജെ.ജെ.ബി.വൈ, പി.എം.എസ്.ബി.വൈ, അടല്‍ പെന്ഷന് യോജന എന്നീ പദ്ധതികളില്‍ ജില്ലയില്‍ വലിയ തോതിലുള്ള എന്റോള്‍മെന്റുകള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കൂടാതെ, ജില്ലയിലെ 88 ഗ്രാമപഞ്ചായത്തുകളിലും ജനസുരക്ഷാ ക്യാമ്പയിനുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി.
വായ്പാ-നിക്ഷേപ അനുപാതം കുറഞ്ഞ ബാങ്കുകള്‍ അത് വര്‍ദ്ധിപ്പിക്കുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ സമര്‍പ്പിക്കാന്‍ റിസര്‍വ് ബാങ്ക് പ്രതിനിധി നിര്‍ദ്ദേശിച്ചു. എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്കുള്ള വായ്പകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ബാങ്കുകളോട് ആവശ്യപ്പെട്ടു.
കുടുംബശ്രീ ബാങ്ക് ലിങ്കേജ് വായ്പകള്‍ നല്കുമ്പോള് ആര്.ബി.ഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും യോഗം ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്കി.
യോഗത്തില്‍ റിസര്‍വ് ബാങ്ക് എല്‍.ഡി.ഒ മുത്തുകുമാര്‍, ലീഡ് ഡിസ്ട്രിക്റ്റ് ഡിവിഷണല്‍ മാനേജര്‍ പി.ടി. അനില്‍കുമാര്‍, നബാര്‍ഡ് ഡി.ഡി.എം. കവിതാ റാം, കനറാ ബാങ്ക് ഡി.എം. സുരേഷ്കുമാര്‍, വിവിധ ബാങ്ക് പ്രതിനിധികള്‍, സര്‍ക്കാര്‍ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.
