എറണാകുളം : ജില്ലയിൽ ലോക്ക് ഡൗണിന് ഇളവ് പ്രഖ്യാപിച്ചിട്ടുള്ള ഏപ്രിൽ 24ന് ശേഷം തൊഴിലുറപ്പ് ജോലികൾ പുനഃരാരംഭിക്കാൻ നിർദേശം നൽകി കൊണ്ട് സർക്കാർ ഉത്തരവായി. ജില്ലയിലെ ഹോട്സ്പോട്ടുകളിൽ ജോലികൾ ആരംഭിക്കില്ല. നിബന്ധനകൾക്കനുസരിച്ചായിരിക്കും ജോലികൾ അനുവദിക്കുന്നത്. ലോക്ക് ഡൗൺ മൂലം നിർത്തി വെച്ച ജോലികൾ, വരൾച്ച പ്രതിരോധ പ്രവർത്തനങ്ങൾ, പൊതുകിണർ, ചാലുകൾ, തോടുകൾ എന്നിവയുടെ പുനർ നിർമാണം, കിണറുകൾ, മഴക്കുഴി, മൺകയ്യാല, ജൈവ വേലി, കമ്പോസ്റ്റ് സംവിധാനങ്ങൾ, തൊഴുത്ത് എന്നിവയുടെ നിർമാണം, തരിശ് ഭൂമി കൃഷിക്ക് അനുയോജ്യമാക്കൽ തുടങ്ങിയ ജോലികൾക്കായിരിക്കും മുൻഗണന നൽകുന്നത്.

പൊതു പ്രവർത്തികൾക്ക് 20 പേരുള്ള മസ്റ്റർറോളുകൾ മാത്രമേ അനുവദിക്കൂ. അഞ്ചു പേരിൽ കൂടുതൽ കൂട്ടം കൂടാൻ അനുവദിക്കില്ല ഒരു മീറ്റർ ശാരീരിക അകലം പാലിച്ചു കൊണ്ടായിരിക്കണം ജോലികൾ ചെയ്യേണ്ടത്. ജോലിക്കെത്തുന്ന എല്ലാ ആളുകളും വൃത്തിയുള്ള കയ്യുറകളും മാസ്കുകളും, തോർത്തും കരുതണം. തൊഴിലിന് മുൻപും ശേഷവും സോപ്പുപയോഗിച്ച് കൈകഴുകാനുള്ള സംവിധാനങ്ങള്‍ ക്രമീകരിക്കണമെന്ന് മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ജില്ല ജോയിന്‍റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അറിയിച്ചു.

ഇതിനുള്ള പണം ഫസ്റ്റ് എയിഡ് സൗകര്യമായി കണക്കാക്കി പദ്ധതിയില്‍ നിന്ന് ചെലവ് ചെയ്യാം. പണിയായുധങ്ങള്‍ കൈമാറി ഉപയോഗിക്കാന്‍ പാടില്ല.ജോലി സ്ഥലത്ത് മുറുക്കാന്‍, പുകവലി, പാന്‍ മസാല ഉപയോഗം എന്നിവ പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. പൊതു സ്ഥലത്തും ജോലി സ്ഥലത്തും തുപ്പാന്‍ പാടില്ല. പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ ബുദ്ധിമുട്ടുള്ളവരും നിരീക്ഷണത്തിലുള്ള ആളുകളുമായി ഇടപെട്ടവരും ജോലിക്ക് എത്തരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.