2025-26 അധ്യയന വർഷത്തെ സ്‌കൂൾ തുറക്കലുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങൾ നടത്തി വരുന്നതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്‌കൂൾ കുട്ടികളുടേയും കെട്ടിടങ്ങളുടേയും സുരക്ഷ ഉറപ്പുവരുത്തണമെന്നും ജൂൺ 2 ന് സ്‌കൂൾ തുറക്കലിനു മുന്നോടിയായി സ്‌കൂൾ പരിസര ശുചീകരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ കൃത്യമായി നടപ്പിലാക്കണമെന്നും മന്ത്രി നിർദേശിച്ചു.
കുട്ടികളുടെ സുരക്ഷയെ മുൻനിർത്തി സ്‌കൂൾ കെട്ടിടത്തിന്റെ ഫിറ്റ്‌നസ് വളരെ പ്രധാനപ്പെട്ടതാണ്. ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്ന് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ ക്ലാസുകൾ നടത്തുവാൻ കഴിയൂ. സുരക്ഷ മുൻനിർത്തി സ്‌കൂൾ പരിസരം വൃത്തിയാക്കേണ്ടതും അപകടകരമായ സാഹചര്യങ്ങൾ ഒഴിവാക്കേണ്ടതുമാണ്. സ്‌കൂളിൽ സുരക്ഷിതവും പ്രചോദനപരവുമായ ഒരു പഠനാന്തരീക്ഷം ഉണ്ടായിരിക്കേണ്ടതാണ്. ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ ഇറക്കിയിട്ടുണ്ട്.
അധ്യയനവർഷാരംഭം മുതൽ കുട്ടികളുടെ സുരക്ഷയ്ക്ക് അതീവ പ്രാധാന്യം നൽകേണ്ടതുണ്ട്. വീട്ടിൽ നിന്നു സ്‌കൂളിലേക്കും സ്‌കൂളിൽ നിന്നും വീട്ടിലേയ്ക്കും കുട്ടികൾ സഞ്ചരിക്കുമ്പോൾ ഉണ്ടാവേണ്ട യാത്രാസുരക്ഷ, സ്വകാര്യ വാഹനങ്ങൾ, പൊതുവാഹനങ്ങൾ, സ്‌കൂൾ ബസ് തുടങ്ങിയവ ഉപയോഗിക്കുമ്പോൾ കുട്ടികളുടെ സുരക്ഷ മുൻനിർത്തി പാലിക്കേണ്ട മുൻകരുതലുകൾ, റോഡ്, റെയിൽവേ ലൈൻ എന്നിവ ക്രോസ് ചെയ്യുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങൾ, ജലഗതാഗതം ഉപയോഗിക്കുന്ന കുട്ടികളുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ ഇതെല്ലാം സ്‌കൂൾ തലത്തിൽ അവലോകനം നടത്തി വേണ്ടത്ര സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തണമെന്ന് മന്ത്രി പറഞ്ഞു.
സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂളും പരിസരവും നന്നായി വൃത്തിയാക്കണം. പി.ടി.എ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, പൂർവ്വവിദ്യാർത്ഥി സംഘടന തുടങ്ങിയ ജനകീയ ഘടകങ്ങളെ മുൻനിർത്തി ക്ലാസ്സ് മുറികളും, സ്‌കൂളും പരിസരവും വൃത്തിയാക്കുന്നതിന് മുൻകൈയെടുക്കണം. സ്‌കൂൾ അന്തരീക്ഷം ആകർഷകമാക്കുന്നതിനു വേണ്ടിയുള്ള എല്ലാ പ്രവർത്തനങ്ങളും നടത്തേണ്ടതാണ്.
