പരിശോധിക്കേണ്ട പട്ടിക ഇന്ന് (ജൂണ്‍ 9 ) ഉച്ചയ്ക്ക് മുമ്പ് നല്‍കണമെന്ന്
ജില്ല കളക്ടര്‍

ആലപ്പുഴ: ‍ ആരോഗ്യ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ കോവിഡ് റാപ്പിഡ‍് ആന്റീ ബോഡി ടെസ്റ്റുുകള്‍ റാന്‍ഡം അടസ്ഥാനത്തില്‍ ജില്ലയില്‍ ഇന്നുമുതല്‍ (ജൂണ്‍ 9) വിവിധ തലങ്ങളില്‍ ആരംഭിക്കും. ജനങ്ങളുമായി കൂടുതല്‍ അടുത്തിടപഴകുന്ന വിഭാഗങ്ങളില്‍ പെട്ടവരുടെയിടയില്‍ റാന്‍ഡം ചെക്കിങ് ആണ് നടത്തുക. ടെസ്റ്റിന് ജില്ലയിലെ നടത്തിപ്പ് സംബന്ധിച്ച് ആലോചിക്കുന്നതിനായി ജില്ല കളക്ടര്‍ എ.അലക്സാണ്ടറുടെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ യോഗം ചേര്‍ന്നു. ഈ ആഴ്ച വിവിധ വിഭാഗങ്ങളില്‍ നിന്നായി 500 ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കാനാണ് ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുള്ളതെന്ന് കളക്ടര്‍ പറഞ്ഞു. നിലവില്‍ നടന്നുവരുന്ന ആര്‍.ടി. പി.സി.ആര്‍ ഉള്‍പ്പടെയുള്ള ടെസ്റ്റുകള്‍ക്ക് പുറമേയാണ് ഈ റാപ്പിഡ് ടെസ്റ്റ് പരിശോധന. സമൂഹ വ്യപനം സംബന്ധിച്ച് വിലയിരുത്തുന്നതിനാണ് റാപ്പിഡ‍് ആന്‍റീ ബോഡി ടെസ്റ്റ് നടത്തുക. കോവിഡ് വൈറസിനെതിരായ ആന്റീ ബോഡി ശരീരത്തിലുണ്ടോയെന്ന് രക്തപരിശോധ നടത്തി കണ്ടെത്തുന്നതാണ് ഇതില്‍ ചെയ്യുന്നത്. ടെസ്റ്റ് പോസീറ്റീവ് ആണെങ്കില്‍ അവരുടെ സ്രവം ശേഖരിച്ച് പ്രധാന പി.സി.ആര്‍ ടെസ്ററിന് വിധേയമാക്കും.

