സംസ്ഥാനത്തിന്റെ വികസനത്തിനായി ജനങ്ങളിൽനിന്ന് ആശയങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കാൻ ലക്ഷ്യമിടുന്ന നവകേരളം സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാമിന്റെ ഭാഗമായുള്ള ഭവന സന്ദർശനത്തിന് ഇടുക്കി ജില്ലയിൽ തുടക്കമായി. വിരമിച്ച ഐ.പി. എസ് ഉദ്യോഗസ്ഥൻ കെ.ജി സൈമണിൻ്റെ തൊടുപുഴയിലെ വസതിയിലാണ് സന്നദ്ധ പ്രവർത്തകർ എത്തി ആദ്യം വിവര ശേഖരണം നടത്തിയത്. അദ്ദേഹത്തിന് മുഖ്യമന്ത്രിയുടെ കത്തും ബ്രോഷറും കൈമാറി. സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാം ജില്ലാ നിർവഹണ സമിതി അംഗം കെ.കെ. ഷാജി, തൊടുപുഴ നിയോജകമണ്ഡലം ചാർജ് ഓഫീസർ ബിജു സെബാസ്റ്റ്യൻ എന്നിവരും സന്നിഹിതരായിരുന്നു.

സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്ന കെസ്മാർട്ട് പോലുള്ള പദ്ധതി ജനോപകാരപ്രദമാണെന്നും കാലതാമസം ഇല്ലാതെതന്നെ സേവനങ്ങൾ സമയബന്ധിതമായി ലഭിക്കുന്നത് നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. സാധാരണ ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ ലഭ്യമാകുന്നുണ്ടോയെന്ന് കൃത്യമായി നിരീക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.കാർഷിക മേഖല നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നും വിലവർധനവിന് പരിഹാരം വേണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
കവിയും എഴുത്തുകാരനുമായ അനുകുമാർ തൊടുപുഴയുടെ മുതലക്കുടത്തെ വീട്ടിലും പദ്ധതിയുടെ ഭാഗമായി സന്നദ്ധ പ്രവർത്തകർ സന്ദർശനം നടത്തി. സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് യഥാവിധി എത്തുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും ക്ഷേമ പെൻഷൻ, സ്ത്രീ സുരക്ഷ,വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാണെന്നും അദ്ദേഹം പറഞ്ഞു.
പരിശീലനം നേടിയ സന്നദ്ധ പ്രവർത്തകരാണ് സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാമിന്റെ ഭാഗമായുള്ള വിവര ശേഖരണത്തിന് ഭവന സന്ദർശനം നടത്തുന്നത്. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ചെയർമാനായുള്ള സമിതിയാണ് ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. നിയമസഭാ നിയോജകമണ്ഡലം തലത്തിൽ ചാർജ് ഓഫീസർമാർ പരിശീലനത്തിന്റെയും ഭവന സന്ദർശനത്തിന്റെയും മേൽനോട്ടം നിർവഹിക്കുന്നു.
ജനങ്ങളില്‍നിന്ന് വികസന നിര്‍ദ്ദേശങ്ങളും ക്ഷേമപദ്ധതികള്‍ സംബന്ധിച്ച അഭിപ്രായങ്ങളും ആശയങ്ങളും ലഭ്യമാക്കാനും, പ്രാദേശികമായ വികസന ആവശ്യങ്ങള്‍ മനസ്സിലാക്കി ആസൂത്രണം നടത്താനും, അഭിപ്രായങ്ങള്‍ സമാഹരിക്കാനുമാണ് ഫെബ്രുവരി 28 വരെ നടക്കുന്ന ഗൃഹസന്ദര്‍ശന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
പരിപാടിയില്‍ അംഗങ്ങളാകാന്‍ സന്നദ്ധത അറിയിച്ചിട്ടുള്ള സന്നദ്ധപ്രവര്‍ത്തകരാണ് ഗൃഹസന്ദര്‍ശനം നടത്തുന്നത്. ഓരോ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, വാര്‍ഡുകളിലും രണ്ടുപേരടങ്ങുന്ന വിവിധ ടീമുകളാണ് പഠന പ്രവര്‍ത്തനം നടത്തുന്നത്.
ജില്ലയിലെ എല്ലാ വീടുകളും സന്ദര്‍ശിക്കാനാണ് ലക്ഷ്യമിടുന്നത്. ശേഖരിക്കുന്ന വിവരങ്ങളും നിര്‍ദ്ദേശങ്ങളും മൊബൈല്‍ ആപ്പ് വഴി രേഖപ്പെടുത്തും. ​