കാക്കനാട്: പുതിയ പദ്ധതികളുടെ നിർവ്വഹണത്തിന് പ്രാദേശികമായി തർക്കങ്ങൾ ഉണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യഥാസമയം അവ ശ്രദ്ധയിൽപ്പെടുത്തണമെന്ന് ജില്ലയിലെ എം.പിമാരുടെ പ്രാദേശിക പദ്ധതി നിർവഹണ അവലോകനയോഗത്തിൽ ഹൈബി ഈഡൻ എം.പി നിർദ്ദേശിച്ചു.

ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഹൈബി ഈഡൻ എം.പി നിർദ്ദേശിച്ച പ്രവർത്തികളുടെയും പതിനാറാം ലോക്സഭ എം.പി ആയിരുന്ന പ്രൊഫ. കെ. വി തോമസ് നിർദേശിച്ച പ്രവർത്തികളുടെയും നിർവഹണ പുരോഗതി വിലയിരുത്തി. റോഡ്, സ്കൂൾ കെട്ടിടങ്ങൾ, സ്പെഷ്യൽ സ്കൂളുകൾക്ക് ആവശ്യമായ ബസുകൾ തുടങ്ങിയ പ്രവൃത്തികൾ ഹൈബി ഈഡൻ എം.പി ശുപാർശ ചെയ്തു.

സൈറ്റ് പ്രശ്നങ്ങൾ പോലുള്ള കാരണങ്ങൾകൊണ്ട് പ്രവൃത്തി നിശ്ചിത സമയത്തിനകം പൂർത്തീകരിക്കുവാൻ സാധിച്ചില്ലെങ്കിൽ അക്കാര്യം നേരത്തെ റിപ്പോർട്ട് ചെയ്യേണ്ടതാണെന്നും മതിയായ കാരണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ സമയപരിധി നീട്ടി നൽകുന്നതിനുള്ള അപേക്ഷ പരിഗണിക്കുകയുള്ളു എന്നും അല്ലാത്തപക്ഷം ഫൈൻ ഈടാക്കി ബിൽ പാസാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു യോഗത്തിൽ അറിയിച്ചു.

യോഗത്തിൽ പങ്കെടുത്ത ഫിനാൻസ് ഓഫീസർ ജി. ഹരികുമാർ കാരണങ്ങളില്ലാതെ സമയപരിധി നീട്ടുന്നതും മുൻകൂർ അനുവാദം വാങ്ങാതെ പ്രവൃത്തികൾ ഭേദഗതി ചെയ്ത് ഫൈനൽ ബില്ലിനൊപ്പം പ്രവൃത്തികൾ നടപ്പിലാക്കിയതിന് സാധൂകരണം ആവശ്യപ്പെടുകയും ചെയ്യുന്ന പ്രവണത നടപ്പുസാമ്പത്തികവർഷത്തിൽ അനുവദിക്കില്ലെന്നും വ്യക്തമാക്കി.

മുൻ എം. പി പ്രൊഫ. കെ. വി തോമസ് എറണാകുളം ലോക്സഭാ മണ്ഡലത്തിൽ അനുവദിച്ചിരുന്ന പ്രവൃത്തികൾ 85 ശതമാനം പൂർത്തീകരിച്ചുവെന്നും ബാക്കിയുള്ളവ നിർവഹണ പുരോഗതിയിലാണെന്നും ജില്ലാ പ്ലാനിംഗ് ഓഫീസർ യോഗത്തിൽ അറിയിച്ചു. പതിനാറാം ലോക സഭയുടെ കാലാവധി കഴിഞ്ഞതിനാൽ എം.പി നിർദ്ദേശിച്ചിട്ടുള്ള പ്രവൃത്തികൾ എല്ലാം ആറുമാസത്തിനുള്ളിൽ പൂർത്തീകരിക്കേണ്ടതാണെന്നും യോഗം നിർദ്ദേശം നൽകി.

സാങ്കേതിക കാരണങ്ങളാൽ നിശ്ചിത കാലാവധിക്കുള്ളിൽ പൂർത്തീകരിക്കാൻ സാധിക്കാത്ത പ്രവൃത്തികളുടെ സമയപരിധി നീട്ടി നൽകുന്നതിനുള്ള അപേക്ഷ അടിയന്തരമായി സമർപ്പിക്കണം. അതോടൊപ്പം പൂർത്തീകരിച്ച പ്രവൃത്തികളുടെ ബില്ലുകൾ താമസം കൂടാതെ സമർപ്പിക്കാൻ ശ്രദ്ധിക്കണമെന്നും നിർവ്വഹണ ഉദ്യോഗസ്ഥർക്ക് ജില്ലാ പ്ലാനിംഗ് ഓഫീസർ നിർദ്ദേശം നൽകി.

കൊച്ചി കോർപ്പറേഷനിലെ പരമ്പരാഗതമായി അലക്കു ജോലിയിൽ ഏർപ്പെട്ടിരുന്ന ധോബി സ്ട്രീറ്റിലുള്ളവർക്ക് മൾട്ടിപർപ്പസ് ഹാൾ ആന്റ് എക്യുമെൻസ് എന്ന പ്രവൃത്തി നടപ്പിലാക്കാൻ ജില്ലാ പട്ടികജാതി വികസന ഓഫീസറോട് എസ്റ്റിമേറ്റ് തയ്യാറാക്കാൻ എം.പി ആവശ്യപ്പെട്ടു. കൂടാതെ പട്ടിക വർഗ്ഗക്കാർക്ക് പ്രയോജനം ലഭിക്കുന്ന കൊച്ചിൻ കോർപറേഷനിലെ ഫോർഷോർ റോഡിലുള്ള വർക്കിംഗ് വിമൻസ് ഹോസ്റ്റലിലേക്ക് ഇൻഫ്രാസ്ട്രക്ചർ ഫെസിലിറ്റീസ് ആന്റ് യൂട്ടിലിറ്റീസ് എന്ന പ്രവൃത്തി സംബന്ധിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് പട്ടികവർഗ്ഗ ഓഫീസർക്കും എം.പി നിർദ്ദേശം നൽകി.

എം. പി ലാഡ്സ് പ്രവൃത്തികൾ നടപ്പിലാക്കുന്നതിന് കാര്യക്ഷമവും ക്രിയാത്മകവുമായ സമീപനം സ്വീകരിക്കണമെന്നും പ്രവൃത്തികൾ പെട്ടെന്ന് പൂർത്തീകരിച്ച് ബാക്കി നിൽക്കുന്ന ഫണ്ടും റെയിൽവേയുമായി ബന്ധപ്പെട്ട പ്രവർത്തികളിൽ ഉപയോഗശേഷം ബാലൻസ് ഉള്ള ഫണ്ടും അറിയിക്കണമെന്നും എം.പി കൂട്ടിച്ചേർത്തു.
ഡെപ്യൂട്ടി കളക്ടർ എം.വി സുരേഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ . ജില്ലാ ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, റെയിൽവേ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.