ഏറ്റവും ജനസംഖ്യയുള്ള മലപ്പുറം ജില്ലയില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി,സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ ഗണ്യമായ കുറവുണ്ടെന്നും ഇത് പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ജില്ലാ വികസന സമിതിയോഗം ആവശ്യപ്പെട്ടു. ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ എം.എല്‍.എമാരായ പി. അബ്ദുല്‍ ഹമീദ്, കുറുക്കോളി മൊയ്തീന്‍ എന്നിവരാണ് ആവശ്യമുന്നയിച്ചത്. ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികളില്‍ ആരോഗ്യ വകുപ്പ് 202 സൂപ്പര്‍ സ്പെഷ്യാലിറ്റി, സ്പെഷ്യാലിറ്റി തസ്തികകള്‍ അനുവദിച്ചപ്പോള്‍ മലപ്പുറം ജില്ലയില്‍ ആകെ നാല് തസ്തികകള്‍ മാത്രമാണ് അനുവദിച്ചതെന്നും ജനസംഖ്യാനുപാതികമായ തസ്തികകള്‍ അനുവദിച്ചില്ലെന്നും എം.എല്‍.എമാര്‍ ഉന്നയിച്ചു.
ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് 595 ഡോക്ടര്‍ തസ്തികകള്‍ സൃഷ്ടിക്കാനുള്ള പ്രപ്പോസല്‍ നല്‍കിയിട്ടുണ്ടെന്നു ഡി.എം.ഒ. മറുപടി നല്‍കി. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ മുഖേന ഈ വിഷയത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍.വിനോദ് നിര്‍ദേശിച്ചു.
തിരൂര്‍ ജില്ലാ ആശുപത്രിയില്‍ അര്‍ബുദ രോഗികള്‍ക്ക് മരുന്നിന് വളരെയധികം കാലതാമസം നേരിടുന്നുണ്ടെന്നും പണമടച്ചിട്ടും കെ.എം.സി.എല്ലില്‍ നിന്ന് മരുന്ന് ലഭ്യമാകുന്നല്ലെന്നും ഈ പ്രതിസന്ധി പരിഹരിക്കണമെന്നും കുറുക്കോളി മൊയതീന്‍ എം.എല്‍.എ. ആവശ്യപ്പെട്ടു. കെ.എം.സി.എല്ലില്‍ ബന്ധപ്പെട്ട് ഈ വിഷയത്തില്‍ അടിയന്തര പരിഹാരം കാണണമെന്ന് ജില്ലാ കളക്ടര്‍ ഡി.എം.ഒ.ക്ക് നിര്‍ദേശം നല്‍കി. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഞായര്‍ ഒഴികെ എല്ലാ ദിവസവും ക്യാന്‍സര്‍ ഒ.പി.യും കീമോ തെറാപ്പിയും നല്‍കി വരുന്നുണ്ടെന്ന് ഡി.എം.ഒ. യോഗത്തില്‍ അറിയിച്ചു. ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തില്‍ മതിയായ ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ലാത്തതിനാല്‍ മാമോഗ്രാം, കീമോതെറാപ്പി എന്നിവ ഒന്നിടവിട്ട ദിവസങ്ങളിലാണ് നടക്കുന്നതെന്ന് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ. ഉന്നയിച്ച വിഷയത്തലാണ് ഡി.എം.ഒ അറിയിച്ചത്. മാമോഗ്രാം മെഷീന്‍ പ്രയോജനം രോഗികള്‍ക്ക് ഫലപ്രദമായി ലഭ്യമാക്കണമെന്നും എം.എല്‍.എ.ആവശ്യപ്പെട്ടു.
ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാമൂഹികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയതു വഴി ഇവയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിച്ചതോടാപ്പം ഒ.പി.സമയം വൈകീട്ട് ആറുവരെ വര്‍ധിപ്പിക്കാന്‍ സാധിച്ചുവെന്നു എന്‍.എച്ച്.എം. ഡി.പി.എം. യോഗത്തില്‍ അറിയിച്ചു. മാത്രമല്ല, ആശുപത്രികള്‍ ഭിന്നശേഷി സൗഹൃദമാക്കാന്‍ സാധിച്ചുവെന്നും സ്പെഷ്യലൈസ്ഡ് ചികിത്സകള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ 85 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായും 15 സി.എഎച്ച്.സി.കളെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളായും ഉയര്‍ത്തി അധിക പി.എസ്.സി.തസ്തികകള്‍ സൃഷ്ടിക്കാനും കഴിഞ്ഞു.
ദേശീയപാതയില്‍ എല്ലായിടത്തും സര്‍വീസ് റോഡുകള്‍ വണ്‍വേ ആക്കുന്നത് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി പുനഃപരിശോധിക്കണമെന്നും വീതി കൂടിയ സ്ഥലങ്ങളായ യൂണിവേഴ്സിറ്റി, കോഹിനൂര്‍, ഇടിമൂഴിക്കല്‍ എന്നീ ഭാഗങ്ങള്‍ ടു വേ ആക്കണമെന്നും പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ.ആവശ്യപ്പെട്ടു. അപകടങ്ങള്‍ ഒഴിവാക്കാനായി പൊലീസ്, ആര്‍.ടി.ഒ. റിപ്പോര്‍ട്ട് പ്രകാരമാണ് തീരുമാനം എടുത്തതെന്നും വിഷയം വീണ്ടും പരിശോധിക്കാമെന്നും കളക്ടര്‍ അറിയിച്ചു.
ജില്ലയില്‍ എസ്.ഐ.ആറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും പുതുതായി വന്ന 784 പോളിങ് സ്റ്റേഷനുകളിലേയ്ക്ക് ബി.എല്‍.ഒ.മാരെ ഇന്ന് (ചൊവ്വ) നിയമിക്കുമെന്നും ബി.എല്‍.എ.മാരെ നിയമിക്കുന്നതില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. എസ്.ഐ.ആര്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ.യുടെ ചോദ്യത്തിന് മറുപടിയായാണ് ജില്ലാ കളക്ടര്‍ ഇക്കാര്യമറിയിച്ചത്. ജില്ലയില്‍ പൊന്നാനി, തവനൂര്‍ മണ്ഡലങ്ങളിലാണ് കൂടുതലാളുകളെ ഇനിയും വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാനായി കണ്ടെത്താനുള്ളത്. ബി.എല്‍.ഒ., ബി.എല്‍.എ മാര്‍ സംയുക്തമായി പരിശ്രമിക്കുന്നതിലൂടെ ഏറ്റവും മികച്ച രീതിയില്‍ എസ്.ഐ.ആര്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടം ജാഗ്രത പുലര്‍ത്തണമെന്ന കെ.പി.എ.മജീദ് എം.എല്‍.എ.ആവശ്യപ്പെട്ടു. എസ്.ഐ.ആറില്‍ പ്രവാസികളുടെ ജനനസ്ഥലം രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയം പരിഹരിക്കണമെന്ന് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
ക്വാറി സാമഗ്രികളുടെ വിലക്കയറ്റത്തെ തുടര്‍ന്ന നിര്‍മാണ മേഖല പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്ന് പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ. യോഗത്തില്‍ ശ്രദ്ധയില്‍ പെടുത്തി. നിലവില്‍ ക്വാറികളെല്ലാം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ദൗര്‍ലഭ്യമുണ്ടെന്നും ഉടന്‍ ബന്ധപ്പെട്ടവരുമായുള്ള യോഗം ചേര്‍ന്ന് ക്വാറി സാമഗ്രികളുടെ വിലനിയന്ത്രണത്തിനായി ഉടന്‍ യോഗം ചേരുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ജില്ലയിലെ അക്ഷയ ആധാര്‍ അഡ്മിന്‍ പദവി മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയം ജില്ലാ കളക്ടര്‍ ഹിയറിങ് നടത്തി ഐ.ടി. ഡയറക്ടര്‍ക്ക് തീരുമാനത്തിനായി നല്‍കിയിട്ടുണ്ടെന്നു വിഷയം ഐ.ടി.മിഷന്‍ ഡയറക്ടറുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. അക്ഷയ കേന്ദങ്ങളില്‍ റേറ്റ് ചാര്‍ട്ട് പ്രദര്‍ശിപ്പിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. ഡോ. എ.പി.അബ്ദുസമദ് സമദാനിയുടെ പ്രതിനിധിയാണ് വിഷയം യോഗത്തില്‍ ഉന്നയിച്ചത്.