സ്‌കൂൾ അടുക്കള, പാചകം ചെയ്യുന്ന പാത്രങ്ങൾ തുടങ്ങിയവ നിർബന്ധമായും ശുചീകരിക്കേണ്ടതും അണുവിമുക്തമാക്കേണ്ടതുമാണ്. ഉപയോഗശേഷം സൂക്ഷിച്ചിരിക്കുന്ന ധാന്യങ്ങൾ, മറ്റ് കാലാവധി കഴിഞ്ഞ ഭക്ഷണ വസ്തുക്കൾ ഉൾപ്പെടെ ഉപയോഗിക്കുന്നില്ലെന്ന് പ്രധാന അദ്ധ്യാപകൻ ഉറപ്പുവരുത്തേണ്ടതാണ്. പാചകത്തൊഴിലാളികൾ ഹെൽത്ത് കാർഡ് എടുത്തുവെന്ന് ഉറപ്പാക്കണം. സ്‌കൂൾ തുറക്കുന്ന ദിവസം തന്നെ ഉച്ചഭക്ഷണ വിതരണം ആരംഭിക്കേണ്ടതാണ്.
ജില്ലകളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ, കോർപ്പറേഷൻ മേയർ, മുനിസിപ്പൽ ചെയർമാൻ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, വിദ്യാഭ്യാസ ഉപഡയറക്ടർ, ആർ.ഡി.ഡി, എ.ഡി – വി.എച്ച്.എസ്.സി, ഡയറ്റ് പ്രിൻസിപ്പാൾ, ഡി.പി.സി എന്നിവരുടെ യോഗം ജില്ലാതലത്തിൽ ചേരുന്നതിനാവശ്യമായ നടപടികൾ വിദ്യാഭ്യാസ ഉപഡയറക്ടർമാർ കൈക്കൊള്ളേണ്ടതും സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ ചർച്ച ചെയ്യേണ്ടതും തുടർപ്രവർത്തനങ്ങൾ നടത്തേണ്ടതുമാണ്. സ്‌കൂൾ തലത്തിൽ പി.റ്റി.എ യോഗം ചേർന്ന് മുന്നൊരുക്കങ്ങൾ ആസൂത്രണം ചെയ്യേണ്ടതാണ്. യാത്രാസുരക്ഷ സ്‌കൂൾ ബസ്സുകളിൽ കയറ്റാവുന്ന കുട്ടികളുടെ എണ്ണം, വാഹനത്തിന്റെ ഫിറ്റ്‌നസ് മുതലായവ സംബന്ധിച്ച് മോട്ടോർവാഹന വകുപ്പ് നിഷ്‌കർഷിച്ച മാനദണ്ഡങ്ങൾ പാലിക്കണം. കൂടാതെ ഓട്ടോ, ടാക്‌സി, വാൻ, പ്രൈവറ്റ് ബസ് എന്നിവയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുള്ള യാത്ര ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾ/അസോസിയേഷനുമായിബന്ധപ്പെട്ട് ചർച്ച നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണെന്ന് മന്ത്രി പറഞ്ഞു.
കുട്ടികളുടെ ബസ് യാത്രയിൽ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് കൃത്യമായ സ്റ്റോപ്പുകളിൽ കുട്ടികൾക്ക് ഇറങ്ങുന്നതിനും കയറുന്നതിനും ആവശ്യമായ സമയം നൽകുന്നുണ്ടെന്ന് ഉറപ്പാക്കണം. ബസിന്റെ ഫുട്‌ബോഡിൽ നിന്ന് കുട്ടികൾ യാത്ര ചെയ്യുന്നുണ്ടെങ്കിൽ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി ആവശ്യമായ തുടർനടപടി സ്വീകരിക്കേണ്ടതാണ്. കുട്ടികൾ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി, പോലീസ് ക്ലീയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് ബന്ധപ്പെട്ട പോലീസ് സ്റ്റേഷൻ അധികാരികളുടെ സഹായം തേടേണ്ടതാണ്. സ്‌കൂൾ കുട്ടികളുടെ യാത്രാ സമയങ്ങളിൽ ചരക്ക് വാഹനങ്ങൾ ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങളുടെ നിയന്ത്രണം ബന്ധപ്പെട്ട അധികാരികൾ ഉറപ്പു വരുത്തണം.