പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി സംസ്ഥാന സർക്കാർ 26 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് പ്രവാസികളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ നിയോഗിച്ച നിയമസഭ സമിതി ചെയർമാൻ കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ പറഞ്ഞു. സംസ്ഥാന ബജറ്റിൽ അനുവദിച്ച 16 കോടിയും അതിനുപുറമെ പ്രത്യേകം അനുവദിച്ച 10 കോടിയുമടക്കമാണിത്. പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച് ജില്ലാ ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ നടന്ന ജില്ലാതല സിറ്റിംഗിൽ വിവിധ പരാതികൾ സമിതി സ്വീകരിച്ചു. രേഖാമൂലം നൽകിയ പരാതികൾ വിവിധ വകുപ്പുകളിൽ നിന്നും റിപ്പോർട്ട് തേടി വിശദവിവരങ്ങൾ പരാതികാരുടെ വിലാസത്തിൽ കത്തുവഴി അറിയിക്കുമെന്ന് കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ. അറിയിച്ചു. പ്രവാസികളുടെ ക്ഷേമത്തിനായി സർക്കാരും മുഖ്യമന്ത്രിയും അനുഭാവ പൂർവ്വ നടപടിയാണ് സ്വീകരിക്കുന്നത്. പദ്ധതികളും ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്താൻ പ്രവാസികൾ ശ്രദ്ധിക്കണമെന്നും സമിതി അംഗം എം. രാജഗോപാൽ എം.എൽ.എയും പറഞ്ഞു.

വ്യക്തിഗത പരാതികളിൽ വിവിധ വകുപ്പുകളിൽ നിന്നും വിശദീകരണം തേടും. പൊതുവായ പരാതികൾ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. പ്രവാസികളുടെ ആനുകൂല്യം സംരക്ഷിക്കാനാണ് ക്ഷേമ പദ്ധതികൾക്ക് ചില നിബന്ധനകൾ നൽകിയത്. സാന്ത്വനം പദ്ധതിയിലുണ്ടാകുന്ന കാലതാമസം സാങ്കേതിക തടസ്സം മാത്രമാണ്, ഇതു പരിഹരിക്കാൻ നടപടിയുണ്ടാകും. വിദേശ രാജ്യങ്ങളിൽ മരണമടയുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ അരലക്ഷം രൂപയുടെ ധനസഹായം നോർക്ക വഴി നൽകുന്നുണ്ട്. എയർപോർട്ടിൽ നിന്നും മൃതദേഹം വീട്ടിലെത്തിക്കാൻ നോർക്കയെ ബന്ധപ്പെട്ടാൽ ആമ്പുലൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിദേശത്തു നിന്നും നാട്ടിലേക്ക് തിരിച്ചെത്തുന്നവരുടെ പുനരധിവാസത്തിനായുള്ള പദ്ധതികൾക്കായി ബാങ്ക് ലോൺ ലഭ്യമാക്കാൻ താമസം നേരിടുന്നത് പരിഹരിക്കാൻ സർക്കാർ തലത്തിൽ നടപടിയെടുക്കും.

നൂറു രൂപ ചെലവിൽ നോർക്കയുടെ തിരിച്ചറിയൽ കാർഡുള്ളവർക്ക് മൂന്നുവർഷത്തേക്ക് രണ്ടു ലക്ഷം രൂപയുടെ അപകട ഇൻഷൂറൻസ് ഉറപ്പാക്കിയിട്ടുണ്ട്. ഈ ഇൻഷൂറൻസ് പരിധിയിലേക്ക് മറ്റു രോഗങ്ങളെ കൂടി ഉൾപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നോർക്കയിൽ രജിസ്റ്റർ ചെയ്ത അർഹരായ പ്രവാസികൾക്ക് കാരുണ്യ ധനസഹായം വഴി അരലക്ഷം രൂപയുടെ ധനസഹായം ലഭിക്കും. ഒരേ സമയം രണ്ട് ചികിത്സാ ധനസഹായം ലഭിക്കില്ല. ചികിത്സാ ധനസഹായത്തിന് സമയ പരിധിയില്ലെങ്കിലും ഡോക്ടറുടെ സാക്ഷ്യപത്രം നിർബന്ധമാണ്. ചികിത്സാ ധനസഹായവുമായി ബന്ധപ്പെട്ട പരാതികൾക്ക് 0471-2785512 എന്ന നമ്പറിൽ ബന്ധപ്പെടാം.

