എറണാകുളം: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയ ശേഷം അടിയന്തരമായി നിർമാണ പ്രവർത്തനം പുനഃരാരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ ആവശ്യപ്പെട്ടു.

മന്ത്രിയുടെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ വിവിധ വകുപ്പുകളിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരുമായി ചേര്‍ന്ന യോഗത്തിലാണ് അടിയന്തരമായി പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാൻ മന്ത്രി നിർദേശിച്ചത്

ലോക്ക് ഡൗണ്‍ സമയത്ത് ഇളവുകള്‍ അനുവദിച്ച പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും നടത്തണമെന്നും നിര്‍മാണ സാമഗ്രികള്‍ക്ക് കുറവുണ്ടായാല്‍ ജില്ല ഭരണകൂടവുമായി ബന്ധപ്പെട്ട ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

മറ്റ് മരാമത്ത് ജോലികള്‍ 24 ന് ശേഷമായിരിക്കും ആരംഭിക്കുന്നത്. എന്നാല്‍ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ അനുസരിച്ച് മാത്രമേ നടത്താന്‍ പാടുള്ളു. സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും സാനിറ്റൈസേഷന്‍ നടത്തുന്നുണ്ടെന്നും ഉറപ്പ് വരുത്തണം. ജോലിക്കെത്തുന്ന ആളുകളുടെ ആരോഗ്യ കാര്യങ്ങള്‍ തൊഴില്‍ ദാതാക്കളുടെ ചുമതലയാണ്. ആരോഗ്യ വകുപ്പിന്റെ സഹായത്തോടു കൂടി തൊഴിലിടങ്ങളില്‍ പരിശോധന നടത്തണം. പനി, ചുമ തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ ജോലിക്കായി നിയോഗിക്കരുത്.

അതിഥി തൊഴിലാളികളെ വിവിധ ജോലികള്‍ക്കായി നിയോഗിക്കണം.
മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ യുദ്ധ കാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. കനാലുകളുടെയും കാനകളുടെയും നവീകരണം മഴക്കാലത്തിനു മുമ്പ് തന്നെ പൂര്‍ത്തിയാക്കണം. ബ്രേക്ക് ത്രൂ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ആദ്യ ഘട്ട ജോലികളും ഇനിയും ആരംഭിക്കാനുള്ള രണ്ടാം ഘട്ടവും അടിയന്തരമായി പൂര്‍ത്തിയാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണം.

തീരദേശമേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാവശ്യമായ നടപടി സ്വീകരിക്കണം. നിലവില്‍ കയ്യിലുള്ള നിര്‍മാണ സാമഗ്രികള്‍ വെച്ച് നിര്‍മാണം ആരംഭിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. യന്ത്രങ്ങളുടെ സഹായത്തോടു കൂടി ജോലികള്‍ കൂടുതലായി ചെയ്യാന്‍ ശ്രമിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.