പതിനഞ്ചു മാസങ്ങള്‍ക്ക് ശേഷം രാജ്കുമാരിയും ഭര്‍ത്താവ് വീര്‍ സിംഗും കണ്ടുമുട്ടിയപ്പോള്‍ മുണ്ടയ്ക്കല്‍ സര്‍ക്കാര്‍ അഗതി മന്ദിരം വികാരഭരിതമായ നിമിഷങ്ങള്‍ക്ക് സാക്ഷ്യംവഹിക്കുകയായിരുന്നു. കുടുംബ വഴക്കിനെത്തുടര്‍ന്ന് നാഗ്പൂരിലെ വീടുവിട്ടിറങ്ങിയ രാജ്കുമാരി ഒടുവില്‍ നിറമനസ്സോടെ ഉറ്റവരുടെ പക്കലേക്ക് മടങ്ങി.
ഏതോ ഒരു തീവണ്ടിയില്‍ കൊല്ലത്ത് വന്നിറങ്ങി അലഞ്ഞനാളുകള്‍ക്കൊടുവില്‍ ശക്തികുളങ്ങരയില്‍ നിന്ന് പോലീസാണ്  ഇവരെ അഗതിമന്ദിരത്തിലെത്തിച്ചത്. ശരീരവും ഓര്‍മ്മയും ശോഷിച്ച്  ദുരവസ്ഥയിലായ രാജ്കുമാരിയെ  അഗതി മന്ദിരത്തിലെ സാന്ത്വനം പതിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നു.
ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ മുതിര്‍ന്ന പൗര•ാര്‍ക്കുള്ള നിയമസഹായവുമായി എത്തിയ  പാരാ ലീഗല്‍ വാളണ്ടിയര്‍ സാജിതയുടേയും അഗതിമന്ദിരം ജീവനക്കാരുടെയും ശ്രമഫലമായി ഇവര്‍ പതിയെ വീടും നാടും ഓര്‍ത്തെടുത്തു. തുടര്‍ന്ന് മഹാരാഷ്ട്ര പോലീസിന്റെ സഹായത്തോടെ വീര്‍ സിംഗിനെ വിവരമറിയിച്ചു. രാജ്കുമാരിയെ തിരിച്ചുകൊണ്ടുപോകുവാന്‍ അദ്ദേഹം സന്നദ്ധത അറിയിക്കുകയും ചെയ്തു.
ഇരുവരും വീണ്ടും ഒന്നായ നിമിഷത്തിന് കൊല്ലം മേയര്‍ വി. രാജേന്ദ്രബാബുയും ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി കൂടിയായ സബ് ജഡ്ജ്  ആര്‍. സുധാകാന്തും സാക്ഷികളായി.
രാജ്കുമാരിക്ക്  പുതിയ വസ്ത്രങ്ങളും വഴിച്ചെലവിനുള്ള പണവും മേയര്‍ കൈമാറി. ഇരുവര്‍ക്കും  നാഗ്പുരിലേക്കുള്ള മടക്ക ടിക്കറ്റ് സബ് ജഡ്ജ് നല്‍കി.
കോര്‍പറേഷന്‍ കൗണ്‍സിലര്‍ ശാന്തിനി ശുഭദേവന്‍, അഗതി മന്ദിരം സെക്രട്ടറി
ഡോ. ഡി. ശ്രീകുമാര്‍, സൂപ്രണ്ട് വത്സലന്‍,  കെല്‍സ സെക്ഷന്‍ ഓഫീസര്‍ എ. സുരേഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.