അങ്കമാലി: കാർഷിക പ്രവൃത്തികൾക്കു പുറമെ ജനോപകാര പ്രദമായ നിരവധി പദ്ധതികൾ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി അങ്കമാലി ബ്ലോക്ക് പഞ്ചായത്ത്. തൊഴിലാളികൾക്ക് തൊഴിൽ ദിനം കൂടുന്നതോടൊപ്പം ദുർബല വിഭാഗങ്ങൾക്കും, വിദ്യാലയങ്ങൾക്കും കർഷകർക്കും പ്രയോജനകരമായ സേവനങ്ങളാണ് തൊഴിലുറപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ബ്ലോക്കിൽ ചേർന്ന വികസന സ്റ്റാൻഡിംഗ് കമ്മറ്റി യോഗത്തിലാണ് തീരുമാനം
സർക്കാർ വിദ്യാലയങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങളാണ് പദ്ധതിയിൽ പെടുത്തിയത്. വിദ്യാലയങ്ങൾക്കാവശ്യമായ അടുക്കള , ഡൈനിംഗ് ഹാൾ, ചുറ്റുമതിൽ, കളിസ്ഥലം, ഫല വൃക്ഷത്തോട്ടം, ടോയ് ലറ്റ് കോംപ്ലക്സ്, കിണർ റീചാർജിംഗ് , കമ്പോസ്റ്റ് പിറ്റ്, സോക്ക് പിറ്റ് തുടങ്ങിയ പ്രവർത്തികൾ ഇതിൽ പെടും. ദുർബല വിഭാഗങ്ങൾക്ക് ജീവനോപാധി മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളും നടപ്പിലാക്കാൻ ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തൊഴുത്ത് , ആട്ടിൻ കൂട്, കോഴിക്കൂട്, മത്സ്യം വളർത്തുന്നതിനാവശ്യമായ കുളം എന്നിവയുടെ നിർമ്മാണ പ്രവൃത്തികളും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി. ആവശ്യമായ അപേക്ഷകൾ അതാത് ഗ്രാമപഞ്ചായത്തുകളിൽ സ്വീകരിക്കും.
കർഷകർക്കാവശ്യമായ നിർമ്മാണ പ്രവർത്തനങ്ങളും തൊഴിലുറപ്പ് പ്രവർത്തികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുളം നിർമ്മാണം, ക്ഷീരകർഷകർക്കാവശ്യമായ തീറ്റപ്പുൽകൃഷി, അസോള ടാങ്ക് നിർമ്മാണം , തരിശായ ഭൂമി കൃഷിക്ക് അനുയോജ്യമാക്കൽ എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
പച്ച തുരുത്ത്, നക്ഷത്ര വനം പദ്ധതികളും ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ആദ്യപടിയായി മലയാറ്റൂർ – നീലേശ്വരം പഞ്ചായത്തിലെ ആയുർവേദ ഡിസ്പെൻസറിയിൽ ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി തൊഴിലാളികളാണ് നടപ്പാക്കിയത്. ഓരോ നക്ഷത്രത്തിന്റെയും പേരിലുള്ള മരങ്ങൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിയാണ് നക്ഷത്ര വനം. തരിശായി കിടക്കുന്ന മിനിമം ഒരു സെന്റ് ഭൂമിയിൽ ഫലവൃക്ഷ തൈകൾ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നട്ടു നൽകും. ഗ്രാമ പഞ്ചായത്തിന്റെ അനുമതിയോടെയാകും പദ്ധതി നടപ്പാക്കുക. ഇതിനായി തൊഴിലുറപ്പു തൊഴിലാളികൾ തന്നെ തൈകൾ മുളപ്പിച്ചു നൽകും.