ഡിജിറ്റൽ സർവ്വകലാശാല സ്ഥാപിക്കാൻ ഓർഡിനൻസ്

തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ് – കേരളയെ (ഐ.ഐ.ഐ.ടി.എം.കെ) ഡിജിറ്റൽ സർവ്വകലാശാലയായി ഉയർത്താൻ മന്ത്രിസഭ തീരുമാനിച്ചു. ഇതിനുവേണ്ടി ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാനും നിശ്ചയിച്ചു. ‘ദി കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നവേഷൻ ആന്റ് ടെക്‌നോളജി’ എന്ന പേരിലായിരിക്കും പുതിയ സർവ്വകലാശാല.

ഇൻഫർമേഷൻ ടെക്‌നോളജി വ്യവസായവും ഡിജിറ്റൽ സാങ്കേതികവിദ്യയും വികസിപ്പിക്കാൻ സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്ന നടപടികളുടെ തുടർച്ചയാണ് ഡിജിറ്റൽ സർവ്വകലാശാലയുടെ രൂപീകരണം. ഡിജിറ്റൽ ടെക്‌നോളജി എന്ന വിശാല മണ്ഡലത്തിൽ നൂതന ഗവേഷണവും സംരംഭകത്വവും വളർത്തുന്നതിനും വ്യവസായ-വിദ്യാഭ്യാസ സഹകരണം ശക്തിപ്പെടുത്തുന്നതിനും ഉദ്ദേശിച്ചാണ് സർവ്വകലാശാല രൂപീകരിക്കുന്നത്. ഗുണനിലവാരമുള്ള മാനവശക്തി വികസിപ്പിക്കാൻ ഇത് പ്രയോജനപ്പെടും.

ഡിജിറ്റൽ രംഗത്തെ പുതിയ സാങ്കേതിക വിദ്യകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ അനലിറ്റിക്‌സ്, ബ്ലോക്ക് ചെയിൻ, കോഗ്നിറ്റീവ് സയൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ്, ഓഗ്‌മെന്റഡ് റിയാലിറ്റി തുടങ്ങിയ മേഖലകൾക്ക് ഡിജിറ്റൽ സർവ്വകലാശാല ഊന്നൽ നൽകും. ഡിജിറ്റൽ മേഖലയിൽ ഉയർന്ന നിലവാരമുള്ള മാനവ ശക്തിയുടെ കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സർവ്വകലാശാലയ്ക്കു കീഴിൽ അഞ്ച് സ്‌കൂളുകൾ സ്ഥാപിക്കും. സ്‌കൂൾ ഓഫ് കമ്പ്യൂട്ടിംഗ്, സ്‌കൂൾ ഓഫ് ഇലക്‌ട്രോണിക്‌സ് ഡിസൈൻ ആന്റ് ഓട്ടോമേഷൻ, സ്‌കൂൾ ഓഫ് ഇൻഫർമാറ്റിക്‌സ്, സ്‌കൂൾ ഓഫ് ഡിജിറ്റൽ ബയോ സയൻസ്, സ്‌കൂൾ ഓഫ് ഡിജിറ്റൽ ഹ്യൂമാനിറ്റീസ് എന്നിവയാണ് അഞ്ച് സ്‌കൂളുകൾ.

ഡിജിറ്റൽ സാങ്കേതികവിദ്യാ മേഖലകളുടെ ഗവേഷണത്തിലും ബിരുദാന്തര ബിരുദ വിദ്യാഭ്യാസത്തിലുമായിരിക്കും നിർദിഷ്ട സർവ്വകലാശാല ശ്രദ്ധ കേന്ദ്രീകരിക്കുക. നിലവിൽ ഗവേഷണ കേന്ദ്രങ്ങളില്ലാത്ത കേരള സാങ്കേതിക സർവ്വകലാശാലയുടെ പ്രവർത്തനങ്ങൾക്ക് പുതിയ സർവ്വകലാശാല മുതൽക്കൂട്ടായിരിക്കും.

വിദ്യാഭ്യാസം, ഗവേഷണം എന്നിവയിൽ മികവ് പുലർത്തുന്നതിന് വ്യവസായങ്ങളുമായുള്ള ബന്ധവും സഹകരണവും ശക്തമാക്കാനും അക്കാദമിക് രംഗത്ത് അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി സഹകരിക്കാനും പുതിയ സർവ്വകലാശാല ലക്ഷ്യം വെയ്ക്കുന്നു.

വ്യവസായ ഇടനാഴിക്ക് ഭൂമി ഏറ്റെടുക്കുന്നു

കൊച്ചി-ബാംഗ്ലൂർ വ്യവസായ ഇടനാഴി കോയമ്പത്തൂർ വഴി കൊച്ചിയിലേക്ക് നീട്ടുന്നതിന്റെ ഭാഗമായി പാലക്കാട് സ്ഥാപിക്കുന്ന ഏകീകൃത ഉൽപാദന ക്ലസ്റ്ററിന്റെ വികസനത്തിന് 1351 ഏക്കർ ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചു. കിഫ്ബി സഹായത്തോടെയാണ് ഭൂമി ഏറ്റെടുക്കുക. 1038 കോടി രൂപയാണ് ചെലവ്.

