കൊച്ചി: കഴിഞ്ഞ വർഷമുണ്ടായ പ്രളയം എറണാകുളം ജില്ലയിലെ ഒൻപത് കൈത്തറി സഹകരണ സംഘങ്ങളിലും ചേന്ദമംഗലം യാൺ ബാങ്ക്, ഖാദി മേഖല എന്നിവിടങ്ങളിലും കനത്ത നാശനഷ്ടങ്ങൾക്ക് കാരണമായി. കൈത്തറി മേഖലയിലെ 250ലേറെ തറികൾക്ക് നാശനഷ്ടം സംഭവിച്ചു. സംഘങ്ങളുടെ ഉൽപ്പന്നങ്ങൾ, നൂൽ അടക്കമുള്ള അസംസ്കൃത വസ്തുക്കൾ, ഡൈ ഹൗസ്, വർക്ക് ഷെഡ്, ഫർണീച്ചറുകൾ എന്നിവയ്ക്കെല്ലാം നാശനഷ്ടമുണ്ടായി. ഇക്കാരണങ്ങളാൽ തന്നെ നാലര മാസത്തോളമാണ് കൈത്തറി മേഖലയിൽ തൊഴിൽ സ്തംഭനം ഉണ്ടായത്. മുന്നൂറോളം നെയ്ത്തുകാർക്കും ഇരുപത്തിയഞ്ചോളം അനുബന്ധ തൊഴിലാളികൾക്കും അവരെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങൾക്കും വലിയ സാമ്പത്തിക പ്രതിസന്ധി ഇതോടെ നേരിടേണ്ടി വന്നു. മേഖലയുടെ പുനരുദ്ധാരണം ഘട്ടംഘട്ടമായി പൂർത്തിയാക്കി.
കൈവിട്ടു പോകും എന്ന് കരുതിയ കൈത്തറി മേഖലയിൽ സംസ്ഥാന സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സമയോചിതമായ ഇടപെടലുകളെ തുടർന്ന് പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഊർജ്ജസ്വലമായി നടപ്പാക്കി. ജില്ലാ കളക്ടർ ആയിരുന്ന മുഹമ്മദ് വൈ സഫിറുള്ള ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുമായി നിരന്തരം ബന്ധപ്പെട്ട് പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
2.84 കോടി രൂപയുടെ നാശനഷ്ടങ്ങളാണ് കൈത്തറി സംഘങ്ങൾക്ക് ഉണ്ടായത്. എറണാകുളം, ആലപ്പുഴ, തൃശ്ശൂർ ജില്ലകളിലെ സംഘങ്ങൾക്ക് ആവശ്യമായ നൂൽ വിതരണം ചെയ്യുന്ന ചേന്ദമംഗലം യാൺ ബാങ്കിൽ സൂക്ഷിച്ചിരുന്ന 31.21 ലക്ഷം രൂപയുടെ നൂൽ വെള്ളം കയറി നശിച്ചു. വിവിധ എൻജിഒകളും ധനസഹായവുമായെത്തി. ഇത്തരത്തിലുള്ള സഹായങ്ങൾ ലഭിച്ചതോടെ കേടുപാടുകൾ സംഭവിച്ച എല്ലാ തറികളുടേയും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പ്രവർത്തന സജ്ജമാക്കി. പുനരുദ്ധാരണ പ്രവർത്തനങ്ങളിലൂടെ പുതിയ 14 തറികളും സംഘങ്ങൾക്ക് ലഭിച്ചു.
