കാസർഗോഡ്: ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കൊറോണ പ്രതിരോധ സഹായത്തിനായി ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ.എ.വി രാംദാസ് പറഞ്ഞു. ഇത് ജില്ലയില്‍ കൊറോണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാവും. വാര്‍ഡുകള്‍ തോറും ആരോഗ്യ ജാഗ്രതാ സമിതികള്‍ വിപുലപ്പെടുത്തും. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ സൈബര്‍ ടീമിനെ ഉള്‍പ്പെടുത്തി മീഡിയ സര്‍വെലന്‍സ് വിപുലപെടുത്താനും ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ ചേര്‍ന്ന കൊറോണ പ്രതിരോധത്തിനായുള്ള പതിനഞ്ച് കമ്മിറ്റികളുടെ ഏകോപന യോഗം തീരുമാനിച്ചു.
  ജില്ലയില്‍ 203 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 198 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. അഞ്ചുപേര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും കാസര്‍കോട് ജനറല്‍ ആശുപത്രികളിലും ആയി നിരീക്ഷണത്തിലാണ്. സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍ക്കും ആശുപത്രികളില്‍ ആവശ്യമായ മുന്‍കരുതലിന്  നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ ഡോക്ടര്‍മാരും സ്വകാര്യ ശുപത്രി ഡോക്ടര്‍മാരും തമ്മിലുള്ള ഏകോപനം ഉറപ്പുവരുത്തുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. എ.വി രാംദാസിന്റേയും കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. രാജറാമിന്റേയും നേതൃത്വത്തില്‍ നടപടി സ്വീകരിക്കും.
വിവിധ ആശുപത്രികളിലെ നഴ്‌സുമാര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഫാര്‍മസിസ്റ്റുകള്‍ കൂടാതെ പാരാലീഗല്‍ വളണ്ടിയര്‍മാര്‍ ടൂറിസ്റ്റ്-ടാക്‌സി ഡ്രൈവര്‍മാര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് ഡി എം ഒ ഓഫീസില്‍ ബോധവല്‍ക്കരണം  നല്‍കി. ബോധവല്‍ക്കരണ പരിപാടികള്‍ തുടരും. വിദേശങ്ങളില്‍ നിന്നു വരുന്നവര്‍ ആരോഗ്യ വകുപ്പിനെ നിര്‍ബന്ധമായും അറിയിക്കണം. 14 ദിവസം സ്വയം നിരീക്ഷണം ഉറപ്പാക്കണം  വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. രോഗലക്ഷണമുള്ളവര്‍ പിഎച്ച്‌സികളില്‍ രജിസ്റ്റര്‍ ചെയ്യണം. വാര്‍ഡ് തലത്തില്‍ ആരോഗ്യ ജാഗ്രത ശക്തമാക്കും.  എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു.
സ്വകാര്യ ആശുപത്രികളിലും ആരംഭിക്കാന്‍ നിർദേശം നല്‍കിയിട്ടുണ്ട്. ജില്ലാ ആശുപത്രിയില്‍ നാലു ജീവനക്കാരെ നിയോഗിച്ച് നാലു ലൈനുകളിലായി കൊറോണ പ്രതിരോധ ഹെല്‍പ് ഡെസ്‌ക് വിപുലീകരിച്ചു. ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രികളുടെ സുഗമമായ പ്രവര്‍ത്തനത്തിന് സംവിധാനങ്ങള്‍ വികേന്ദ്രീകരിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സന്ദര്‍ശിക്കും. ഐ എം എ യുടെ സഹകരണവും തേടും. ആവശ്യത്തിന് മരുന്നുകളും മാസ്‌ക്കുകളും പി.പി.ടി   കിറ്റുകളും ഉറപ്പുവരുത്താനും തീരുമാനിച്ചു. കൈ കഴുകലിന്റെ പ്രാധാന്യത്തെ കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ നവ മാധ്യമങ്ങള്‍ ഉപയോഗിക്കാനും തീരുമാനിച്ചു. ഡോ എ.വിയ രാമദാസ്,  ഡോ. രാജാറാം, ഡപ്യൂട്ടി ഡി എം ഒ ഡോ. എ ടി മനോജ്, ജില്ലാ ആശുപതി സൂപ്രണ്ട് ഡോ കെ പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.
വിദേശ രാജ്യങ്ങളില്‍ നിന്നു വരുന്നവരോട് സൗഹൃദ 
സമീപനം വേണം: കളക്ടര്‍
 കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്നും മറ്റു വിദേശരാജ്യങ്ങളില്‍ നിന്നും വരുന്നവരെ അകറ്റി നിര്‍ത്താതെ  കൂടുതല്‍ ജന സൗഹാര്‍ദ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു  അറിയിച്ചു. കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്നും വരുന്നവരുടെ സംശയ നിവാരണത്തിനും ആരോഗ്യ പ്രവര്‍ത്തകരുടെ സഹായം ലഭ്യമാക്കുന്നതിനുമായി എല്ലാ പി എച്ച് സി കളിലും സി എച്ച് സി കളിലും ആശുപത്രികളിലും കൊറോണ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ നിന്നും രോഗ ലക്ഷണത്തോടു കൂടി വരുന്നവര്‍ ഫോണ്‍ മുഖേന ഹെല്‍പ്പ് ഡെസ്‌കും ആയി ബന്ധപ്പെട്ടതിനു ശേഷം മാത്രം ആവശ്യമെങ്കില്‍ ജില്ലാ ജനറല്‍ ആശുപത്രിയെ സമീപിക്കാവുന്നതാണ്.  കൂടാതെ കൂടുതല്‍ സംശയനിവാരണത്തിനായി ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലില്‍ ഫോണ്‍   മുഖാന്തരവും ബന്ധപ്പെടാവുന്നതാണ്.
രോഗ ലക്ഷണം ഉള്ളവര്‍ പൊതു വാഹനം ഉപയോഗിക്കുന്നത് ഒഴിവാക്കണം.  പൊതു ചടങ്ങുകളില്‍ നിന്നും വിട്ടുനില്‍ക്കുക. കുടുംബത്തില്‍ ഒരാളെ മാത്രം പരിചരണത്തിനായി നിര്‍ത്തുക എന്നീ കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു
 ജില്ലാ മെഡിക്കല്‍ ഓഫീസില്‍  പാരാലീഗല്‍ വളണ്ടിയര്‍മാര്‍ക്കുള്ള കൊറോണ ബോധവല്‍ക്കരണ പരിശീലനം  കാഞ്ഞങ്ങാട് സബ് ജഡ്ജ്  വിദ്യാധരന്‍  ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലയിലെ വിവിധ പാരാലീഗല്‍ സര്‍വീസ് നല്‍കുന്നവര്‍ സംബന്ധിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ എ വി  രാംദാസ്, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. മനോജ് എ ടി തുടങ്ങിയവര്‍ സംസാരിച്ചു.