വ്യവസായ ഇടനാഴി കൊച്ചിയിലേക്ക് നീട്ടുന്നതിനുള്ള കേരളത്തിന്റെ അപേക്ഷ നാഷണൽ ഇന്റസ്ട്രീയൽ കോറിഡോർ ഡവലപ്പ്‌മെന്റ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റ് അംഗീകരിച്ചിട്ടുണ്ട്. 160 കിലോമീറ്ററാണ് ഇടനാഴിയുടെ നീളം. പരിസ്ഥിതിക്ക് അനുയോജ്യമായ വ്യവസായങ്ങൾ സ്ഥാപിച്ച് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പുതുശ്ശേരി, ഒഴലപ്പതി ഭാഗങ്ങളിലാണ് ഭൂമി ഏറ്റെടുക്കുന്നത്.

തസ്തികകൾ

പെരുമ്പാവൂർ വളയൻചിറങ്ങര ശ്രീശങ്കര വിദ്യാപീഠം കോളേജിൽ രസതന്ത്ര വിഭാഗത്തിൽ 3 അധ്യാപക തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.

തിരുവനന്തപുരം ജി.വി. രാജ സ്‌പോർട്‌സ് സ്‌കൂളിൽ പുതിയ ഒരു ഡിവിഷൻ ആരംഭിക്കുന്നതിന് രണ്ട് യു.പി.എസ്.എ തസ്തികയും ഒരു പാർടൈം ഹിന്ദി അധ്യാപക തസ്തികയും സൃഷ്ടിക്കാൻ തീരുമാനിച്ചു.

തീപ്പിടിത്തം: വീടു നശിച്ചാൽ നാലു ലക്ഷം രൂപ

തീപ്പിടിത്തത്തിൽ വീടുകൾക്ക് കാര്യമായ നഷ്ടം സംഭവിച്ചാൽ പരമാവധി ഒരു ലക്ഷം രൂപയും വീട് പൂർണ്ണമായി കത്തിനശിച്ചാൻ നാലു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം നൽകാൻ തീരുമാനിച്ചു. 75 ശതമാനത്തിലധികം നഷ്ടം സംഭവിക്കുന്ന വീടുകളെ പൂർണ്ണമായി കത്തിനശിച്ചതായി കണക്കാക്കി നാലു ലക്ഷം രൂപ നൽകും.

കടൽക്ഷോഭത്തിൽ വള്ളമോ ബോട്ടോ പൂർണ്ണമായി നഷ്ടപ്പെടുന്നവർക്ക് പരമാവധി രണ്ടു ലക്ഷം രൂപയും വലയോ കട്ടമരമോ പൂർണ്ണമായി നഷ്ടപ്പെടുന്നവർക്ക് പരമാവധി ഒരു ലക്ഷം രൂപയും നഷ്ടപരിഹാരമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകും. ഇവ ഭാഗികമായി നഷ്ടപ്പെടുന്നവർക്ക് പരമാവധി ഒരു ലക്ഷം രൂപയും നൽകാൻ തീരുമാനിച്ചു.

മാറ്റങ്ങൾ

ലേബർ കമ്മീഷണറായി പ്രണബ് ജ്യോതിനാഥിനെ നിയമിച്ചു. നിലവിലെ ലേബർ കമ്മീഷണർ സി.വി. സജനെ തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി മാറ്റി നിയമിച്ചു.

കോട്ടയത്ത് സ്ഥിതി ചെയ്യുന്ന കാലാവസ്ഥാ വ്യതിയാന പഠനകേന്ദ്രത്തിന്റെ നിയന്ത്രണാധികാരം പരിസ്ഥിതി വകുപ്പിൽ നിന്നും മാറ്റി ശാസ്ത്ര സാങ്കേതിക വകുപ്പിനു നൽകാൻ തീരുമാനിച്ചു.

റിപ്പബ്ലിക് ദിനാഘോഷം

റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സേനാവിഭാഗങ്ങൾ നടത്തുന്ന പരേഡുകളിൽ തിരുവനന്തപുരത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിവാദ്യം സ്വീകരിക്കും. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.

ജില്ലാ ആസ്ഥാനങ്ങളിൽ അഭിവാദ്യം സ്വീകരിക്കുന്ന മന്ത്രിമാർ;

കൊല്ലം – ജെ. മേഴ്‌സിക്കുട്ടിയമ്മ
പത്തനംതിട്ട – കടകംപള്ളി സുരേന്ദ്രൻ
ആലപ്പുഴ – ജി. സുധാകരൻ
കോട്ടയം – കെ. കൃഷ്ണൻകുട്ടി
ഇടുക്കി – എം.എം. മണി
എറണാകുളം – എ.സി. മൊയ്തീൻ
തൃശ്ശൂർ – വി.എസ്. സുനിൽകുമാർ
പാലക്കാട് – എ.കെ. ബാലൻ
മലപ്പുറം – കെ.ടി. ജലീൽ
കോഴിക്കോട് – ടി.പി. രാമകൃഷ്ണൻ
വയനാട് – എ.കെ. ശശീന്ദ്രൻ
കണ്ണൂർ – രാമചന്ദ്രൻ കടന്നപ്പള്ളി
കാസർഗോഡ് – ഇ. ചന്ദ്രശേഖരൻ