നിലവിൽ വയനാട് ജില്ലയിൽ 2691 പേരാണ് പ്രവാസി ക്ഷേമനിധി പെൻഷൻ വാങ്ങുന്നത്. ഈ പദ്ധതിയിലേക്ക് കൂടുതൽ പേരെ ഉൾപ്പെടുത്താൻ ബോധവത്ക്കരണം ശക്തമാക്കും. സാങ്കേതിക തടസ്സമുള്ളതിനാലും ധനകാര്യ വകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാലും നിലവിലെ പെൻഷൻ പ്രായം 60 ആയി തുടരും. മുഴുവൻ പ്രവാസികളെയും ഉൾപ്പെടുത്തി സമഗ്രമായ പെൻഷൻ പദ്ധതി ആലോചനയിലാണ്. നിലവിൽ അഞ്ച് വർഷം വരെ തുക അടച്ചവർക്ക് 2000 രൂപയും അഞ്ചു വർഷത്തിൽ കൂടുതൽ തുക അടച്ചവർക്ക് പരമാവധി 4000 രൂപയുമാണ് പ്രതിമാസ പെൻഷൻ ലഭിക്കുന്നത്.

പൊലീസ് പരാതികളെ കൂടാതെ പ്രവാസികളുടെ പരാതികൾ അന്വേഷിക്കാൻ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരെ എൻആർഐ സെല്ലുകളിൽ നിയോഗിച്ചുണ്ട്. നിലവിൽ നോർക്കയുടെ തിരിച്ചറിയൽ കാർഡുള്ളവർക്ക് ടിക്കറ്റ് വിലയിൽ ഏഴ് ശതമാനം ഇളവ് ഖത്തർ എയർവേഴ്‌സുകളിൽ അനുവദിച്ചിട്ടുണ്ട്. മറ്റു എയർവേഴ്‌സുകളിലും ഇളവ് അനുവദിക്കാൻ ചർച്ച നടക്കുകയാണ്. നോർക്കയുടെ പേരിൽ പ്രവാസികളിൽ നിന്നും സേവനങ്ങൾക്ക് പണം ഈടാക്കുന്ന ഏജൻസികൾ പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നോർക്കയുടെ സേവനങ്ങൾ പൂർണ്ണമായും സൗജന്യമാണെന്നും അനധികൃത ഏജൻസികൾക്കെതിരെ ജാഗ്രത വേണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

പ്രവാസി സംഘടന പ്രതിനിധികളും വ്യക്തികളും നിയമസഭ സമിതിക്ക് മുമ്പാകെ പരാതികൾ രേഖാമൂലവും അല്ലാതെയും നൽകി. ഭവന നിർമാണം, കുട്ടികളുടെ വിദ്യാഭ്യാസം, തൊഴിൽ സംരംഭം എന്നിവയ്ക്ക് സർക്കാരിന്റെ ഭാഗത്തു നിന്നും കൂടുതൽ പരിഗണ വേണമെന്ന് പ്രവാസികൾ ആവശ്യപ്പെട്ടു. പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ മാന്യമായ ആദരവ് നൽകണമെന്നും പ്രവാസി ക്ഷേമ ബോർഡിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ കളക്ടർ എ.ആർ അജയകുമാർ, നോർക്ക ജോയിന്റ് സെക്രട്ടറി കെ. ജനാർദ്ദനൻ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ മാനേജർ ഡി. ജഗദീശ്, കേരള പ്രവാസി ക്ഷേമ ബോർഡ് ഫിനാൻസ് മാനേജർ ഗിതാമണി അമ്മ തുടങ്ങിയവർ പങ്കെടുത്തു.