എറണാകുളം: ജില്ലയിലെ കോവിഡ് വ്യാപനം പരിശോധിക്കുന്നതിനായി നടത്തുന്ന ആന്റി ബോഡി പരിശോധന ചൊവ്വാഴ്ച ആരംഭിക്കും. കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പരിശോധനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തു. ജില്ലയിലാകെ അഞ്ഞൂറ് സാംപിളുകള്‍ ആണ് ആദ്യ ഘട്ടത്തില്‍ പരിശോധിക്കുന്നത്. ഡോ നിഖിലേഷ് മേനോന്‍, ഡോ ഗൗരി കൃപ എന്നിവര്‍ ആണ് സമൂഹ വ്യാപന പരിശോധനയുടെ നോഡല്‍ ഓഫീസര്‍മാര്‍.

കോവിഡ് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ജീവനക്കാര്‍, സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ജീവനക്കാര്‍, പോലീസുകാര്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവര്‍, അങ്കണവാടി ജീവനക്കാര്‍, ആശ പ്രവര്‍ത്തകര്‍,റേഷന്‍ വ്യാപാരികള്‍,ഹോട്ടല്‍ ജീവനക്കാര്‍ എന്നിവരെ പരിശോധനക്ക് വിധേയരാക്കും.

സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങളുമായി എത്തുന്ന രോഗികളുടെയും ആന്റി ബോഡി പരിശോധന നടത്തും. വീടുകളില്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയായ രോഗ ലക്ഷണമില്ലാത്ത ആളുകളെയും പരിശോധനക്ക് വിധേയരാക്കും. ഏഴു ദിവസങ്ങള്‍ കൊണ്ട് 11 വിഭാഗങ്ങളില്‍ ആണ് ആന്റി ബോഡി പരിശോധന നടത്തുന്നത്.

കാറ്റഗറി 1എ: ജില്ലയിലെ കോവിഡ്ചികിത്സ കേന്ദ്രങ്ങളിലെ ജീവനക്കാര്‍. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിന്ന് 14 പേരുടെയും ആലുവ ജനറല്‍ ആശുപത്രി, മൂവാറ്റുപുഴ താലൂക്ക് ആശുപത്രി, കരുവേലിപ്പടി ഗവ. മഹാരാജാസ് ആശുപത്രി, എന്നിവിടങ്ങളില്‍ നിന്ന് പന്ത്രണ്ട് പേരുടെ വീതവും സാപിളുകള്‍ ശേഖരിക്കും. ചൊവ്വാഴ്ചയാണ് സാംപിള്‍ ശേഖരണം നടത്തുന്നത്.

കാറ്റഗറി 14ബി: ജില്ലയിലെ അഞ്ച് കോവിഡ് ഇതര ആശുപത്രിയിലെ പത്ത് വീതം ജീവനക്കാരുടെ സാംപിളുകള്‍ പരിശോധനക്കായി ശേഖരിക്കും. ചൊവ്വാഴ്ചയാണ് സാംപിള്‍ ശേഖരിക്കുന്നത്.ആന്റിബോഡി പരിശോധനക്കായി തിരഞ്ഞെടുത്ത താലൂക്കുകള്‍ മൂവാറ്റുപുഴ, കൊച്ചി, ആലുവ, പറവൂര്‍

കാറ്റഗറി 2എ: രണ്ട് പോലീസുകാര്‍, മൂന്ന് ഫീള്‍ഡ് പ്രവര്‍ത്തകര്‍, 3 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, 3 മാധ്യമ പ്രവര്‍ത്തകര്‍, 2 അങ്കണവാടി ജീവനക്കാര്‍. ജൂണ്‍ 11 നാണ് ഇവരുടെ പരിശോധന നടത്തുന്നത്.
കാറ്റഗറി 2ബി: 2 റേഷന്‍ വ്യാപാരികള്‍, 3 ഭക്ഷണ വിതരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, 2 കമ്മ്യൂണിറ്റി കിച്ചന്‍ വോളന്റിയര്‍മാര്‍. ജൂണ്‍ 11 നാണ് ഇവരുടെ പരിശോധന നടത്തുന്നത്.
ഇതേ ദിവസം ആലുവ, കൊച്ചി, നോര്‍ത്ത് പറവൂര്‍ താലൂക്കുകളില്‍ നിന്നും സാംപിള്‍ ശേഖരണം നടത്തും.