ആദ്യ ഘട്ടത്തില്‍ കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍, ചേര്‍ത്തല, അമ്പലപ്പുുഴ താലൂക്കുകളിലെ വിവിധ തൊഴില്‍ മേഖലയിലുള്ളവരുടെ ആന്റീബോഡി ടെസ്റ്റാണ് നടത്തുക. ആദ്യ ദിനമായ ചൊവ്വാഴ്ച കോവിഡ്, നോണ്‍ കോവിഡ് ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ടെസ്റ്റ് നടത്തുന്നത്. ആലപ്പുുഴ മെഡിക്കല്‍ കോളജ്, ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റ് ജില്ലയില്‍ 10 ആശുപത്രിയിലുള്ളവരില്‍ നിന്നുും സാമ്പിള്‍ ശേഖരിച്ച് പരിശോധന നടത്തും. രണ്ടാം ദിവസം പോലീസ്, ഫീല്‍ഡ് ഹെല്‍ത്ത് വര്‍ക്കര്‍മാര്‍, തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവര്‍, ആശാ, അങ്കണ വാടി പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കിടയിലാണ് സാംമ്പിള്‍ ശേഖരിക്കുക. കൂടാതെ ഇതേ ദിവസം തന്നെ റേഷന്‍ കടകളിലെ ജോലിക്കാര്‍,ഭക്ഷണ, പാഴ്സല്‍ വിതരണക്കാര്‍,സാമൂഹിക അടുക്കളയില്‍ പ്രവര്‍ത്തിക്കുന്നവര്‍, അന്യ സംസ്ഥാന ട്രക്ക് ഡ്രൈവര്‍മാരുമായി അടുത്ത് ഇടപഴകിയവര്‍, അതിഥി തൊഴിലാളികള്‍ എന്നിവര്‍ക്കിടയില്‍ പരിശോധന നടത്തും. മൂന്നാം ദിനം ഹോ ക്വാറന്റൈനില്‍ പോയവര്‍, ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വറന്റൈനില്‍ പോയവര്‍ എന്നിവര്‍ക്കിടയില്‍ പരിശോധന നടക്കും. നാലാം ദിനം അറുപത് വയസ്സിന് മുകളിലുള്ളവര്‍ക്കിടയിലും ആഞ്ചാം ദിനം രോഗ സാധ്യത കൂടുതലുള്ള മറ്റുചില വിഭാഗങ്ങളിലുമാണ് പരിശോധന നടത്തുക. കമ്യൂണിറ്റി സര്‍വലൈന്‍സിന്‍റെ ഭാഗമായുള്ള റാപ്പിഡ് ആന്റീ ബോഡി ടെസ്റ്റിന് തുടര്‍ നടപടി സ്വീകരിക്കുന്നതിനായി ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് ജില്ല കളക്ടര്‍ ചുമതല നല്‍കി. ഡോ.കെ.കെ.ദീപ്തി ജില്ല തല ചാര്‍ജ് ഓഫീസറാണ്. റാന്‍ഡം സാമ്പിള്‍ സെലക്ഷന്‍റെ ചുമതല ഡോ.രേഖ റേച്ചല്‍ നിര്‍വഹിക്കും. സാമ്പിള്‍ മാനേജ് മെന്‍റ് ട്രയിനിങ്ങിന് ജില്ല ലാബ് ടെക്നീഷ്യന്‍ സണ്ണി മാത്യു, മൈക്രോബയോളജിസ്റ്റ് സൗമ്യ എന്നിവര്‍ക്കാണ് ചുമതല. വിവിധ വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ പട്ടിക നല്‍കുന്നതിന് ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.പട്ടികയും മറ്റ് വിവരങ്ങളും ഇന്ന് (ജൂണ്‍ 9) ന് രണ്ടുമണിക്ക് മുമ്പായി ബന്ധപ്പെട്ട ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. ഡോ.അനുവര്‍ഗീസ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ആശാ എബ്രഹാം, ആര്‍.ഡി.ഓ എസ്.സന്തോഷ്കമാര്‍ , ജില്ല തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

വിവിധ വകുപ്പുകളുടെ പൊതുമരാമത്ത് പ്രവൃത്തികള്‍
ചെയ്യാന്‍ ഇനി കുടുംബശ്രീയും

ആലപ്പുഴ : റോഡുകളുടെയും പൊതു സ്ഥാപനങ്ങളുടെയും രണ്ട് ലക്ഷം രൂപ വരെ ചെലവ് വരുന്ന അറ്റകുറ്റ പണികള്‍ ടെണ്ടര്‍ കൂടാതെ കുടുംബശ്രീയുടെ കീഴിലുള്ള  വിദഗ്ധ പരിശീലനം ലഭിച്ച തൊഴിലാളികളെ കൊണ്ട് ചെയ്യിക്കാന്‍ സര്‍ക്കാര്‍ അനുമതി. പൊതുമരാമത്ത്, ജലസേചനം, തദ്ദേശ സ്വയം ഭരണം, ജല അതോറിറ്റി എന്നീ വകുപ്പുകള്‍ക്ക് കീഴിലുള്ള പ്രവൃത്തികളാണ് കുടുംബശ്രീ വഴി നടപ്പാക്കുന്നത്. ഒരു വര്‍ഷത്തില്‍ പരമാവധി 25 ലക്ഷം രൂപയുടെ ജോലികള്‍ വരെ ഇത്തരത്തില്‍ ഓരോ ഗ്രുപ്പിനും ഏറ്റെടുത്തു ചെയ്യാം. റോഡിലെ കുഴി അടക്കല്‍, അഴുക്കു ചാലിന്റെ ശുചീകരണം, കലുങ്ക് നിര്‍മ്മാണം, റോഡിലേക്ക് വീണ് കിടക്കുന്ന മരത്തിന്റെ ശിഖരം മുറിക്കല്‍, പൊതു കെട്ടിടത്തിന്റെ ശുചീകരണം, അറ്റകുറ്റപ്പണി തുടങ്ങിയ പ്രവര്‍ത്തികള്‍ ചെയ്യാനാണ് അനുമതി ലഭിച്ചിരിക്കുന്നത്.

