പ്രകൃതിയോടിണങ്ങിയാവണം വികസനമുണ്ടാവേണ്ടതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. കല്ലിശേരി-ഇരവിപേരൂര്‍ റോഡിന്റെ നിര്‍മാണ ഉദ്ഘാടനം നെല്ലാട് ജംഗ്ഷനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രകൃതി വിയോജിച്ചാല്‍ നമുക്ക് ഒന്നും ചെയ്യുവാന്‍ കഴിയുകയില്ല. പ്രളയങ്ങള്‍ അതാണ് സാക്ഷ്യപ്പെടുത്തുന്നത്. അതു കൊണ്ട് പ്രകൃതിയോട് യോജിക്കുന്ന കാഴ്ചപ്പാടിലാവണം വികസനം സൃഷ്ടിക്കേണ്ടത്.
ജനങ്ങളെ എന്നും കരുതലോടെ നോക്കുന്ന സര്‍ക്കാരാണിത്. ജനങ്ങളുടെ അടിസ്ഥാന വികസനത്തിലൂന്നിയാണ് സര്‍ക്കാന്‍ മുന്‍പോട്ടു പോകുന്നത്. പിന്നോക്ക ജില്ല എന്നറിയപ്പെട്ടിരുന്ന പത്തനംതിട്ട വികസനത്തിന്റെ പാതയില്‍ കുതിക്കുകയാണ്. കൃഷി, കെട്ടിടം, വിദ്യാഭ്യാസം എന്നിവയിലെല്ലാം വികസനം കൈവരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സ്‌നേഹ കുടുംബശ്രീ പ്രവര്‍ത്തകര്‍ സമാഹരിച്ച പതിനായിരം രൂപ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി. മന്ത്രി സംഭാവന ഏറ്റുവാങ്ങി.

വീണാ ജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, കേരള ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.കെ. അനന്തഗോപന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമന്‍ കൊണ്ടൂര്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. കൃഷ്ണകുമാര്‍, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എംടി അനസൂയദേവി, വൈസ് പ്രസിഡന്റ് അഡ്വ. എന്‍. രാജീവ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ സി സജികുമാര്‍, ജനപ്രതിനിധികള്‍, സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തകര്‍, പൊതുമരാമത്ത് നിരത്തു വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ആര്‍.അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തിരുവല്ല-കുമ്പഴ സംസ്ഥാനപാതയേയും എം. സി. റോഡിനേയും ബന്ധിപ്പിക്കുന്നതാണ് കല്ലിശേരി-ഇരവിപേരൂര്‍ റോഡ്. തിരുവല്ല-കുമ്പഴ സംസ്ഥാനപാതയിലെ നെല്ലാട് ജംഗ്ഷനെയും എം.സി. റോഡിലെ ചെങ്ങന്നൂരിനടുത്തുളള കല്ലിശേരിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. റോഡിന് 7.510 കിലോമീറ്റര്‍ ദൂരമാണുളളത്. റോഡിന്റെ രണ്ടു കിലോ മീറ്റര്‍ ദൂരം വരെ ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിന്റെയും രണ്ടു മുതല്‍ 7.510 കിലോ മീറ്റര്‍ വരെ ആറന്‍മുള നിയോജകമണ്ഡലത്തിന്റെയും പരിധിയില്‍പ്പെടുന്നതാണ്. ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന രണ്ടു കിലോ മീറ്റര്‍ ഭാഗം നിലവില്‍  ബി. എം. ആന്‍ഡ് ബി. സി. പ്രവര്‍ത്തി നേരത്തെ പൂര്‍ത്തീകരിച്ചിരുന്നു. വീണാ ജോര്‍ജ് എംഎല്‍എയുടെ ശ്രമഫലമായാണ് കല്ലിശേരി-ഇരവിപേരൂര്‍ റോഡ് നവീകരണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
ബഗോറ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ്
റോഡ് നിര്‍മാണം നടത്തുക. 12 മാസമാണ് നിര്‍മാണ കാലാവധി. 6.60 ലക്ഷം രൂപയാണ് നിര്‍മാണതുക. ആധുനിക രീതിയില്‍ റോഡ് ബി.എം. ആന്‍ഡ് ബി.സി. ചെയ്ത് സുരക്ഷാസംവിധാനങ്ങളും ഒരുക്കും.