കണ്ണൂർ: ഉന്നത വിദ്യാഭ്യാസത്തിനായി രാജ്യത്തിനകത്തും പുറത്തും നിന്ന് വിദ്യാര്‍ഥികള്‍ കേരളത്തിലെത്തുന്ന സാഹചര്യമുണ്ടാകണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍. തുടര്‍പഠനത്തിന് കുട്ടികള്‍ പുറത്തേക്ക് പോകുന്ന സ്ഥിതിയുണ്ട്. ഇത് മാറി മറ്റ് രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തുനിന്നും കുട്ടികള്‍ പഠിക്കാന്‍ നമ്മുടെ സംസ്ഥാനത്തെത്തണമെന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളതെന്നും അതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

തലശേരി -ചൊക്ലി ഗവ. കോളേജിനായി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്ഥായിയായ മാറ്റം പ്രകടമായിക്കൊണ്ടിരിക്കുകയാണ്. ഇതിന് മുന്നോടിയായി ആദ്യം ചെയ്തത് സമയബന്ധിതമായി പരീക്ഷകള്‍ നടത്തുകയും ഫലം പ്രഖ്യാപിക്കുകയുമാണ്.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ അധ്യയന വര്‍ഷം ഡിഗ്രി, പി ജി ക്ലാസുകള്‍ നേരത്തെ ആരംഭിച്ചു. അടുത്ത അധ്യയന വര്‍ഷം മുതല്‍ എല്ലാ ക്ലാസുകളും ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കാനാണ് ശ്രമം. എല്‍എല്‍ബി ഉള്‍പ്പെടെ എന്‍ട്രന്‍സ് പരീക്ഷകളില്‍ ചിലതെങ്കിലും ഇതിനോടകം ഓണ്‍ലൈനാക്കാന്‍ സാധിച്ചു.

അടുത്ത വര്‍ഷം എംബിഎ പരീക്ഷയും ഓണ്‍ലൈനായാണ് നടത്തുക. തൊട്ടടുത്ത വര്‍ഷങ്ങളില്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയും ഓണ്‍ലൈനായി നടത്താന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നും മന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മുന്നോട്ട് പോകാന്‍ നമുക്ക് കഴിഞ്ഞില്ലെങ്കില്‍ രാജ്യത്തിന്റെ ഇതര ഭാഗങ്ങളില്‍ നിന്ന് നാം ഒറ്റപ്പെടുന്ന സ്ഥിതിയുണ്ടാകും. ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചിരിക്കുന്നതിന്റെ തുടര്‍ച്ചയായി നിരവധി പരിഷ്‌കാരങ്ങളാണ് വരാന്‍ പോകുന്നത്.

ദേശീയ വിദ്യാഭ്യാസ നയത്തോട് യോജിപ്പും വിയോജിപ്പും കേരളത്തിനുണ്ട്. ബഹുസ്വര സാമൂഹ്യ ഘടന നിലനില്‍ക്കുന്ന രാജ്യമാണ് നമ്മുടേത്. രാജ്യത്തെ ബഹുസ്വര സംസ്‌കാരം പുഷ്ടിപ്പെടുത്തുന്നതാവണം അവിടുത്തെ വിദ്യാഭ്യാസം. നിരവധി ഭാഷകളുള്ള നമ്മുടെ രാജ്യത്ത് എല്ലാ ഭാഷകളും അഭിവൃദ്ധിപ്പെടുത്താനുള്ള ശ്രമമാണ് ഉണ്ടാകേണ്ടതെന്നും ഏതെങ്കിലും ഒരു ഭാഷ അടിച്ചേല്‍പ്പിക്കാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു.

രാജ്യത്ത് ഓരോ കുട്ടിയുടെയും സ്വത്വം വെളിപ്പെടുത്തി പഠിക്കാന്‍ കഴിയുന്ന ഏക സംസ്ഥാനം കേരളമാണ്. ഏതൊരു കുട്ടിക്കും അയാളുടെ മതവും വിശ്വാസവും ആചാരവും പ്രകടിപ്പിച്ചുകൊണ്ട് ഭയമില്ലാതെ ഇവിടെ പഠിക്കാന്‍ കഴിയുന്നു.

അധ്യാപകര്‍ തങ്ങളുടെ മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ മനസ്സിലാക്കി സ്വയം പരിഷ്‌കരിച്ചു കൊണ്ടിരിക്കണമെന്നും അപ്പോള്‍ മാത്രമേ അതിന്റെ പ്രയോജനം വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുകയുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ എ എന്‍ ഷംസീര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കെ മുരളീധരന്‍ എംപി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, തലശ്ശേരി ഗവ. കോളേജ് പ്രിന്‍സിപ്പല്‍ കെ പി പ്രേമന്‍, കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് അംഗം ഡോ. സി കെ സതീഷ്, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അഞ്ചരയേക്കര്‍ സ്ഥലത്താണ് കോളേജിനായി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നത്.