* ബോധ്യം പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തു

പോലീസ് സ്റ്റേഷനുകളിൽ സ്ത്രീകൾക്ക് മാന്യമായ പെരുമാറ്റം കിട്ടണമെന്ന് ആരോഗ്യ, സാമൂഹികനീതി, വനിതാശിശുവികസനവകുപ്പ് മന്ത്രി കെ.കെ.ശൈലജടീച്ചർ പറഞ്ഞു. ഇതിനായി സ്ത്രീകൾ തുല്യ ഉത്തരവാദിത്വവും അവകാശവും ഉള്ള പൗരരാണെന്നത് ആദ്യം ഉൾക്കൊള്ളണം. പോലീസിന് ജനകീയതയുണ്ടാകണം. വിവിധ സംരക്ഷണനിയമങ്ങൾ പഠിക്കണം. ലിംഗസമത്വം ഉറപ്പാക്കാനുള്ള ഇടപെടൽ പോലീസിൽനിന്ന്, പ്രത്യേകിച്ചും വനിതാപോലീസിൽനിന്ന് ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന വനിതാവികസനകോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന പോലീസ് സേനയിലെ ഉദ്യോഗസ്ഥർക്കായി ബോധ്യം എന്ന പേരിൽ ചതുർദിന പരിശീലനപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്ത്രീകളുടെയും ലൈംഗികന്യൂനപക്ഷങ്ങളുടേയും മേലുള്ള ലിംഗാധിഷ്ഠിത അതിക്രമം തടയാനുള്ള ബോധവത്കരണത്തിനായാണ് പരിശീലനപരിപാടി.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ഒരുതരത്തിലുള്ള അതിക്രമവും വെച്ചുപൊറുപ്പിക്കില്ല എന്ന ബോധ്യത്തോടെയാണ് ബോധ്യം പരിശീലനപരിപാടി സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സ്ത്രീയെ ഉപഭോഗവസ്തു ആയി കാണുന്ന സംസ്‌കാരമാണ് നിലനിൽക്കുന്നത്.

ആളുകളുടെ മനോഭാവം മാറിയോ എന്ന് ചിന്തിക്കണം. രാഷ്ട്രനിർമാണ പ്രക്രിയയിലും സമൂഹനിർമാണ പ്രക്രിയയിലും ഒരുമിച്ചു പങ്കെടുക്കാൻ കഴിയുന്ന രീതിയിൽ സ്ത്രീകൾ എത്തിയാലേ സ്ത്രീസമത്വമാവൂ എന്നും മന്ത്രി പറഞ്ഞു.

ബോധ്യം പരിശീലന മാന്വൽ പ്രകാശനം സാമൂഹികനീതി, വനിതാശിശുവികസനവകുപ്പ് സ്പഷ്യൽ സെക്രട്ടറി ബിജു പ്രഭാകറിനു നൽകി മന്ത്രി നിർവഹിച്ചു.
തൈക്കാട് പോലീസ് ട്രയിനിങ് കോളേജിൽ നടന്ന പരിപാടിയിൽ സാമൂഹികനീതി, വനിതാശിശുക്ഷേമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ അധ്യക്ഷത വഹിച്ചു.

എഡിജിപി ട്രയിനിങ് ആൻഡ് ഡയറക്ടർ ഡോ.ബി. സന്ധ്യ, ആസൂത്രണബോർഡ് മെമ്പർ സെക്രട്ടറി ഡോ.മൃദുൽ ഈപ്പൻ, സംസ്ഥാന സർക്കാർ ജെൻഡർ അഡൈ്വസർ ഡോ.ടി.കെ.ആനന്ദി, വനിതാവികസനകോർപ്പറേഷൻ ഡയറക്ടർ ലക്ഷ്മി രഘുനാഥൻ, കമല സദാനന്ദൻ, അന്നമ്മ പൗലോസ് തുടങ്ങിയവർ സന്നിഹിതരായി. കോർപ്പറേഷൻ ചെയർപേഴ്സൺ കെ.എസ്.സലീഖ സ്വാഗതവും പോലീസ് ട്രയിനിങ് കോളേജ് പ്രിൻസിപ്പൽ എ.വിജയൻ നന്ദിയും പറഞ്ഞു