തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയുള്ള വികസന പക്ഷാചരണത്തിന് ഒക്ടോബര്‍ 19നു തുടക്കമാകും. വി.കെ. പ്രശാന്ത് എം.എല്‍.എ. നിയമസഭാ സാമാജികനായി തെരഞ്ഞെടുക്കപ്പെട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായാണു പരിപാടി. കഴിഞ്ഞ വര്‍ഷം നവംബറില്‍ സംഘടിപ്പിച്ച വട്ടിയൂര്‍ക്കാവ് വികസന സെമിനാര്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങളില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞവയുടെ വിലയിരുത്തലും മണ്ഡലത്തില്‍ ഉടന്‍ ആരംഭിക്കുന്ന വികസന പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനവും പൂര്‍ത്തീകരിച്ച പദ്ധതികളുടെ സമര്‍പ്പണവും പക്ഷാചരണത്തോടനുബന്ധിച്ച് സംഘടിപ്പിക്കും.
മണ്ഡലത്തില്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ ഏറ്റെടുക്കേണ്ട വികസന നിര്‍ദേശങ്ങള്‍ക്കു രൂപം നല്‍കുന്നതിനായി രണ്ടാമത് വട്ടിയൂര്‍ക്കാവ് വികസന സെമിനാര്‍ ഇതോടനുബന്ധിച്ചു സംഘടിപ്പിക്കുമെന്ന് വി.കെ. പ്രശാന്ത് എം.എല്‍.എ അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷം മണ്ഡലത്തില്‍ നടത്താന്‍ കഴിഞ്ഞ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി പ്രോഗ്രസ് റിപ്പോര്‍ട്ടും പക്ഷാചരണത്തിന്റെ ഭാഗമായി പുറത്തിറക്കും. വട്ടിയൂര്‍ക്കാവിലെ ജനങ്ങളുടെ ദീര്‍ഘനാളായുള്ള അഭിലാഷമായ വട്ടിയൂര്‍ക്കാവ് ജംഗ്ഷന് വികസനം യാഥാര്‍ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. റോഡ് നവീകരണത്തിനുള്ള ഭൂമി ഏറ്റെടുക്കുന്ന പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടന്നുവരുന്നത്. തകര്‍ന്നുകിടന്നിരുന്ന പ്രധാന റോഡുകളുടെ നവീകരണം പൂര്‍ത്തീകരിക്കുന്നതിനാണ് മുന്‍ഗണന നല്‍കിയത്. മണ്ഡലത്തിലെ പ്രധാന റോഡുകളില്‍ ബഹുഭൂരിഭാഗവും ഇതിനകം ഗതാഗത യോഗ്യമാക്കാന്‍ കഴിഞ്ഞതായും എം.എല്‍.എ പറഞ്ഞു.
ഓക്ടോബര്‍ 19ന് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കല്‍, 20ന് ജീവനി വിത്ത് വിതരണം, 21ന് കേരഗ്രാമം ഉദ്ഘാടനം, 22ന് മണ്ണാമ്മൂല റോഡ് ഉദ്ഘാടനം, 23ന് കാഞ്ഞിരംപാറ കോളനി സ്വീവറേജ് ലൈന്‍ പ്രവര്‍ത്തി ഉദ്ഘാടനം, 27ന് മുറിഞ്ഞപാലം കണ്ണമ്മൂല ഒന്നാം ഘട്ടം പ്രവര്‍ത്തി ഉദ്ഘാടനം, 28ന് വട്ടിയൂര്‍ക്കാവ് ജംഗ്ഷന് വികസനം നോട്ടിഫിക്കേഷന്‍, 30ന് വയലിക്കട- മുക്കോല റോഡ്, നവംബര്‍ ഒന്നിന് മ്യൂസിയം രവിവര്‍മ്മ ആര്‍ട്ട് ഗാലറി ശിലാസ്ഥാപനം 4ന് മഞ്ചംപാറ സ്കൂള്‍ – നിര്‍മ്മാണ ഉദ്ഘാടനം, 5ന് ശാസ്തമംഗലം റവന്യൂ ടവര്‍ ശിലാസ്ഥാപനം, 6ന് മലമുകള്‍ റോഡ് ഉദ്ഘാടനം, പട്ടം ഗവ. ജി.എച്ച്.എസ്.എസില്‍ സ്കൂള്‍ റേഡിയോ സ്റ്റുഡിയോ – റേഡിയോ ബ്രോ, 7ന് പി.എം.ജി സിറ്റി സ്കൂള്‍ നിര്‍മ്മാണ ഉദ്ഘാടനം, വികസന സെമിനാര്‍ രണ്ടാം ഘട്ടം എന്നിവ നടക്കും.