അധ്യയന വർഷം അവസാനിക്കും മുൻപ് പാഠപുസ്തക വിതരണം പൂർത്തിയാക്കിയത് മികച്ച മാതൃക: മുഖ്യമന്ത്രി
അടുത്ത അധ്യയന വർഷത്തേക്കുള്ള വിദ്യാർഥികളുടെ പാഠപുസ്തക, സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. അധ്യയന വർഷം അവസാനിക്കുന്നതിന് മുമ്പ് തന്നെ അടുത്ത വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാൻ കഴിഞ്ഞത് മികച്ച മാതൃകയും സന്തോഷകരവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒൻപതാം ക്ലാസിലെ വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി പഠനത്തിനായി അവധിക്കാലം ഗൗരവമായി വിനിയോഗിക്കുന്നുണ്ടെന്നും, അവധിക്കാലത്ത് തന്നെ അടുത്ത ക്ലാസിലേക്കുള്ള പാഠപുസ്തകങ്ങൾ ലഭ്യമാകുന്നത് പഠനത്തിന് സഹായകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അവധിക്കാല വിനോദങ്ങൾക്ക് പുറമെ നിർദ്ദിഷ്ട സമയം പഠനത്തിനായി ഉപയോഗിക്കാൻ വിദ്യാർഥികൾക്ക് കഴിയുന്ന രീതിയിലാണ് മുൻകൂട്ടി പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്.
പാഠപുസ്തക വിതരണം ഇപ്പോൾ കൃത്യസമയത്ത് നടക്കുന്നത് കഴിഞ്ഞ പത്ത് വർഷത്തിനിടെയുള്ള വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങളാലാണ്. 2016-ന് മുൻപ് പാഠപുസ്തക വിതരണം വൈകിയിരുന്ന കാലം ഉണ്ടായിരുന്നുവെന്നും, അധ്യാപകർ ഫോട്ടോസ്റ്റാറ്റ് പകർപ്പുകൾ നൽകി പഠനം മുന്നോട്ട് കൊണ്ടുപോകേണ്ട സാഹചര്യം നിലനിന്നിരുന്നു. സമയബന്ധിതമായി പ്രിന്റിംഗ് ഓർഡർ നൽകാത്തതിനാലും ഭരണപരമായ നടപടിക്രമങ്ങളിലെ വൈകലും പുസ്തകങ്ങൾ ലഭിക്കാത്തതിന് കാരണമായി.
വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ ഇടപെടലുകൾ നടത്തി സാഹചര്യം മാറ്റാൻ ഈ ഗവൺമെന്റിന് കഴിഞ്ഞു. ഒരുകാലത്ത് അഞ്ചു ലക്ഷത്തോളം കുട്ടികൾ പൊതു വിദ്യാഭ്യാസ മേഖലയിൽ നിന്ന് വിട്ടുപോയതും ആയിരത്തോളം സ്കൂളുകൾ അടച്ചുപൂട്ടൽ ഭീഷണി നേരിട്ടതുമായ അവസ്ഥ മാറി. 5000 കോടി രൂപ ചെലവഴിച്ച് സ്കൂളുകൾ നവീകരിക്കുകയും സ്മാർട്ട് ക്ലാസ് മുറികൾ സജ്ജമാക്കുകയും ചെയ്തതിന്റെ ഫലമായി കേരളം ഉയർന്ന അക്കാദമിക് നിലവാരം കൈവരിച്ചു.
പാഠപുസ്തക വിതരണം വിമർശിക്കുന്നവർ ചരിത്രം ഓർക്കേണ്ടതുണ്ടെന്നും, അക്ഷരജ്ഞാനം പോലും നിഷേധിക്കപ്പെട്ട കാലത്ത് നിന്ന് ഇന്ന് എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പാക്കിയ നിലയിലേക്കാണ് കേരളം എത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ കുടുംബങ്ങൾക്ക് വിദ്യാഭ്യാസത്തോട് വലിയ താൽപര്യമുണ്ട്, സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ യൂണിഫോമും പുസ്തകങ്ങളും എത്തിക്കുന്ന സംവിധാനം കൂടുതൽ ശക്തിപ്പെടുത്തും.
തീരുമാനമെടുക്കുന്ന സമയത്ത് ഏകദേശം 600 രൂപ വിലവരുന്ന ഗുണമേന്മയുള്ള കൈത്തറി യൂണിഫോമാണ് സർക്കാർ വിതരണം ചെയ്യുന്നത്. ഇത് വിദ്യാർത്ഥികൾക്ക് മികച്ച വസ്ത്രം ലഭ്യമാക്കുന്നതിനൊപ്പം കൈത്തറി തൊഴിലാളികൾക്ക് പിന്തുണ നൽകുന്നതുമായി മാറി. അടുത്ത അധ്യയന വർഷത്തിൽ പുതിയ യൂണിഫോമും പാഠപുസ്തകങ്ങളുമായി സ്കൂളിലെത്തുന്ന വിദ്യാർത്ഥികൾക്ക് എല്ലാ വിധ ആശംസകളും നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ വിദ്യാർഥികൾക്ക് പാഠ പുസ്തകങ്ങളും കൈത്തറി യൂണിഫോമും മുഖ്യമന്ത്രി വിതരണം ചെയ്തു.
പട്ടം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായ ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി സ്വാഗതം ആശംസിച്ചു. വി. കെ. പ്രശാന്ത് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എൻ. എസ്. കെ. ഉമേഷ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
