നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം വികസന ക്ഷേമ പഠന പരിപാടിയുടെ ഭാഗമായി നെന്മാറ മണ്ഡലത്തിലെ കര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള ദ്വിദിന പരിശീലന പരിപാടിയ്ക്ക് തുടക്കമായി. പല്ലശ്ശന, എലവഞ്ചേരി ഗ്രാമ പഞ്ചായത്തിലെ കര്‍മ്മ സേനാംഗങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കിയത്. എണ്‍പതോളം പേര് പരിപാടിയുടെ ഭാഗമായി.
ജനങ്ങളില്‍ നിന്ന് വികസന നിര്‍ദ്ദേശങ്ങളും ക്ഷേമ പദ്ധതികള്‍ സംബന്ധിച്ച അഭിപ്രായങ്ങളും ആശയങ്ങളും ലഭ്യമാക്കുന്നതിനും പ്രാദേശികമായി വികസന ആവശ്യങ്ങള്‍ മനസ്സിലാക്കി ആസൂത്രണം നടത്തുന്നതിനുമായി അഭിപ്രായങ്ങള്‍ സമാഹരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഇതിന്റെ തുടര്‍ച്ചയായി 2026 ജനുവരി ഒന്നു മുതല്‍ 31 വരെ ഗൃഹ സന്ദര്‍ശന പരിപാടി നടക്കും.
കൊല്ലംകോട് സി. വാസുദേവ മേനോന് മെമ്മോറിയല്‍ ഹാളില്‍ നടന്ന പരിപാടിയില്‍ മണ്ഡലതല ചാര്‍ജ്ജ് ഓഫീസര്‍ പി. മണികണ്ഠന് പദ്ധതി വിശദീകരണം നല്കി. റിസോഴ്സ് പേഴ്സണ്‍മാരായ വി. രാധാകൃഷ്ണന്, പി. ഗീത, സി. രാമകൃഷ്ണന്, എന്നിവര്‍ പരിശീലന പരിപാടിയ്ക്ക് നേതൃത്വം നല്കി. ഇന്ന് (ഡിസംബര്‍ 31 ന് ) പരിശീലന പരിപാടി സമാപിക്കും.
