മലപ്പുറം ജില്ലയുടെ കിഴക്കന്‍ മേഖലയിലെ വൈദ്യുതി വിതരണ രംഗത്ത് വന്‍ മാറ്റമുണ്ടാക്കുന്ന തിരുവാലി 110 കെവി സബ്സ്റ്റേഷന്‍ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. 2060 ഓടുകൂടി കേരളത്തിൽ പവർകട്ട് ഇല്ലാതാക്കുമെന്ന് മന്ത്രി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
2016 മുതലുള്ള കാലയളവിൽ മലപ്പുറത്തിന്റെ വൈദ്യുതി മേഖലയിൽ വൻ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. പ്രദേശത്ത് തടസ്സമില്ലാതെ വൈദ്യുതി ഉറപ്പാക്കാൻ 183.39 കിലോമീറ്റർ ദൂരത്തിൽ ഭൂഗർഭ കേബിൾ സ്ഥാപിച്ചു കഴിഞ്ഞു. അപകടരഹിതവും കാര്യക്ഷമവുമായ രീതിയിൽ വൈദ്യുതി എത്തിക്കാൻ മാതൃകാപരമായ കവചത്തോടുകൂടിയ ട്രാൻസ്‌ഫോമറുകൾ സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ഇതുകൂടാതെ വോൾട്ടേജ് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനായി 678 പുതിയ ട്രാൻസ്‌ഫോമറുകൾ ഇതിനോടകം സ്ഥാപിച്ചു. കൂടാതെ നിലവിലുള്ള 756 ട്രാൻസ്‌ഫോർമറുകളുടെ ശേഷി വർധിപ്പിക്കാൻ 35.31 കോടി രൂപയും വിനിയോഗിച്ചിട്ടുണ്ട്. ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ മാത്രം ഏകദേശം 5560.27 കോടി രൂപയുടെ പദ്ധതികളാണ് ഇതിനോടകം നടപ്പിലാക്കിയത് എന്നും മന്ത്രി പറഞ്ഞു.
തിരുവാലി ഗ്രാന്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ . എ പി അനില്‍കുമാര്‍ എം.എല്‍.എ. അധ്യക്ഷനായി. സംസ്ഥാന സര്‍ക്കാരും കെ.എസ്.ഇ.ബി.യും ചേര്‍ന്ന് 20 കോടി രൂപ ചെലവിലാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. ആദ്യഘട്ടത്തില്‍ 28.5 എം.വി.എ. ശേഷിയുള്ള സബ്സ്റ്റേഷനാണ് സജ്ജമാക്കിയത്. പുതിയ സബ്സ്റ്റേഷന്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ നിലവിലുള്ള പ്രസരണ നഷ്ടം കുറയ്ക്കാനും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഗുണമേന്മയുള്ള വൈദ്യുതി ഇടതടവില്ലാതെ ലഭ്യമാക്കാനും സാധിക്കും. വണ്ടൂര്‍ നിയോജകമണ്ഡലത്തിലെ തിരുവാലി, വണ്ടൂര്‍, തൃക്കലങ്ങോട്, മമ്പാട് പഞ്ചായത്തുകള്‍ക്കും, ഏറനാട് മണ്ഡലത്തിലെ എടവണ്ണ പഞ്ചായത്തിനും പുതിയ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഇതിനുപുറമെ മഞ്ചേരി, നിലമ്പൂര്‍ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ പരിധിയിലുള്ള ആറ് ലക്ഷത്തോളം ഉപഭോക്താക്കള്‍ക്കും ഇതിന്റെ ഗുണം ലഭിക്കും.
എ പി അനില്‍കുമാര്‍ എം.എല്‍.എ. സബ് സ്റ്റേഷന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. ചടങ്ങില്‍ കെ.എസ്.ഇ.ബി. പ്രസരണ വിഭാഗം ഡയറക്ടർ എസ്. ശിവദാസ്, വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. അമൃത, തിരുവാലി പഞ്ചായത്ത് പ്രസിഡൻറ് സുമാ താരിയൻ, തിരുവാലി ഗ്രാമപഞ്ചായത്ത് മെമ്പർ ആർ. പി. ബീന, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മലപ്പുറം ട്രാൻസ്മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ എം.എ. ബിജുമോൻ, കെ. എസ്. ഇ. ബി. ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
