കൊച്ചി: പറവൂർ നഗരസഭയുടെ അംബേദ്കർ പാർക്കിലെ പുതുതായി നിർമ്മിച്ച കിഡ്സ് സോണിന്റെ ഉദ്ഘാടനം വി.ഡി സതീശൻ എംഎൽഎ, ഫ്ലവേഴ്സ് ചാനൽ ടോപ് സിംഗേഴ്സ് താരങ്ങളായ അതിഥി, അനന്യ, ശ്രീഹരി എന്നിവർ ചേർന്ന് നിർവഹിച്ചു. പറവൂർ നഗരസഭ ചെയർമാൻ രമേശ് ഡി. കുറുപ്പ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഇതോടൊപ്പം പറവൂരിലെ പുതുവത്സര ആഘോഷങ്ങൾക്കും തുടക്കമായി.

15 ലക്ഷം രൂപ മുതൽമുടക്കിൽ പണികഴിപ്പിച്ച സയൻസ് പാർക്കിൽ 12 വയസ്സിനു മുകളിലുള്ള വിദ്യാർഥികൾക്ക് മാത്രമാണ് പ്രവേശനം. വിനോദത്തോടൊപ്പം വിജ്ഞാനം എന്ന ആശയം മുൻനിർത്തിയാണ് സയൻസ് പാർക്ക് നിർമ്മിച്ചിരിക്കുന്നത്. തിങ്കൾ മുതൽ വെള്ളി വരെ ദിവസങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് പന്ത്രണ്ടര വരെ സയൻസ് പാർക്ക് പ്രവർത്തിക്കും. നേരത്തെ ബുക്ക് ചെയ്യുന്നതിന് അനുസരിച്ച് സ്കൂളുകൾ വഴിയായിരിക്കും കുട്ടികൾക്ക് പ്രവേശനം നൽകുക. പറവൂർ മേഖലയിലെ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിലെ സയൻസ് അധ്യാപകരുടെ നിയന്ത്രണത്തിലായിരിക്കും പാർക്ക് പ്രവർത്തിക്കുന്നത്. ഓരോ മാസവും ഓരോ സ്കൂളുകൾക്ക് സംരക്ഷണ ചുമതല ഉണ്ടായിരിക്കും. പറവൂർ ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂളിലെ സയൻസ് അധ്യാപകനായ ബിജുവാണ് പ്രവർത്തനങ്ങളുടെ കോർഡിനേറ്റർ.

എല്ലാ ദിവസവും വൈകീട്ട് നാലരയ്ക്ക് തുറക്കുന്ന പാർക്കിൽ പ്രവേശനം സൗജന്യമാണ്. നവീകരിച്ചതോടെ പതിനെട്ട് റൈഡുകൾ ഇപ്പോൾ പാർക്കിലുണ്ട്.

നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പ്രഭാവതി, ജലജ രവീന്ദ്രൻ, ഡെന്നി തോമസ്, കൗൺസിലർമാരായ സ്വപ്ന സുരേഷ്, സുധാകരൻ പിള്ള, വൽസല പ്രസന്നകുമാർ എന്നിവർ പങ്കെടുത്തു.