ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ വീട് നിർമാണം ആരംഭിച്ച ഗുണഭോക്താക്കൾക്കായി ഹഡ്‌കോയിൽ നിന്നും 375 കോടി രൂപ കൂടി അനുവദിച്ചതായി തദ്ദേശസ്വയംഭരണ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. വരുംദിവസങ്ങളിൽ തുക ഗുണഭോക്താക്കൾക്ക് ലഭിക്കും. വീട് ഇല്ലാത്ത 1,84,255 പേർക്ക് വീട് വച്ചു നൽകാനാണ് സർക്കാർ ഹഡ്‌കോയിൽ നിന്നും 4000 കോടി രൂപ വായ്പയെടുത്തത്. വീട് നിർമാണം പുരോഗമിക്കുന്നതനുസരിച്ചാണ് ഗുണഭോക്താക്കൾക്ക് തുക ബാങ്ക് അക്കൗണ്ടിൽ നൽകുന്നത്. ഹഡ്‌കോയിൽ നിന്ന് വായ്പയുടെ നാലാം ഗഡുവാണ് ഇപ്പോൾ അനുവദിച്ചത്. നേരത്തെ ലഭിച്ച 1125 കോടി രൂപ ലൈഫ് ഗുണഭോക്താക്കൾക്ക് നൽകിക്കഴിഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അനുവദിച്ച 716 കോടി രൂപയും സംസ്ഥാന സർക്കാർ അനുവദിച്ച 425 കോടി രൂപയും ഗുണഭോക്താക്കൾക്ക് ഇതിന് മുമ്പ് നൽകി. ലൈഫ് ഭവനപദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് ഇതുവരെ 3041 കോടി രൂപയാണ് ഗുണഭോക്താക്കൾക്ക് ലഭ്യമാക്കിയത്.
കേരളത്തിലെ ഭവനരഹിതരുടെ പ്രശ്‌നങ്ങൾക്ക് ശാശ്വതപരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ലൈഫ് മിഷൻ പദ്ധതി മൂന്ന് ഘട്ടങ്ങളിലായിട്ടാണ് നടപ്പിലാക്കുന്നത്. 2015-16ൽ വിവിധ സർക്കാർ ഭവനനിർമാണ പദ്ധതികളിൽ വീട് ലഭിച്ചെങ്കിലും സാമ്പത്തിക പരാധീനതകൾ കാരണം നിർമാണം പകുതിവഴിയിൽ ഉപേക്ഷിച്ച 54,446 പേർക്കായിരുന്നു ഒന്നാംഘട്ടത്തിൽ വീട് അനുവദിച്ചത്. ഇതിൽ 50,958 പേർ വീടുനിർമാണം പൂർത്തീകരിച്ചു. രണ്ടാംഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതരുടെ ഭവനനിർമാണമാണ് ഏറ്റെടുത്തത്.
ലൈഫ് മിഷൻ പദ്ധതിയുടെ മൂന്നാംഘട്ടവും ആരംഭിച്ചിട്ടുണ്ട്. വീടും സ്ഥലവും ഇല്ലാത്തവർക്ക് ഭവനസമുച്ചയങ്ങൾ നിർമിച്ചു നൽകുന്ന പദ്ധതിയാണിത്. ഇടുക്കി ജില്ലയിലെ അടിമാലി ഗ്രാമപഞ്ചായത്തിലെ മച്ചിപ്ലാവ് എന്ന സ്ഥലത്ത് 217 വീടുകൾ ഉൾപ്പെടുന്ന ഒരു ഏഴുനില സമുച്ചയം പണിപൂർത്തിയാക്കി. ഇതിൽ ഓരോ വീട്ടിലും രണ്ടു കിടപ്പുമുറികൾ, അടുക്കള, ഹാൾ സൗകര്യങ്ങളുണ്ട്. 460 ചതുരശ്ര അടി വിസ്തീർണമുള്ള വീടുകളാണ്. ഓരോ ജില്ലയിലും ഒരു ഭവനസമുച്ചയം വീതം നിർമിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്.
