ആര്‍ദ്രം മിഷന് രാജ്യത്തിന് മാതൃക – മന്ത്രി കടകംപള്ളി സുരേന്ദ്രന്
ആരോഗ്യമേഖലയിലെ സമഗ്രവികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ ആര്‍ദ്രം മിഷന് രാജ്യത്തിന് മാതൃകയാണെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ചക്കുവരയ്ക്കല്‍ ആഞ്ചാണാംകുഴിയില് വെട്ടിക്കവല ബ്ലോക്ക് സഹകരണ ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വികസിത രാജ്യങ്ങളോട് കിടപിടിക്കത്തക്കരീതിയില്‍ കേരളത്തിലെ ആരോഗ്യ മേഖല മാറിക്കഴിഞ്ഞു. സര്‍ക്കാരിന്റെ ജനകീയവും ജനാധിപത്യപരവുമായ നയങ്ങളാണ് ആരോഗ്യമേഖലയിലെ വളര്‍ച്ചയ്ക്ക് കാരണമായത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ആരോഗ്യ മേഖലയുടെ പുരോഗതിക്കും വികസനത്തിനുമായി 1000 പുതിയ തസ്തികകളാണ് സൃഷ്ടിച്ചത്. നിപ്പ പോലെയുള്ള രോഗങ്ങളെ പ്രതിരോധിച്ചത് ആരോഗ്യ മേഖലയില്‍ നേടിയ കരുത്തിന്റെ അടയാളമാണെന്നും മന്ത്രി പറഞ്ഞു.
കെ.ബി. ഗണേഷ്കുമാര് എം.എല്‍.എ അധ്യക്ഷനായി. സഹകരണ ആശുപത്രി പ്രസിഡന്റ് ബി.ആര്. ശ്രീകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ലബോറട്ടറിയുടെ പ്രവര്‍ത്തനോദ്ഘാടനം വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ചന്ദ്രകുമാരി നിര്‍വഹിച്ചു.
സഹകരണ എംപ്ലോയീസ് വെല്‍ഫയര്‍ ബോര്‍ഡ് വൈസ് ചെയര്മാന് കെ. രാജഗോപാല്‍ ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ആശുപത്രി സ്ഥാപകരില്‍ പ്രധാനിയും ദീര്‍ഘനാള്‍ പ്രസിഡന്റുമായിരുന്ന കെ.കെ. ബാലകൃഷ്ണപിള്ളയുടെ ചിത്രം കശുവണ്ടി വികസന കോര്പ്പറേഷന് ഡയറക്ടര്‍ ബോര്‍ഡ് അംഗം ആര്. സഹദേവന് അനാച്ഛാദനം ചെയ്തു.
ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതികളുടെ ഉദ്ഘാദനം ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആര്. രാജഗോപാലന്‍ നായര്‍ നിര്‍വഹിച്ചു. കെട്ടിടത്തിന്റെ താക്കോല്‍ ദാനവും കമ്പ്യൂട്ടര്‍വത്ക്കരണവും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ജോണ്സന് നിര്‍വഹിച്ചു. ആശുപത്രിക്ക് ഭൂമി നല്കിയ ഇടമുകളില് വീട്ടില്‍ ചെറുപ്പെണ്ണിനെ ആദരിച്ചു.
വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈന്‍ പ്രഭ, ജില്ലാ പഞ്ചായത്ത് അംഗം സരോജിനി ബാബു, സീരിയല്‍ താരം പ്രമോദ് മണി, ഡോ. എസ്. കണ്ണനുണ്ണി, വാര്‍ഡ് മെമ്പര്‍ ജെ. മോഹന്‍ കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, സഹകരണ സംഘം പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പുതിയ കെട്ടിടത്തില്‍ ലബോറട്ടറി, ഇ.സി.ജി, ഒബ്സെര്വേഷന് വാര്‍ഡ് തുടങ്ങിയ സംവിധാനങ്ങളാണ് ആരംഭിക്കുന്നത്. 27 ലക്ഷം രൂപ ചിലവഴിച്ചു ബ്ലോക്ക് പഞ്ചായത്താണ് കെട്ടിടം നിര്‍മ്മിച്ചത്.