പരാതി പരിഹാരത്തിന് ഉപരിയായി ഉപഭോക്തൃകാര്യ വകുപ്പിനെ ശക്തമായ ഒരു എൻഫോഴ്‌സ്മെന്റ് ഏജൻസിയാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഭക്ഷ്യ, പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ. ‘വിഷൻ 2031’ പദ്ധതിയുടെ ഭാഗമായാണ് ഈ മാറ്റം വിഭാവനം ചെയ്യുന്നത്. സംസ്ഥാന ഉപഭോക്തൃകാര്യ വകുപ്പ് സംഘടിപ്പിച്ച ദ്വിദിന ശില്പശാല തിരുവനന്തപുരം എസ് പി ഗ്രാൻഡ് ഡെയ്‌സ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സാമൂഹ്യ സുസ്ഥിര വികസന സൂചികകളിൽ കേരളം രാജ്യത്ത് ഒന്നാമതാണ്, സേവനങ്ങളുടെ കാര്യത്തിലും ഈ മികവ് നിലനിർത്താൻ സർക്കാർ പരിശ്രമിക്കുന്നുണ്ട്. മൾട്ടി ലെവൽ മാർക്കറ്റിംഗ് കമ്പനികളെ നിയന്ത്രിക്കുന്നതിനായി കേരളം കൊണ്ടുവന്ന മോണിറ്ററിംഗ് സംവിധാനം വലിയ വിജയമാണ്. കേന്ദ്ര സർക്കാരും മറ്റ് സംസ്ഥാനങ്ങളും അത് മാതൃകയാക്കുകയാണ്. ഓൺലൈൻ വ്യാപാരം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പുതിയ തരം തട്ടിപ്പുകൾ തടയാൻ നിയമങ്ങൾ പരിഷ്‌കരിക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം പരാതികൾ ഓൺലൈനായി ഫയൽ ചെയ്യാനും ഫീസ് അടയ്ക്കാനും ‘ഇ-ദാഖിൽ’ സംവിധാനമുണ്ട്. ഗ്രാമപ്രദേശങ്ങളിലുള്ളവർക്കും ജനസേവന കേന്ദ്രങ്ങൾ വഴി ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. എന്നാൽ ഈ സംവിധാനങ്ങളെക്കുറിച്ച് ജനങ്ങളിൽ വേണ്ടത്ര അവബോധം ഇല്ലാത്തത് ഒരു വെല്ലുവിളിയാണ്. ഉപഭോക്തൃ നിയമങ്ങളെക്കുറിച്ചും പരാതി നൽകേണ്ട രീതികളെക്കുറിച്ചും ജനങ്ങളെ ബോധവൽക്കരിക്കാൻ സർട്ടിഫിക്കറ്റ് കോഴ്‌സ് ആരംഭിക്കുന്നത് പരിഗണനയിലുണ്ട്. കൂടാതെ, ഉപഭോക്തൃ അവബോധം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു

ഇ-കോമേഴ്സ് ഇടപാടുകൾ, ഡിജിറ്റൽ പേമെന്റുകൾ, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, സാമ്പത്തിക കുറ്റകൃത്യങ്ങൾ തുടങ്ങിയ വെല്ലുവിളികൾ നേരിടുന്നതിന് ഉപഭോക്താക്കൾക്ക് നിയമപരവും പ്രായോഗികവുമായ അറിവുകൾ നൽകി അവരെ ശാക്തീകരിക്കേണ്ടത് അനിവാര്യമാണ്. എല്ലാ ജില്ലകളിലും ഉപഭോക്താക്കൾക്കായി സൗജന്യ നിയമസഹായ കേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ട്. കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി മീഡിയേഷൻ സെല്ലുകൾ രൂപീകരിക്കുകയും അദാലത്തുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. സ്‌കൂളുകളിലും കോളേജുകളിലും കൺസ്യൂമർ ക്ലബ്ബുകൾ സജീവമാക്കുമെന്നും എൻ.എസ്.എസുമായി സഹകരിച്ച് ബോധവൽക്കരണ പരിപാടികൾ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

ഉപഭോക്തൃ വകുപ്പ് നിർമ്മിച്ച ബോധവൽക്കരണ പരസ്യ വീഡിയോകളുടെ ഉദ്ഘാടനം ചടങ്ങിൽ മന്ത്രി നിർവഹിച്ചു. വയനാട് ജില്ലയിലെ എല്ലാ സ്‌കൂളുകളിലും കൺസ്യൂമർ ക്ലബ്ബുകൾ ആരംഭിക്കുന്നതിനായി പ്രവർത്തിച്ച ജീവനക്കാരെ മന്ത്രി അനുമോദിച്ചു.

പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ ഹിമ കെ സ്വാഗതം ആശംസിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ ജി. വേണുഗോപാൽ അധ്യക്ഷനായി.