പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന പരിപാടിയോടനുബന്ധിച്ച് കുടുംബശ്രീ നടപ്പാക്കുന്ന അതിജീവനം ക്യാമ്പെയിന്റെ ഭാഗമായി കുടുംബശ്രീ ഉത്പന്നങ്ങള്‍ വീട്ടുപടിക്കലെത്തിക്കാന്‍ ഹോം ഷോപ്പ് പദ്ധതിയ്ക്ക് തുടക്കമായി.
കോവിഡ് രോഗവ്യാപനവും പ്രളയവും സൃഷ്ടിച്ച പ്രതിസന്ധിയില്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് കുടുംബശ്രീ സംരംഭകര്‍ പ്രയാസം നേരിടുന്ന സാഹചര്യത്തില്‍ സംരംഭകര്‍ക്ക് വരുമാനം ഉറപ്പാക്കി കുടുംബശ്രീ അംഗങ്ങള്‍ക്ക് മെച്ചപ്പെട്ട ജോലി സാധ്യതഒരുക്കുകയാണ് പദ്ധതിയിലൂടെ. കുടുംബശ്രീ ഉത്പന്നങ്ങള്‍ പരമാവധി ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ഹോം ഷോപ്പിന്റെ ലക്ഷ്യം. ജില്ലയിലെ ആലത്തൂര്‍ ബ്ലോക്കിലെ 8 ഗ്രാമപഞ്ചായത്തുകളിലാണ് ഹോം ഷോപ്പ് നടത്തുന്നത്. വീടുകളിലെത്തി സാധനങ്ങള്‍ വില്പന നടത്തുന്നതിന് വാര്‍ഡുകളില്‍ രണ്ട് ഹോം ഷോപ്പര്‍മാര്‍ വീതവും 25 ഓളം സംരംഭക യൂണിറ്റുകളെയും പദ്ധതിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഉത്പന്നങ്ങള്‍ക്ക് സ്ഥിരമായ ഒരു വിപണന സംവിധാനവും ഹോം ഷോപ്പര്‍മാരായി തിരഞ്ഞെടുത്ത കുടുംബശ്രീ അംഗങ്ങള്‍ക്ക് തൊഴിലും വരുമാനവും ഒരുക്കുന്നതിനും ഹോം ഷോപ്പിലൂടെ സാധിക്കും. ഏഴ് അംഗ ഹോം ഷോപ്പ് മാനേജ്മെന്റ് ടീമിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സംരംഭകരില്‍ നിന്നും ഉത്പന്നങ്ങള്‍ ശേഖരിച്ച് ഹോം ഷോപ്പര്‍മാരുടെ പക്കലെത്തിക്കുന്നതും സമയബന്ധിതമായ വിപണനത്തിന് സഹായിക്കുന്നതും മാനേജ്മെന്റ് ടീം ആണ്. ഉത്പന്നത്തിന്റെ വിറ്റുവരവില്‍ നിന്നു തന്നെയാണ് സംരംഭകര്‍, ഹോം ഷോപ്പര്‍, മാനേജ്മെന്റ് ടീം എന്നിവര്‍ക്ക് വരുമാനം ലഭിക്കുന്നത്.