പറമ്പിക്കുളം-ആളിയാർ പദ്ധതിയിൽനിന്ന് കരാർ പ്രകാരം കേരളത്തിന് 400 ക്യൂസെക്‌സ് വെളളം ലഭിക്കുമെന്ന് ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു.
ഉഭയകക്ഷി കരാർ പ്രകാരം ചിറ്റൂർ പുഴയിലെ മണക്കടവ് ചിറ വഴി ഫെബ്രുവരി 15 വരെ ദിവസം 400 ക്യൂസെക്‌സ് (സെക്കന്റിൽ 400 ഘനയടി) വെളളമാണ് ലഭിക്കേണ്ടത്. എന്നാൽ ആവശ്യമായ വെള്ളം വിട്ടുനൽകാൻ തമിഴ്‌നാട് ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല. ഫെബ്രുവരി 6-ന് 131 ക്യൂസെക്‌സും 7-ന് 67 ക്യൂസെക്‌സും മാത്രമാണ് വിട്ടുതന്നത്. ഫെബ്രുവരി 8-ന് രാവിലെ 8 മണിക്ക് രേഖപ്പെടുത്തിയത് വെറും 32 ക്യൂസെക്‌സ് മാത്രമാണ്. ഈ നിലയിലുളള വെളളത്തിന്റെ കുറവും കരാർ ലംഘനവും ഉത്കണ്ഠയുളവാക്കുന്നതാണ്. ഫെബ്രുവരി 15 വരെ 400 ക്യൂസെക്‌സ് വെളളം നൽകണമെന്നും തുടർന്നുളള വിഹിതത്തിന്റെ കാര്യം ഫെബ്രുവരി 10-ന് ചെന്നൈയിൽ ജോയന്റ് വാട്ടർ റഗുലേറ്ററി ബോർഡ് യോഗം ചേർന്ന് നിശ്ചയിക്കണമെന്നുമാണ് ജനുവരി 19-ന് ചേർന്ന ബോർഡ് യോഗം തീരുമാനിച്ചിരുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കരാർ പ്രകാരമുളള വെളളം ലഭിക്കാത്തത് പാലക്കാട് ജില്ലയിലെ കർഷകരെ കടുത്ത പ്രയാസത്തിലാക്കിയിരിക്കയാണ്. വരൾച്ചയും നെൽകൃഷിനാശവുമായിരിക്കും ഇതിന്റെ ഫലം. ജില്ലയിൽ ഇപ്പോൾ തന്നെ കുടിവെളളത്തിന് ക്ഷാമമുണ്ട്.
വിഷമം പിടിച്ച ഈ സാഹചര്യം കണക്കിലെടുത്ത് തമിഴ്‌നാട് മുഖ്യമന്ത്രി പ്രത്യേകം ഇടപെട്ട് ഫെബ്രുവരി 15 വരെ കേരളത്തിന് കരാർ പ്രകാരമുളള 400 ക്യൂസെക്‌സ് വെളളം ലഭ്യമാക്കണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു.