വി.ടി ഭട്ടതിരിപ്പാട് സാംസ്ക്കാരിക സമുച്ചയം ശിലാസ്ഥാപനം
നവോത്ഥാന കേരളം കെട്ടിപ്പടുക്കുന്നതിന് സംഭാവന നല്കിയ മഹാന്മാരെ പുതുതലമുറ അറിഞ്ഞിരിക്കണമെന്ന് പട്ടികജാതി -പട്ടികവര്‍ഗ- പിന്നാക്കക്ഷേമ -നിയമ- സാംസ്ക്കാരിക- പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന് പറഞ്ഞു. സംസ്ഥാന മന്ത്രിസഭയുടെ 1000 ദിനാഘോഷത്തോടനുബന്ധിച്ച് ജില്ലയില്‍ വി.ടി.ഭട്ടതിരിപ്പാടിന്റെ പേരില്‍ നിര്‍മിക്കുന്ന സാംസ്ക്കാരിക സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ബുദ്ധിപരമായും ഭൗതികമായും നാം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടാന്‍ ആശയങ്ങളെ നവീകരിച്ചെടുത്താല്‍ മാത്രമേ കഴിയൂ. ഇതിനായി നാം കക്ഷി രാഷ്ട്രീയ ഭേദമന്യേ സഹകരിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
മന്ത്രി എ.കെ ബാലന് സാംസ്ക്കാരിക മന്ത്രിയായതിന് ശേഷമാണ് വകുപ്പിന്റെ സാന്നിധ്യം എല്ലാവരും അറിഞ്ഞതെന്നും സംസ്ഥാനത്ത് തിയറ്ററുകള്‍ ഉള്‍പ്പെടെ നിരവധി സാംസ്ക്കാരിക കേന്ദ്രങ്ങള്‍ ആരംഭിച്ചതായും പരിപാടിയില്‍ അധ്യക്ഷനായ ജലവിഭവവകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ 1000 കോടിയിലേറെ രൂപ സാംസ്ക്കാരിക വകുപ്പ് ഇത്തരത്തില്‍ ചെലവഴിച്ചിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങള്‍ സാഹിത്യകാരന്മാര്ക്ക് അനുഗ്രഹമാവുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നവോത്ഥാനനായകരുടെ പേരില്‍ സാംസ്ക്കാരിക സമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായാണ് ജില്ലയില്‍ വി.ടി.ഭട്ടതിരിപ്പാടിന്റെ പേരില്‍ പാലക്കാട് മെഡിക്കല്‍ കോളേജിനു സമീപത്തായി സാംസ്ക്കാരിക സമുച്ചയം നിര്‍മിക്കുന്നത്. 5.76 ഏക്കര്‍ സ്ഥലത്ത് 56.48 കോടി ചെലവില്‍ നിര്‍മിക്കുന്ന സാംസ്ക്കാരിക സമുച്ചയം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച് നിര്‍മിക്കുന്ന സമുച്ചയമാണ്. 110750 ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന സമുച്ചയത്തില്‍ വിവരവിതരണ കേന്ദ്രം, സ്മാരക ഹാള്‍, ഭരണനിര്‍വഹണ കാര്യാലയം, പ്രദര്‍ശന ശാല, ആര്‍ട്ട് ഗാലറി, ശില്പനിര്മാണ കേന്ദ്രം, നാടന്‍കലാകേന്ദ്രം, ഉപഹാരശാല, ഓഡിറ്റോറിയം, സെമിനാര്‍ഹാള്‍, ക്ലാസ്മുറികള്, താമസൗകര്യം എന്നിവ ഉണ്ടാവും. കിഫ്ബിയുടെ ധനസഹായത്തോടെ ആരംഭിക്കുന്ന പദ്ധതി രാജ്യത്തെ തന്നെ ആദ്യത്തെ സംരംഭമാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിക്ക് 2017 ലാണ് ഭരണാനുമതി ലഭിച്ചത്. ഏപ്രില്‍ പകുതിയോടെ നിര്‍മാണം ആരംഭിക്കുന്ന കേന്ദ്രം ഒന്നരവര്‍ഷത്തിനകം പൂര്‍ത്തീകരിക്കും. ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ എം.ബി.രാജേഷ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി, വൈസ് പ്രസിഡന്റ് ടി.കെ.നാരായണദാസ്, ജില്ലാ കലക്ടര്‍ ഡി.ബാലമുരളി, മുന്‍ എം.എല്‍.എ സി.കെ.രാജേന്ദ്രന്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സാംസ്ക്കാരിക വകുപ്പ് ഡയറക്ടര്‍ ടി.ആര്.സദാശിവന് നായര്‍, കലാ-സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ സംസാരിച്ചു. പാലക്കാട്ടെ പ്രമുഖ എഴുത്തുക്കാരെയും കലാക്കാരന്മാരെയും പരിപാടിയില്‍ ആദരിച്ചു. തുടര്‍ന്ന് സ്വരലയ സംഗീതസായാഹ്നം അവതരിപ്പിച്ചു.