ആറു ഗ്രാമപഞ്ചായത്തുകളെ കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്താക്കാനുള്ള നൂതന പദ്ധതിയുമായി മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത്. മലമ്പുഴ ബ്ലോക്ക് പഞ്ചായത്തില്‍ 2019-20 വാര്‍ഷിക പദ്ധതി രൂപീകരണത്തിന് മുന്നോടിയായി നടന്ന വികസന സെമിനാറിലാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഷൈജ തീരുമാനം അറിയിച്ചത്. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുക, സാമൂഹിക വനവത്കരണത്തിലൂടെ ഓക്സിജന്റെ അളവ് വര്‍ധിപ്പിക്കുക എന്നീ പ്രക്രിയകളിലൂടെയാണ് കാര്‍ബണ്‍ ന്യൂട്രല്‍ ആക്കാനുള്ള പദ്ധതി ആവിഷ്കരിക്കുക. റഫ്രിജറേറ്റര്‍, എയര്‍ കണ്ടീഷണര്‍ എന്നിവയിലൂടെ വീടുകള്‍, യന്ത്രവത്കൃത വ്യവസായശാലകള്‍ എന്നിവിടങ്ങളില്‍നിന്നും പുറന്തള്ളുന്ന കാര്‍ബണിന്റെ അളവ് സര്‍വ്വേയിലൂടെ കണ്ടുപിടിക്കുകയാണ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ നടക്കുക. തുടര്‍ന്ന് പുറന്തള്ളുന്ന കാര്‍ബണിന്റെ അളവിന് തുല്യമായ അളവില്‍ ഓക്സിജന്‍ ഉല്പാദിപ്പിക്കുന്നതിനാവശ്യമായ മരങ്ങള്‍ വച്ചു പിടിപ്പിക്കുന്നതിലൂടെ പരിസ്ഥിതിയെ കാര്‍ബണ്‍ ന്യൂട്രലാക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. വയനാട്ടിലെ മീനങ്ങാടി ഗ്രാമപഞ്ചായത്ത് കാര്‍ബണ്‍ ന്യൂട്രലായി പ്രഖ്യാപിച്ചിരുന്നു. ഇതേ മാതൃകയില്‍ കിലയുടെ സഹകരണത്തോടെ മുണ്ടൂര്‍ ഐ.ആര്.ടി.സി.യുടെ നേതൃത്വത്തില്‍ പദ്ധതി നടപ്പിലാക്കാനാണ് ബ്ലോക്ക് പഞ്ചായത്തിന്റെ തീരുമാനം. കൊടുമ്പ്, മരുതറോഡ്, മലമ്പുഴ, പുതുപ്പരിയാരം, പുതുശ്ശേരി, അകത്തേത്തറ ഗ്രാമപഞ്ചായത്തുകളാണ് മലമ്പുഴ ബ്ലോക്കിന് കീഴിലുള്ളത്.
മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് ഐ.എസ്.ഒ അംഗീകാരം ലഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ഉടനെ പൂര്‍ത്തിയാക്കാനും സോളാര്‍ പ്ലാന്റ് സ്ഥാപിച്ച് വൈദ്യുതി ഉല്പാദിപ്പിക്കാനും മിച്ചം വരുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു. പ്രളയത്തില്‍ തകര്‍ന്നുപോയ കാര്‍ഷികമേഖലയെ തിരിച്ചുപിടിക്കാന്‍ സമ്മിശ്ര കൃഷിയിലൂടെ കൃഷി, മുട്ടക്കോഴി, ആട്, കറവപ്പശു എന്നിവയ്ക്കായി ഒരു കോടി 58 ലക്ഷം രൂപ വകയിരുത്തി. ഉല്പാദനമേഖലയില് ഒരുകോടി 60 ലക്ഷം രൂപയും സേവനമേഖലയില്‍ നാലുകോടി 19 ലക്ഷം രൂപയും പശ്ചാത്തല മേഖലയില്‍ ഒരു കോടി 70 ലക്ഷം രൂപയും റോഡിതര ഫണ്ടിനായി 60 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഷൈജ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കാഞ്ചന സുദേവന് അധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് വി.സി ഉദയകുമാര്‍ കരട് പദ്ധതിരേഖ അവതരിപ്പിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രാധാരമണി, ബി.ഡി.ഒ കെ. സിദ്ധാര്ത്ഥന്, പി.കെ ഫൈസല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് മെംബര്‍മാര്‍ എന്നിവര്‍ സംസാരിച്ചു.