കാറ്റഗറി 2സി: ട്രക്ക് ഡ്രൈവര്‍മാരുമായി ഇടപെട്ട ആളുകള്‍
ആലുവ, മട്ടാഞ്ചേരി, കോതമംഗലം, ബിനാനിപുരം എന്നീ സ്ഥലങ്ങളില്‍ നിന്നായി 12 സാംപിളുകള്‍ ശേഖരിക്കും. ജൂണ്‍ 12 നാണ് സാംപിള്‍ ശേഖരണം നടത്തുന്നത്.
കാറ്റഗറി 2ഡി: പെരുമ്പാവൂര്‍, കാക്കനാട്, ഫോര്‍ട്ട് കൊച്ചി, കോതമംഗലം, എരൂര്‍, വാഴക്കുളം മേഖലകളില്‍ നിന്നുള്ള 25 അതിഥി തൊഴിലാളികളില്‍ കോവിഡ് ആന്റിബോഡി പരിശോധന നടത്തും. ജൂണ്‍ 12 നാണ് പരിശോധന നടത്തുന്നത്.
കാറ്റഗറി 3എ: പാമ്പാക്കുട, കീച്ചേരി, അങ്കമാലി, കാലടി, വടവുകോട് ബ്ലോക്ക് പഞ്ചായത്തുകളില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ 100 പേരുടെ സാംപിളുകള്‍ പരിശോധനക്കായി ശേഖരിക്കും. ജൂണ്‍ 15 നാണ് സാംപിളുകള്‍ ശേഖരിക്കുന്നത്.
കാറ്റഗറി 3ബി: ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 100 പേരുടെ സാംപിളുകള്‍ ശേഖരിച്ച് പരിശോധന നടത്തും. ജൂണ്‍ 12 ന് സാംപിളുകള്‍ ശേഖരിക്കും

കാറ്റഗറി 4: രോഗ ബാധയേല്‍ക്കാന്‍ സാധ്യതയുള്ള 60 വയസ്സില്‍ താഴെയുള്ള ആളുകള്‍.പിഴല, എഴിക്കര, കുമ്പളങ്ങി, പല്ലാരിമംഗലം, മലയിടംതുരുത്ത് ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നായി 25 സാപിളുകള്‍ ശേഖരിക്കും.

കാറ്റഗറി 5 എ: കോവിഡ് ഇതര ആശുപത്രികളില്‍ എത്തുന്ന ശ്വാസന സംബന്ധമായ രോഗമുള്ളവരില്‍ നിന്നും സാംപിളുകള്‍ ശേഖരിക്കും. കാക്കനാട് പ്രാഥമികാരോഗ്യ കേന്ദ്രം, തിരുമാറാടി കുടുംബാരോഗ്യ കേന്ദ്രം, കോതമംഗലം താലൂക്ക് ആശുപത്രി, നോര്‍ത്ത് പറവൂര്‍ താലൂക്ക് ആശുപത്രി, ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി, രാജഗിരി ആശുപത്രി, കോലഞ്ചേരി എം.ഒ.എസ് സി മെഡിക്കല്‍ കോളേജ്, എറണാകുളം ജനറല്‍ ആശുപത്രി, ഞാറക്കല്‍ താലൂക്ക് ആശുപത്രി, മൂത്തകുന്നം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളില്‍ നിന്നാവും സാംപിളുകള്‍ ശേഖരിക്കുന്നത്.
കാറ്റഗറി 5ബി: സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍ നിന്നായി 25 സാംപിളുകള്‍ ശേഖരിക്കും.