പരമ്പരാഗത വിത്തിനങ്ങള്‍ ഉപയോഗിച്ച് കൃഷി ചെയ്ത് ഉത്പാദിപ്പിക്കുന്ന മുഴുവന്‍ നെല്ലും സംഭരിക്കുന്നതിനും വില്‍ക്കുന്നതിനും ന്യായ വില കര്‍ഷകന് ലഭിക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ മന്ത്രി അഡ്വ. വി. എസ്. സുനില്‍കുമാര്‍ പറഞ്ഞു. വയനാടിനെ പ്രത്യേക കാര്‍ഷിക മേഖലയായി പ്രഖ്യാപിക്കുന്നതിന്റേയും അന്താരാഷ്ട്ര ഓര്‍ക്കിഡ് ഫെസ്റ്റിന്റേയും ഉദ്ഘാടനം അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
നെല്ല് സംഭരിച്ച് സംസ്‌കരിക്കുന്നതിന് പ്രത്യേക മില്ല് ഈ വര്‍ഷം ആരംഭിക്കും. വയനാട്ടില്‍ 3500 ഹെക്ടറില്‍ പുതിയതായി നെല്‍കൃഷി ആരംഭിക്കുകയാണ് ലക്ഷ്യം. പരമ്പരാഗത വിത്തുകള്‍ പ്രോത്‌സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ വിത്തുല്‍സവം സംഘടിപ്പിക്കും. മണ്ണുത്തി കാര്‍ഷിക കോളേജില്‍ മൂന്നു കോടി രൂപ ചെലവില്‍ വിത്തു ബാങ്ക് രൂപീകരിക്കും. അമ്പലവയല്‍ ഗവേഷണ കേന്ദ്രത്തില്‍ 110 ഇനം നെല്‍വിത്തുകള്‍ ഒരുക്കിയിട്ടുണ്ട്. വയനാടന്റെ മാത്രമായ നെല്‍വിത്തുകള്‍ സംബന്ധിച്ച് വിശദമായി പഠനം നടത്തി ഡയറക്ടറി തയ്യാറാക്കിയിരിക്കുകയാണ്. നെല്‍കൃഷി കുറഞ്ഞതാണ് വയനാടിന്റെ ജലക്ഷാമത്തിന് പ്രധാന കാരണമെന്ന് മന്ത്രി പറഞ്ഞു.
വയനാടിനെ കാര്‍ഷിക സമ്പല്‍സമൃദ്ധമായ ജില്ലയാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പ്രത്യേക കാര്‍ഷിക മേഖലയായി പ്രഖ്യാപിക്കുന്ന സ്ഥലങ്ങളില്‍ കര്‍ഷകനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. 2021ഓടെ വയനാട്ടില്‍ 450 ഏക്കര്‍ സ്ഥലത്ത് ആധുനിക രീതിയിലുള്ള പുഷ്പകൃഷിയുണ്ടാവും. പത്ത് പഞ്ചായത്തുകളിലായി പതിനായിരം ഏക്കര്‍ സ്ഥലത്ത് പഴവര്‍ഗ കൃഷിയും വ്യാപിപ്പിക്കും. കര്‍ഷകര്‍ക്ക് നേട്ടമുണ്ടാക്കാന്‍ കഴിയുന്ന ഫലവര്‍ഗങ്ങളാണ് കൃഷി ചെയ്യുക. അമ്പലവയലിലും സുല്‍ത്താന്‍ ബത്തേരിയിലും അവക്കാഡോയും എടവകയിലും പടിഞ്ഞാറത്തറയിലും പാഷന്‍ഫ്രൂട്ടും തവിഞ്ഞാല്‍ തൊണ്ടര്‍നാട് എന്നിവിടങ്ങളില്‍ മാങ്കോസ്റ്റിനും മുള്ളംകൊല്ലിയിലും പുല്‍പ്പള്ളിയിലും പപ്പായയും മേപ്പാടിയിലും നെന്‍മേനിയിലും ലിച്ചിയുമാണ് കൃഷി ചെയ്യുക.
പുഷ്പകൃഷി ശാസ്ത്രീയമായി നടത്തി പൂക്കള്‍ ശേഖരിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. വയനാട്ടിലെ ജലസ്രോതസുകള്‍ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. നദികളും നീരുറവകളും കുളങ്ങളുമെല്ലാം ശാസ്ത്രീയമായി സംരക്ഷിക്കണം. കല്‍പറ്റയില്‍ സി. കെ. ശശീന്ദ്രന്‍ എം. എല്‍. എയുടെ നേതൃത്വത്തില്‍ നടക്കുന്ന പച്ചപ്പ് പദ്ധതിയ്ക്ക് എല്ലാ പിന്തുണയും നല്‍കും. കൃഷി വകുപ്പിന്റെ ജില്ലയിലെ ഒരു ഉദ്യോഗസ്ഥനെ പച്ചപ്പിന്റെ നോഡല്‍ ഓഫീസറായി നിയോഗിക്കും. പ്രത്യേക കാര്‍ഷിക മേഖലയായി പ്രഖ്യാപിക്കുന്നയിടങ്ങളില്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാനാവും വിധം ഒരുക്കുന്നതിന് കര്‍ഷകരെ പ്രാപ്തരാക്കുന്ന പത്തു കോടി രൂപയുടെ പദ്ധതിക്ക് തുടക്കമായതായി മന്ത്രി പറഞ്ഞു.
അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീതാ വിജയന്‍ അധ്യക്ഷത വഹിച്ചു. സി. കെ. ശശീന്ദ്രന്‍ എം. എല്‍. എ മുഖ്യപ്രഭാഷണം നടത്തി. നടീല്‍ വസ്തുകളുടെ വിതരണവും അദ്ദേഹം നിര്‍വഹിച്ചു. വയനാടിന്റെ പരമ്പരാഗത നെല്‍വിത്തിനങ്ങളുടെ ഡയറക്ടറി പ്രകാശനം, ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പിയുടെ ഗുണഭോക്താക്കളായ കുട്ടികളെയും രക്ഷിതാക്കളെയും പരിചയപ്പെടുത്തല്‍ എന്നിവയും ചടങ്ങിനോടനുബന്ധിച്ചു നടന്നു. കൃഷി വകുപ്പ് ഡയറക്ടര്‍ എ. എം. സുനില്‍കുമാര്‍, കാര്‍ഷിക സര്‍വകലാശാല ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് ഡോ. പി. ഇന്ദിരാദേവി, ഓര്‍ക്കിഡ് സൊസൈറ്റി ഓഫ് ഇന്ത്യ ഓര്‍ക്കിഡ് സൊസൈറ്റി ഓഫ് ഇന്ത്യ ജേര്‍ണലിന്റെ എഡിറ്റര്‍ ഡോ. പ്രൊമീള പഥക്, കെ. എ. യു ഭരണസമിതിയംഗം ഡോ. എ അനില്‍കുമാര്‍, ജനറല്‍ കൗണ്‍സില്‍ അംഗം ചെറുവയല്‍ രാമന്‍, പി. ജാനകിറാം, കാര്‍ഷിക മേഖലയിലെ വിദഗ്ധര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.