കൂടാതെ കുടുബശ്രീയുടെ എറൈസ് പദ്ധതിയിലൂടെ പരിശീലനം ലഭിച്ച വിദഗ്ദ്ധ തൊഴിലാളികള്‍ക്കോ ഏജന്‍സിക്കോ വാട്ടര്‍ സപ്ലൈ, സാനിറ്ററി, ഇലക്ട്രിക്കല്‍ ജോലികളുടെ വാര്‍ഷിക അറ്റകുറ്റപ്പണികളും ചെയ്യാനാകും. പൊതുവെ കാലതാമസം നേരിടുന്ന ഇത്തരം പ്രവൃത്തികള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ ഇതിലൂടെ സാധിക്കും. 243 അംഗങ്ങളുള്ള 46 വനിതാ കണ്‍സ്ട്രക്ഷന്‍ ഗ്രുപ്പുകള്‍ക്കും ഇലക്ട്രിക്കല്‍ ആന്‍ഡ് പ്ലംബിംഗ് മേഖലയില്‍ എറൈസ് പരിശീലനം ലഭിച്ച് കുടുംബശ്രീ വഴി രജിസ്റ്റര്‍ ചെയ്ത മള്‍ട്ടി ടാസ്‌ക് ടീമുകള്‍ക്കും ഇതിലൂടെ സാമ്പത്തിക നേട്ടം ലഭിക്കും. ആലപ്പുഴ ജില്ലാമിഷന്റെ കീഴില്‍ നിര്‍മ്മാണ മേഖലയില്‍ പരിശീലനം ലഭിച്ച വനിതാ തൊഴിലാളികള്‍ രാമോജി, ലൈഫ് പദ്ധതി, ഹഡ്കോ സ്പോണ്‍സേര്‍ഡ് ഭവന നിര്‍മാണം തുടങ്ങിയ പദ്ധതികളുടെ ഭാഗമായി 150 വീടുകള്‍ നിര്‍മിച്ചു പ്രാഗല്‍ഭ്യം തെളിയിച്ചവരുമാണെന്ന് കുടുംബശ്രീ ജില്ല മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രശാന്ത് ബാബു അറിയിച്ചു.

പുന്നപ്ര തെക്ക് പഞ്ചായത്തിലെ ബഡ്സ് സ്‌കൂളിന്റെ നിര്‍മ്മാണം
അവസാന ഘട്ടത്തില്‍

ആലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിലെ ബഡ്സ് സ്‌കൂളിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍. 2018-19 സാമ്പത്തിക വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ നിന്നും 9.5 ലക്ഷം രൂപ മുടക്കി പഞ്ചായത്തിലെ പത്താം വാര്‍ഡിലാണ് സ്‌കൂള്‍ നിര്‍മ്മിക്കുന്നത്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ അവസാനഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ വേഗം കുറഞ്ഞെങ്കിലും ഈ അധ്യയന വര്‍ഷം തന്നെ സ്‌കൂളിന്റെ പ്രവര്‍ത്തനമാരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധര്‍മ്മ പറഞ്ഞു.

പഞ്ചായത്ത് പരിധിയിലുള്ള 72 ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ പഠനമോഹമാണ് ഇതോടെ യാഥാര്‍ഥ്യമാകുന്നത്. സ്വന്തം വീടുകളിലും സമീപ പഞ്ചായത്തുകളിലെ ബഡ്‌സ് സ്‌കൂളുകളിലുമായാണ് ഇത്രനാളും പലരും പഠനം നടത്തിയിരുന്നത്. ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴില്‍ സര്‍ക്കാര്‍ ആരംഭിച്ചതാണ് ബഡ്സ് സ്‌കൂളുകള്‍. ഇവിടെ പ്രവേശനത്തിന് പ്രായപരിധിയും ഡൊണേഷനും ഫീസും ഇല്ലെന്നതാണ് സര്‍ക്കാര്‍ ബഡ്സ് സ്‌കൂളുകളുടെ പ്രത്യേകത. വാഹന സൗകര്യം, ഭക്ഷണം ഉള്‍പ്പെടെ കുട്ടികളുടെ മുഴുവന്‍ ഉത്തരവാദിത്തവും ബഡ്‌സ് സ്‌കൂളുകളില്‍ സുരക്ഷിതമാണ്. സ്വകാര്യ സ്ഥാപനങ്ങള്‍ ഫീസും പ്രായപരിധിയും നിര്‍ണയിച്ച് കുട്ടികളെ തെരഞ്ഞെടുക്കുമ്പോഴാണ് തദ്ദേശസ്ഥാപനങ്ങള്‍ക്കു കീഴിലെ ബഡ്സ് സ്‌കൂളുകള്‍ ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യമാകുന്നത്.