• കൊട്ടാരക്കര, പുനലൂര്‍, കരുനാഗപ്പള്ളി  താലൂക്കാശുപത്രികളില്‍ കൊറോണ പരിശോധനാ സംവിധാനം
• ഏഴു അടിയന്തര ആംബുലന്‍സ് സര്‍വീസുകള്‍
• എം എല്‍ എ മാരുടെ നേതൃത്വത്തില്‍ മണ്ഡലാടിസ്ഥാനത്തില്‍ യോഗം

കൊല്ലം: കോവിഡ്- 19 വ്യാപിച്ചിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് തിരികെ എത്തുന്നവരില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ സാമ്പിള്‍ എടുക്കുന്നതിന് കൊട്ടാരക്കര, പുനലൂര്‍, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രികളില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നതിന് മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിയമ്മ, അഡ്വ കെ രാജു എന്നിവരുടെ സാന്നിധ്യത്തില്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഈ ആശുപത്രികളില്‍ നിന്നുള്ള മൂന്നു വീതം ഡോക്ടര്‍മാരും സ്റ്റാഫ് നഴ്‌സുമാരും  ഉള്‍പ്പെട്ട ദൗത്യസംഘത്തിന് സാമ്പിളുകള്‍ എടുക്കുന്നതിനുള്ള പ്രത്യേക പരിശീലനം പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍  നല്‍കും.

പ്രകടമായ രോഗലക്ഷണങ്ങള്‍ ഉള്ളതും ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ടതുമായ ആളുകളില്‍ നിന്നുള്ള സാമ്പിള്‍ ശേഖരണം നിലവില്‍ ഉള്ളതുപോലെ പാരിപ്പള്ളിയിലും ജില്ലാ ആശുപത്രിയിലുമായി തുടരും.
രോഗബാധിതരെ എത്തിക്കാനായി ഏഴ് അടിയന്തിര ആംബുലന്‍സ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ്, കൊല്ലം കലക്‌ട്രേറ്റ്, ജില്ലാ മെഡിക്കല്‍ ഓഫീസ്,  കൊട്ടാരക്കര, താലൂക്കാശുപത്രി എന്നിവിടങ്ങളിലും 108 ആംബുലന്‍സ് കുണ്ടറ, കരുനാഗപ്പള്ളി, അഞ്ചല്‍ എന്നിവിടങ്ങളിലും സജ്ജമാക്കിയിട്ടുണ്ട്. ദീര്‍ഘദൂര ബസുകള്‍ വരുന്ന പ്രധാന ബസ് സ്റ്റാന്‍ഡുകളില്‍ എയര്‍പോര്‍ട്ടിലും റെയില്‍വേ സ്റ്റേഷനുകളിലും ഉള്ളതുപോലെ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തും.

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനും ബോധവത്കരണം ശക്തമാക്കുന്നതിനുമായി എം എല്‍ എ മാരുടെ നേതൃത്വത്തില്‍  നിയോജക മണ്ഡലാടിസ്ഥാനത്തില്‍ അടിയന്തര യോഗം വിളിക്കും. ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ആരോഗ്യ വകുപ്പില്‍ നിന്നും ജില്ലാ പ്രോഗ്രാം ഓഫീസര്‍, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍, എല്ലാ പി എച്ച് സി മെഡിക്കല്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, പബ്ലിക് ഹെല്‍ത്ത് നഴ്‌സ് സൂപ്പര്‍വൈസര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍ എന്നിവര്‍ പങ്കെടുക്കണം. വീഡിയോ കോണ്‍ഫറന്‍സിലൂടെ ബന്ധപ്പെട്ടവരുടെ പ്രാതിനിത്യം ഉറപ്പാക്കിയാല്‍ മതിയാകും. 16 ആരോഗ്യ ബ്ലോക്കുകളേയും ഉള്‍പ്പെടുത്തി സര്‍വെയ്‌ലന്‍സ് ടീമും രൂപീകരിക്കും.

ആളുകള്‍ കൂട്ടം ചേരുന്ന പൊതു-സ്വകാര്യ ചടങ്ങുകളും കുട്ടികളുടെ ട്യൂഷന്‍, ട്യൂട്ടോറിയല്‍ ക്ലാസുകളും ഒഴിവാക്കണം. എന്‍ട്രന്‍സ് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ കോച്ചിംഗ് നല്‍കാന്‍ സ്ഥാപനങ്ങള്‍ തയ്യാറാകണം. ആവശ്യമായ ബാന്‍ഡ്‌വിഡ്ത് ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇതിനായി ഉറപ്പുവരുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഉത്സവാഘോഷങ്ങള്‍ ചടങ്ങുകള്‍ മാത്രമായി പരിമിതപ്പെടുത്തണം. നിയന്ത്രണങ്ങള്‍ മറികടന്ന് ആള്‍ക്കൂട്ടങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.

കൈ കഴുകല്‍, തൂവാലയുടെ ഉപയോഗം, പൊതുജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍, പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയ നാല് പോസ്റ്ററുകളും നോട്ടീസും മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിയമ്മ, അഡ്വ കെ രാജു എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു.
യോഗത്തില്‍ കെ സോമപ്രസാദ് എം പി, എം എല്‍ എ മാരായ മുല്ലക്കര രത്‌നാകരന്‍, കോവൂര്‍ കുഞ്ഞുമോന്‍, കെ ബി ഗണേഷ്‌കുമാര്‍, പി അയിഷാപോറ്റി, ജി എസ് ജയലാല്‍, എം മുകേഷ്, എം നൗഷാദ്, ആര്‍ രാമചന്ദ്രന്‍, മേയര്‍ ഹണി ബഞ്ചമിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, സിറ്റി പോലീസ് കമ്മീഷണര്‍ ടി നാരായണന്‍, റൂറല്‍ എസ് പി ഹരിശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.