കൊച്ചി: പെരുമ്പാവൂർ വാത്തിയാത്ത് ആശുപത്രി, കടയിരിപ്പ് പുളിഞ്ചോട് ജംഗ്ഷൻ, മഴുവന്നൂർ കാരമോളേൽ പീടിക ജംഗ്ഷൻ എന്നിവിടങ്ങളിലുള്ള അനധികൃത പാർക്കിംഗ് ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ കുന്നത്തുനാട് താലൂക്ക് വികസന സമിതി യോഗത്തിൽ തീരുമാനമായി. കെഎസ്ആർടിസി സർവീസ് നടത്തി വരുന്ന ചൂണ്ടക്കുഴി- വാണിയപിള്ളി, പെരുമ്പാവൂർ – ചോറ്റാനിക്കര എന്നീ റൂട്ടുകളിൽ ബസ് സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യവും വികസന സമിതി യോഗത്തിൽ ചർച്ച ചെയ്തു.

പെരുമ്പാവൂർ ആലുവ റോഡിൽ പവർഹൗസിന് സമീപത്തായി കിടക്കുന്ന ലേലം ചെയ്ത വാഹനം നീക്കം ചെയ്യുന്നതിനും, വഞ്ചിനാട് ജംഗ്ഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഉള്ള വാഹനം നീക്കം ചെയ്യുന്നതിനും, പെരുമ്പാവൂർ ആയുർവേദ ആശുപത്രിക്ക് സമീപം വെട്ടിയിട്ട പുളിമരം നീക്കം ചെയ്യുന്നതിനും, ആശുപത്രി കെട്ടിടത്തിന് മുകളിലേക്ക് ചാഞ്ഞ് നിൽക്കുന്ന വൃക്ഷത്തിൻറെ ശാഖകൾ മുറിച്ചു മാറ്റുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനും വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു.

ഇരുപത്തി അയ്യായിരത്തിലധികം കെ എസ് ഇ ബി കൺസ്യൂമർ കണക്ഷനുള്ള വാഴക്കുളം സെക്ഷൻ വിഭജിക്കുന്നത് സംബന്ധിച്ചും, വാഴക്കുളത്ത് കെ എസ് ഇ ബിക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിനും, മനയ്ക്കക്കടവ്- പട്ടിമറ്റം – നെല്ലാട് റോഡ് അളന്നു തിരിച്ച് കല്ല് ഇടുന്നതിനുള്ള നടപടികൾ പൂർത്തിയാക്കണമെന്ന ആവശ്യവും വികസന സമിതി യോഗത്തിൽ ചർച്ച ചെയ്തു. പൈപ്പുകൾ പൊട്ടി കുടിവെള്ളം നഷ്ടപ്പെടുന്നത് പോലുള്ള പ്രശ്നങ്ങളിൽ അടിയന്തര ശ്രദ്ധ പുലർത്തണമെന്ന് വികസന സമിതി യോഗത്തിൽ നിർദേശം നൽകി. കൂടാതെ ജനുവരി ആദ്യവാരം മുതൽ പി വി ഐ വി വെള്ളം തുറന്നുവിട്ടിരുന്നുവെങ്കിലും മാറമ്പിള്ളി, മുടിക്കൽ ഭാഗത്ത് വെള്ളം ലഭ്യമായിട്ടില്ല സാഹചര്യത്തിൽ ഈ പ്രദേശങ്ങളിൽ വെള്ളം എത്രയും വേഗത്തിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും വികസന സമിതിയിൽ നിർദ്ദേശിച്ചു.

എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന വികസന സമിതി യോഗത്തിൽ വി പി സജീന്ദ്രൻ എംഎൽഎ, കുന്നത്തുനാട് താഹസിൽദാർ സാബു ഐസക്, ജില്ലാപഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, താലൂക്ക് തരത്തിലുള്ള ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.