പ്രളയത്തിൽ തകർന്ന ഈ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ചേന്ദമംഗലത്ത് ജില്ലയിലെ എല്ലാ കൈത്തറി സംഘങ്ങൾക്കും പ്രയോജനം ലഭിക്കുന്ന വിധത്തിൽ ഒരു കോമൺ ഫെസിലിറ്റി സെന്റർ (സി.എഫ്.സി) സ്ഥാപിക്കുന്നതിന് തീരുമാനിക്കുകയും സർക്കാർ അംഗീകാരവും ലഭിച്ചിട്ടുള്ളതാണ്. 2.35 കോടി രൂപ ചെലവിൽ യാൺ ബാങ്ക്, ഡൈയിംഗ് യൂണിറ്റ്, ഡ്രൈയിംഗ് ബ്ലോക്ക് എന്നീ സൗകര്യങ്ങളോടെയാണ് നിർദ്ദിഷ്ട കോമൺ ഫെസിലിറ്റി സെന്റർ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ചേന്ദമംഗലം യാൺ ബാങ്കിന് സ്വന്തമായുള്ള ഭൂമിയിൽ നിന്ന് 30 സെൻറ് സ്ഥലം 15 വർഷത്തേേക്ക് ലീസിന് വിട്ടുനൽകാനുള്ള സമ്മതപത്രവും കൈമാറി. നടപ്പ് സാമ്പത്തിക വർഷം ഈ പദ്ധതിയിലേക്ക് സർക്കാർ 50 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
യാൺ ബാങ്ക് സ്ഥലത്ത് സ്ഥാപിക്കുന്ന സി.എഫ്.സിയിലേക്ക് പ്രവേശിക്കാൻ നിലവിൽ സൗകര്യപ്രദമായ വഴിക്കുള്ള സ്ഥലം ലഭ്യമല്ല. ഈ പ്രശ്നം പരിഹരിക്കുന്നതിനായി സമീപ പ്രദേശത്തെ സ്ഥലം ഉടമകളോട് ചർച്ചകൾ നടത്തുകയും ഭൂരിപക്ഷം പേരും സ്ഥലം വിട്ടുനൽകാൻ സമ്മതമാണെന്ന് അറിയിക്കുകയും ചെയ്തു. ഇതിനായുള്ള ചർച്ചകൾ തുടർന്നു വരികയാണ്.
*അതിജീവിച്ച് ഖാദിയും:*
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ നിയന്ത്രണത്തിൽ എറണാകുളം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന് കീഴിൽ 19 സ്പിന്നിങ് യൂണിറ്റുകൾ, ഏഴ് വീവിംഗ് യൂണിറ്റുകൾ, ഒരു ഖാദി ഗ്രാമ സൗഭാഗ്യ, രണ്ട് ഖാദി സൗഭാഗ്യ, മൂന്ന് ഗ്രാമ സൗഭാഗ്യ എന്നിവയാണ് ഉള്ളത്. ഖാദി ഉൽപാദന കേന്ദ്രങ്ങളിൽ 370 തൊഴിലാളികളാണ് ജോലി ചെയ്തു വരുന്നത്. പ്രളയത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കരിമ്പാടം, മുറവൻതുരുത്ത്, പാലിയംതുരുത്ത്, കരുമാലൂർ (സ്ട്രീറ്റ് വീവിംഗ്) എന്നീ ഖാദി ഉൽപാദന കേന്ദ്രങ്ങളിൽ വെള്ളം കയറി. മൂവാറ്റുപുഴ ഖാദി സൗഭാഗ്യ, മലയാറ്റൂർ ഗൂർഖണ്ഡസാരി വ്യവസായ സഹകരണ സംഘം, ഖാദി സ്ഥാപനങ്ങളായ കേരള ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസ് ഫെഡറേഷൻ, ഗാന്ധി സ്മാരക ഗ്രാമ സേവാ കേന്ദ്രം എന്നിവിടങ്ങളിലെ ഉൽപ്പന്നങ്ങളും സാധന സാമഗ്രികളും വെള്ളം കയറി നശിച്ചു. ഖാദി മേഖലയിലുണ്ടായ ആകെ നഷ്ടം 2.58 കോടി രൂപയാണ്.
ഖാദി മേഖലയിലെ ഗാന്ധി സ്മാരക ഗ്രാമ സേവാ കേന്ദ്രത്തിന്റെ നാശമുണ്ടായ ചർക്കകൾക്കും തറികൾക്കും അറ്റകുറ്റപ്പണികൾ നടത്തുന്നതിനും പൂർണമായും നശിച്ച ചർക്കകൾക്ക് പകരം പുതിയത് വാങ്ങുന്നതിനുമായി കൊച്ചിൻ ഷിപ്പ് യാർഡ് 21,11,000 രൂപ സി.എസ്.ആർ ഫണ്ടിൽ നിന്നും അനുവദിച്ചു. പൂർണമായും തകർന്ന 54 ചർക്കകൾക്കും ഒൻപത് തറികൾക്കും പകരം പുതിയവ നിർമ്മിച്ചു. കേടുവന്ന 107 ചർക്കകളും 49 തറികളും അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തന ക്ഷമമാക്കി. കൂടാതെ ഈ സ്ഥാപനത്തിന് അസംസ്കൃത വസ്തുക്കൾ വാങ്ങുന്നതിന് പ്രവർത്തന മൂലധനമായി 6,80,000 രൂപ ധനസഹായം ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും നൽകിയിട്ടുണ്ട്.
ക്യാപ്ഷൻ: 1. പ്രളയത്തിൽ കേടുവന്ന കൈത്തറി സംഘം
2. പ്രളയത്തിനുശേഷം പ്രവർത്തന സജ്ജമാക്കിയ തറികൾ