തെരുവുനായ ശല്യം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ തെരുവുനായകളുടെ പുനരധിവാസത്തിനായി ജില്ലയില്‍ എ.ബി.സി. സെന്റര്‍ തുടങ്ങുന്നതിനായി ഏറനാട് താലൂക്കില്‍ സ്ഥലം ലഭ്യമാക്കാന്‍ കഴിയുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മങ്കട, ചീക്കോട്, കൊണ്ടോട്ടി എന്നീ സ്ഥലങ്ങള്‍ പരിഗണിച്ചിരുന്നെങ്കിലും വഴി സൗകര്യമില്ലാത്തതിനാല്‍ ഒഴിവാക്കുകയായിരുന്നു- കളക്ടര്‍ പറഞ്ഞു. തെരുവുനായ ശല്യം കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ.യാണ് ഉന്നയിച്ചത്. 2023 മുതല്‍ നെല്‍കര്‍ഷകര്‍ക്കുള്ള വിള ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കിയിട്ടുണ്ടോയെന്ന കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ.യുടെ ചോദ്യത്തിന് 31-5-2024 വരെയുള്ള തുക നല്‍കിയിട്ടുണ്ടെന്നും 10.93 കോടി രൂപ ഈയിനത്തില്‍ കിട്ടാനുണ്ടെന്നും തുക ലഭ്യമായാല്‍ വിതരണം ചെയ്യുമെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. കിഫ്ബിയുടെ കീഴിലെ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ച വിവരം ബന്ധപ്പെട്ട വകുപ്പുകള്‍ ലഭ്യമാക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. തിരൂര്‍ മണ്ഡലത്തിലെ കിഫ്ബി നിര്‍മാണ പുരോഗതിയെക്കുറിച്ചുളള ചോദ്യത്തിനാണ് കളക്ടര്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയത്.
മഞ്ചേരി ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പട്ടിക്കാട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയുടെ നിര്‍മാണം സംബന്ധിച്ച് യു.എ.ലത്തീഫ് എം.എല്‍.എ.ചോദ്യമുന്നയിച്ചു. മഞ്ചേരി ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നിര്‍മാണം പുരോഗമിക്കുകയാണെന്നും പട്ടിക്കാട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നിര്‍മാണത്തിനായി സ്ഥലപരിശോധന നടത്തി വരികയാണെന്നും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. മഞ്ചേരി-നെല്ലിപ്പറമ്പ് റോഡ് പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്നും പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ യു.എ.ലത്തീഫ് എം.എല്‍.എ.യുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
താഴേക്കാട് ഗ്രാമപഞ്ചായത്തിലെ ആറു വാര്‍ഡുകളിലെ ജലദൗര്‍ലഭ്യം പരിഹരിക്കുന്നതിനുള്ള പദ്ധതിയുടെ കമീഷനിങ് ഉടന്‍ ആരംഭിക്കുമെന്ന് ജലഅതോറിറ്റി വിഭാഗം അറിയിച്ചു. താഴെക്കാട് പഞ്ചായത്തിലെ അമ്മിനിക്കാട് പരിസരത്തെ ജലദൗര്‍ലഭ്യം നജീബ് കാന്തപുരം എം.എല്‍.എയാണ് ഉന്നയിച്ചത്.
