ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ സ്കില്‍ പാര്‍ക്കിന്റെ
സബ് സെന്ററായി മാറ്റും: മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ
കൊല്ലം: ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ സ്കില്‍ പാര്‍ക്കിന്റെ സബ് സെന്ററായി മാറ്റുന്ന കാര്യം പരിഗണനയിലാണെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കുളക്കട സ്കില്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച സ്കില്‍ എക്സ്പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തൊഴില്‍ സാധ്യതകളുടെ വലിയ തുറവിയായി അസാപ്പ് സംരംഭങ്ങളെ മാറ്റിയെടുക്കാന്‍ സാധിക്കുമെന്നും എന്നും മന്ത്രി പറഞ്ഞു.
മാറുന്ന കാലഘട്ടത്തിലെ സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കാന്‍ സാധിക്കുന്നു എന്നതാണ് അസാപ്പിന്റെ വിജയമെന്നും ഇത് തൊഴില്‍ ഇല്ലായ്മയ്ക്ക് പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ആദ്യസര്ക്കാര് വിദ്യാഭ്യാസത്തില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടുവന്നത്. സൗജന്യവും സാര്‍വത്രികവുമായ പഠനം എന്ന നയം നടപ്പാക്കുന്നതില്‍ വിജയിച്ചു. ഇതിന്റെ തുടര്‍ച്ചയായി പുതിയ സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ആധുനികമായ വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കംക്കുറിച്ചുവെന്നും മന്ത്രി പറഞ്ഞു.
പി അയിഷാ പോറ്റി എം എല്‍ എ അധ്യക്ഷയായി. കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി സരസ്വതി, ജില്ലാ പഞ്ചായത്ത് അംഗം ആര് രശ്മി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര് രാജേഷ് ഷൗക്കത്ത്, പഞ്ചായത്ത് അംഗങ്ങളായ ആര് ദീപ, എസ് രജിത്ത്, സിന്ക്രോ സെര്‍വ് സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ എ സി ജയചന്ദ്രന് ഡയറക്ടര്‍ ടി വി അനില്‍കുമാര്‍, ടി അനൂപ് തുടങ്ങിയവര്‍ സംസാരിച്ചു.