അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് പൂതാടി ഗ്രാമപഞ്ചായത്ത് രാജീവ് ഗാന്ധി ഷോപ്പിങ് കോംപ്ലക്സ് കം ബസ്സ്റ്റാൻഡ് വ്യവസായ-കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. ഷോപ്പിങ് കോംപ്ലക്സ് കം ബസ്സ്റ്റാൻഡ് കൂടുതൽ തൊഴിലവസരങ്ങൾ കൊണ്ടുവരട്ടെയെന്ന് മന്ത്രി ആശംസിച്ചു. പൂതാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യന്റെ അഭ്യർത്ഥന പരിഗണിച്ച് പഞ്ചായത്തിൽ സ്ത്രീകൾക്ക് തൊഴിലവസരം കണ്ടെത്തുന്നതിനായി തയ്യൽ പരിശീലനം വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു.
നാല് ഭരണസമിതികളുടെ കാലയളവിൽ ഒട്ടേറെ നിയമപ്രശ്നങ്ങളും, കോടതിവിധികളും തരണം ചെയ്താണ് പൂതാടി ഗ്രാമപഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് കം ബസ്സ്റ്റാൻഡ് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നത്. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 65 ലക്ഷം രൂപ ചെലവിട്ട് 2015 ആഗസ്റ്റിലാണ് ആദ്യഘട്ടം പൂർത്തിയാക്കിയത്. കൂടാതെ 35 ലക്ഷം രൂപ ചെലവിൽ വൈദ്യൂതികരണം, ജലവിതരണം, ബസ് ഷെൽട്ടർ, പൊതു ശൗചാലയം എന്നിവയുടെ പ്രവൃത്തിയും പൂർത്തീകരിച്ചിരുന്നു. വിവിധ ഘട്ടങ്ങളിലായി 2.34 കോടി രൂപയുടെ പ്രവൃത്തികളാണ് ഷോപ്പിങ് കോംപ്ലക്സ് കം ബസ്സ്റ്റാൻഡിനായി പഞ്ചായത്ത് ഭരണസമിതി വിനിയോഗിച്ചത്. പ്രതിസന്ധികളെല്ലാം പരിഹരിച്ച് ഷോപ്പിങ് കോംപ്ലക്സ് കം ബസ്സ്റ്റാൻഡ് പ്രവർത്തന സജ്ജമായതോടെ പൂതാടി ഗ്രാപഞ്ചായത്തും വികസന പ്രതീക്ഷയിലാണ്.
പരിപാടിയിൽ ഗ്രാമപഞ്ചായത്ത് കായിക അക്കാദമിയുടെ പ്രവർത്തനത്തിനും മന്ത്രി തുടക്കം കുറിച്ചു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ച സദസ്സിൽ പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യൻ, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ, പൂതാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.ടി. ബിനോയ്, ജലനിധി കമ്മ്യൂണിറ്റി ഡവലപ്മെന്റ് മാനേജർ ജോർജ്ജ് മാത്യു എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. മികച്ച സാക്ഷരതാ പ്രേരകിനുള്ള സംസ്ഥാന അവാർഡ് നേടിയ സാജീറയെ മന്ത്രി അനുമോദിച്ചു.
