ലോക്ക് ഡൗൺ സമയത്ത് ഹോസ്റ്റലുകളിലും ലോഡ്ജുകളിലും താമസിക്കാത്ത വിദ്യാർഥികൾക്കും വ്യക്തികൾക്കും വാടകയിനത്തിൽ ഇളവ് നൽകാൻ ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. ലോക്ക് ഡൗൺ തുടങ്ങിയ മാർച്ച് 23 മുതൽ ഒരു മാസത്തേക്ക് ഹോസ്റ്റൽ ഫീസുകൾ ഈടാക്കരുതെന്നാണ് നിർദ്ദേശം.

അതിനു ശേഷമുള്ള മാസങ്ങളിൽ തുടർച്ചയായി താമസിക്കാത്തവരിൽ നിന്നും 50 ശതമാനം വാടകയീടാക്കാം. കുറച്ച് ദിവസം മാത്രം താമസിച്ചവരിൽ നിന്ന്  നിലവിലെ പ്രതിദിന നിരക്ക് അനുസരിച്ച് വാടക ഈടാക്കാം. 2015 ലെ ദുരന്ത നിവാരണ ചട്ടത്തിലെ വകുപ്പ് 20(3) അനുസരിച്ചാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എക്സിക്യുട്ടീവ് കമ്മിറ്റി അധ്യക്ഷനായ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്.