സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

ഇത്തവണത്തെ സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ആലപ്പുഴ ജില്ലയിലെ കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. എല്ലാ സ്‌കൂളുകളിലും സംസ്ഥാനതല ഉദ്ഘാടന സമ്മേളനം തത്സമയം പ്രദർശിപ്പിക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്തണം. അതിനുശേഷമായിരിക്കണം ജില്ലകളിൽ സ്‌കൂൾതല പ്രവേശനോത്സവവും, ജില്ലാതല പ്രവേശനോത്സവവും നടത്തേണ്ടത്. സ്‌കൂൾ പ്രവേശന നടപടികൾ സുഗമമായി പൂർത്തികരിക്കണമെന്ന് മന്ത്രി പറഞ്ഞു.

പ്രവേശനോത്സവ പരിപാടികൾ വിപുലമായ രീതിയിൽ ജനകീയ ഘടകങ്ങളുമായി ആലോചിച്ച് സംഘടിപ്പിക്കണം. കൃത്യസമയത്തു തന്നെ അഡ്മിഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്. സ്‌കൂളിനെ ഒറ്റ യൂണിറ്റായി കണ്ട് പ്രവേശനോത്സവം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ സ്‌കൂൾ പ്രിൻസിപ്പാൾ/ഹെഡ്മാസ്റ്റർമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കേണ്ടതാണ്.

ഈ നിർദ്ദേശങ്ങൾ സംബന്ധിച്ച് ഉപജില്ലാ/ജില്ലാവിദ്യാഭ്യാസ ഓഫീസ് തലങ്ങളിൽ പ്രിൻസിപ്പാൾ, പ്രധാനാധ്യാപകരുടെ യോഗം വിളിച്ചു ചേർക്കേണ്ടതും ഡയറ്റ് ഫാക്കൽറ്റി അക്കാര്യത്തിൽ ഓഫീസർമാരെ സഹായിക്കേണ്ടതുമാണ്. ഈ വർഷത്തെ ടൈംടേബിൾ തയ്യാറാക്കുമ്പോൾ കലാ-കായിക-സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ എന്നിവയ്ക്ക് സമയം ലഭിക്കത്തക്ക രൂപത്തിൽ ടൈംടേബിൾ തയ്യാറാക്കണം. മെയ് 27 ന് ഡി.ഡി. മാർ എയിഡഡ് മാനേജ്മെന്റിന്റെയും സർക്കാർ സ്‌കൂളുകളുടെയും സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ട് നൽകണം.

ലഹരി ഉപയോഗം, വാഹന ഉപയോഗം, അക്രമവാസന തടയൽ, പരിസര ശുചിത്വം, വ്യക്തിശുചിത്വം, വൈകാരിക നിയന്ത്രണം ഇല്ലായ്മ, പൊതുമുതൽ നശീകരണം, ആരോഗ്യ പരിപാലനം, നിയമ ബോധവൽക്കരണം, മൊബൈൽ ഫോണിനോടുള്ള അമിതാസക്തി, ഡിജിറ്റൽ ഡിസിപ്ലീൻ, ആരോഗ്യകരമല്ലാത്ത സോഷ്യൽ മീഡിയാ ഉപയോഗം എന്നീ വിഷയങ്ങൾ സംബന്ധിച്ച് ജൂൺ 2 മുതൽ രണ്ടാഴ്ചക്കാലം ഒന്നു മുതൽ 10 വരെ ക്ലാസ്സുകൾ കൈകാര്യം ചെയ്യാവുന്നതാണ്. പൊതുവായിട്ടുള്ള ഒരു മാർഗ്ഗരേഖ ഉണ്ടാക്കി രണ്ട് ദിവസം വർക്ക്‌ഷോപ്പ് നടത്തി പോലീസ്, എക്‌സൈസ്, ബാലവകാശ കമ്മീഷൻ, സോഷ്യൽ ജസ്റ്റിസ്, എൻ.എച്ച്.എം., വിമൻ ആന്റ് ചൈൽഡ് ഡവലപ്‌മെന്റ്, എസ്.സി.ഇ.ആർ.ടി., കൈറ്റ്, എസ്.എസ്.കെ. എന്നിവയുടെ നേതൃത്വത്തിൽ ക്ലാസ്സുകൾ നടത്തും.

സംസ്ഥാനത്തെ 1680 ഗവൺമെന്റ്, എയിഡഡ്, ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ സൗഹൃദ ക്ലബ്ബുകൾ പ്രവർത്തിച്ചു വരുന്നുണ്ട്. സ്‌കൂളുകളിലെ അധ്യാപകൻ/അധ്യാപികയ്ക്ക് സൗഹൃദ കോർഡിനേറ്റർമാരുടെ ചുമതല നൽകിയിട്ടുണ്ട്. കോർഡിനേറ്റർമാർക്ക് 4 ദിവസത്തെ പരീശീലനം നടത്തിയിട്ടുണ്ട്. കൗമാരക്കാരായ കുട്ടികൾക്കിടയിലെ ആത്മഹത്യ പ്രവണത തടയാനും മികച്ച മാനസിക ആരോഗ്യം സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ളതാണ് സൗഹൃദ ക്ലബ്ബുകൾ.

സ്‌കൂളിൽ മെന്ററിംഗ് ശക്തിപ്പെടുത്തുകയും മെന്റർമാർ നിരന്തരം വിദ്യർത്ഥികളോട് സമ്പർക്കം പുലർത്താനും ആയതിന്റെ ഡയറി സൂക്ഷിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ആത്മഹത്യ പ്രവണതയ്‌ക്കെതിരെ ബോധവൽക്കരണം, ടെലി കോൺഫറൻസിംഗ്, പരീക്ഷ പേടി എന്നിവ സംബന്ധിച്ച പരിപാടികളുടെ ഉദ്ഘാടനം ജൂൺ രണ്ടിന് സ്‌കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് നടക്കും.

പ്ലസ് വൺ പ്രവേശനം നടപടിക്രമങ്ങൾ ആരംഭിച്ചു. ഓൺലൈൻ അപേക്ഷ സമർപ്പണം ഇന്നു മുതൽ ഈ മാസം 20 വൈകുന്നേരം 5 മണി വരെ നടത്താം. ഇതുവരെ പതിമൂവായിരം അപേക്ഷകൾ സമർപ്പിക്കപ്പെട്ടിട്ടുണ്ട്. കാന്റിഡേറ്റ് ലോഗിൻ സൃഷ്ടിക്കുകയും നാലായിരത്തി അഞ്ഞൂറ് പേർ അപേക്ഷ സമർപ്പണം പൂർത്തീകരിക്കുകയും ചെയ്തതായി മന്ത്രി അറിയിച്ചു.