ഓപ്പറേഷന് നൈറ്റ് റൈഡേഴ്സിന്റെ ഭാഗമായി ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസുകളില്‍ പരിശോധന ശക്തമാക്കി ജില്ലാ മോട്ടോര്‍വാഹന വകുപ്പ്. ഇതുവരെ നടത്തിയ പരിശോധനയില്‍ വ്യവസ്ഥകള്‍ ലംഘിച്ച 216 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കുകയും 3,45000 രൂപ പിഴ ഈടാക്കുകയും ചെയ്തു. മോട്ടോര്‍വാഹന വകുപ്പ്, പോലീസ് എന്നിവര്‍ സംയുക്തമായാണ് പരിശോധന നടത്തുന്നത്.
രാത്രികാലങ്ങളില്‍ സര്‍വീസ് നടത്തുന്ന അന്തര്‍സംസ്ഥാന വാഹനങ്ങളിലാണ് പ്രധാനമായും പരിശോധന ശക്തമാക്കിയിരിക്കുന്നത്. ജില്ലയിലെ അതിര്‍ത്തി ചെക്പോസ്റ്റായ വാളയാര്‍ ടോള്‍ പ്ലാസയിലാണ് പരിശോധന നടത്തുന്നത്. ഒരേ സമയം മൂന്നു ടീമുകളാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്. പാലക്കാട് ആര്.ടി.ഒ.യുടെ കീഴില്‍ നാല് ടീമുകളും എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ യുടെ കീഴില്‍ മൂന്നു ടീമുകളും ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ ടീമിലും രണ്ട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ വീതം നേതൃത്വം നല്‍കും.
ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ചുള്ള യാത്രക്കാരുടെ പരാതികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. യാത്രക്കാരുടെ കൈവശമുള്ള ലഗേജുകള്‍ക്ക് അധിക ചാര്‍ജ് ഈടാക്കുക, യാത്രക്കാരുടേതല്ലാത്ത ചരക്കുകള്‍ ബസുകളില്‍ കടത്തുക, മുന്‍കൂട്ടി ബുക്ക് ചെയ്യാത്ത യാത്രക്കാരെ കയറ്റുക തുടങ്ങിയ അനധികൃത നടപടികളും പരിശോധിക്കും. വാഹനങ്ങളുടെ പെര്‍മിറ്റ്, ടാക്സ്, ഇന്‍ഷുറന്‍സ്, ജീവനക്കാരുടെ ലൈസന്‍സ് എന്നിവയും പരിശോധിക്കും. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധം കുറഞ്ഞ സമയത്തിനുള്ളിലാണ് പരിശോധന പൂര്‍ത്തിയാക്കി വാഹനങ്ങള്‍ വിട്ടുകൊടുക്കുന്നത്.
തൃശ്ശൂര്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അജിത്കുമാര്‍, എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ പി.ശിവകുമാര്‍, ആര്.ടി.ഒ ടി.സി.വിനേഷ് എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്.
