അർത്തുങ്കൽ : തോട്ടപ്പള്ളി ,അർത്തുങ്കൽ ഫിഷിങ് ഹാർബറുകൾ ഉടൻ തന്നെ ടെൻഡർ നടപടികളിലേക്ക് നീങ്ങുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. അർത്തുങ്കൽ ഫിഷിംഗ് ഹാർബർ രണ്ടാംഘട്ട നിർമാണ പ്രഖ്യാപനവും അർത്തുങ്കൽ മത്സ്യഭവൻ, മത്സ്യഫെഡ് നടപ്പിലാക്കുന്ന നൂതന പദ്ധതികളുടെ ഉദ്ഘാടനം എന്നിവ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഈ സർക്കാരിന്റെ കാലത്തുതന്നെ അർത്തുങ്കൽ ഹാർബർ പൂർത്തിയാക്കണമെന്നാണ് ആഗ്രഹിക്കുന്നത്. കേരളത്തിലെ 24 ഹാർബറുകളും പ്രവർത്തനക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളികൾക്ക് ന്യായവില ലഭിക്കുവാനായി മത്സ്യഫെഡ് സഹകരണ അടിസ്ഥാനത്തിൽ ശാക്തീകരിക്കും. വരുന്ന രണ്ടുവർഷത്തിനുള്ളിൽ സർക്കാർ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾക്ക് കഴിയുന്നത്ര പരിഹാരം കണ്ടെത്തും. അതിൻറെ മുന്നോടിയായാണ് മത്സ്യഫെഡ് നൂതനപദ്ധതികൾ ആവിഷ്‌കരിച്ചിരിക്കുന്നത്. വായ്പ കുടിശ്ശിക തീർപ്പാക്കൽ പദ്ധതി, 40% സബ്‌സിഡിയോടുകൂടി ഫൈബർ ഗ്ലാസ് വെള്ളം നൽകുന്ന പദ്ധതി, മത്സ്യ ഉപകരണങ്ങൾ പലിശരഹിത വായ്പ നൽകുന്ന പദ്ധതിയെന്നിവ. ന്യായമായ സബ്‌സിഡിയോട് കൂടി തൊഴിലാളികൾക്ക് വള്ളവും വലയും സ്വന്തമാക്കാൻ സാധിക്കുമെന്നതാണ് നേട്ടം. അതോടൊപ്പം തന്നെ തൊഴിലാളികളുടെ സുരക്ഷയ്ക്കും സർക്കാർ മുൻതൂക്കം നൽകുന്നുണ്ട്. ജാക്കറ്റ്, നാവിക്ക്, സാറ്റ്‌ലൈറ്റ് ഫോണുകൾ എന്നിവ തൊഴിലാളികൾക്കായി അനുവദിക്കും. രാജ്യസുരക്ഷക്ക് വേണ്ടികൂടെയാണ് മത്സ്യബന്ധനത്തിന് പുറപ്പെടുന്നവരുടെ വിശദമായ വിവരങ്ങൾ ശേഖരിക്കുന്നത്. രാജ്യത്തിൻറെ കാവലാളായി മത്സ്യത്തൊഴിലാളികൾ മാറുകതന്നെ ചെയ്യും. വരുംവർഷങ്ങളിൽ തൊഴിലാളികളെ പൂർണമായും സുരക്ഷാ കവചത്തിനുള്ളിലാക്കുമെന്നു മന്ത്രി പറഞ്ഞു. കേന്ദ്രസർക്കാർ ഹാർബറുകൾക്ക് നയാ പൈസ നൽകുന്നില്ല. സംസ്്ഥാന സർക്കാർ വഴി ലഭിച്ച 15 കോടി രൂപയ്ക്കാണ് അർത്തുങ്കൽ, തോട്ടപ്പള്ളി തുറമുഖങ്ങളുടെ നിർമാണം ഇപ്പോൾ ആരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്റെ എം. എൽ എ മാരുടെ ആസ്തിവികസന ഫണ്ടിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപയും പ്രാദേശിക വികസന ഫണ്ടിൽ നിന്ന് നാല് ലക്ഷം രൂപയും ചെലവഴിച്ചുള്ള അർത്തുങ്കൽ മത്സ്യഭവന്റെ ഉദ്ഘാടനവും മന്ത്രി യോഗത്തിൽ നിർവഹിച്ചു. തുടർന്ന് മത്സ്യത്തൊഴിലാളികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ വായ്പകൾ പൂർണമായും, പലിശയും, പിഴപ്പലിശയും കൂടിയും, പിഴപ്പലിശ മാത്രമായും ഒഴിവാക്കിയ രേഖകൾ ഗുണഭോക്താക്കൾക്ക് കൈമാറി. ആദ്യഘട്ടത്തിൽ മരണപ്പെട്ടവരും മാറാരോഗികളുമായ 61 ഗുണഭോക്താക്കളുടെ കുടിശ്ശിക തുക മുതലും പലിശയും പിഴപ്പലിശയും ചേർത്ത് 31.46 ലക്ഷം രൂപ എഴുതിത്തള്ളിയ പ്രമാണങ്ങൾ മന്ത്രി തിരിച്ചുനൽകി. ജൂൺ മുതൽ തെള്ളിച്ചെമ്മീൻ സർക്കാർ സംഭരിക്കുമെന്ന് മന്ത്രി പറഞ്ഞു. അതുകൊണ്ട് കൂടുതൽ തെള്ള് ചെമ്മീൻ ലഭിക്കുന്ന സമയത്ത് കിട്ടുന്ന വിലയ്ക്ക് വിൽക്കാനുള്ള അവസ്ഥ മാറുമെന്നും മന്ത്രി പറഞ്ഞു.
ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമൻ അധ്യക്ഷതയിൽ അർത്തുങ്കൽ സെൻറ് ആൻഡ്രൂസ് ബസിലിക്ക പാരീഷ് ഹാളിൽ ചേർന്ന യോഗത്തിൽ മത്സ്യ ഫെഡ് ചെയർമാൻ പി പി ചിത്തരഞ്ജൻ, ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീലാമ്മ ആൻറണി, ജില്ലാപഞ്ചായത്ത് അംഗം സന്ധ്യാ ബെന്നി, മത്സ്യഫെഡ് മാനേജിങ് ഡയറക്ടർ ഡോ ലോറൻസ് ഹാരോൾഡ്, ഹാർബർ എൻജിനീയറിങ് ചീഫ് എൻജിനിയർ പി കെ അനിൽകുമാർ, മത്സ്യഫെഡ് ജില്ലാ മാനേജർ പി. എൽ. വത്സലകുമാരി, ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ആന്റണി, ബാബു ആന്റണി, പി.പി.സോമൻ, മേരിഗ്രേസി തുടങ്ങിയവർ പങ്കെടുത്തു.