തൃശ്ശൂർ: കോവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ ടീച്ചര്‍. ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിനുമായി കൂടുതല്‍ കരുതലോടെ മുന്നോട്ട് പോകണമെന്നും മന്ത്രി പറഞ്ഞു.ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ 124 ലക്ഷം രൂപ ചെലവില്‍ പുനര്‍നിര്‍മ്മാണം നടത്തിയ ഒ പി ബ്ലോക്കിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫന്‍സിലൂടെ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കോവിഡിനെ പ്രതിരോധിക്കാനായി നാം ഓരോരുത്തരും സാമൂഹിക അകലം പാലിക്കണം. മാസ്‌ക്ക് വെച്ചതിന് ശേഷം മാത്രം വീടിന് പുറത്ത് പോവുക. സാനിറ്റൈസര്‍ ഉപയോഗിച്ചോ സോപ്പ് ഉപയോഗിച്ചോ ഇടക്ക് കൈകള്‍ കഴുകുക. സമൂഹ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലുകള്‍ കൂടുതല്‍ വ്യാപിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
65 ലക്ഷം രൂപ ചിലവില്‍ പണി പൂര്‍ത്തീകരിച്ച മെഡിക്കല്‍ ഐ സി യു, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, പവര്‍ ലോണ്‍ട്രി, സി ടി സ്‌കാന്‍ എന്നിവയുടെ ഉദ്ഘാടനവും അത്യാധുനിക ട്രോമാകെയര്‍ യൂണിറ്റ്, ലേബര്‍ കം ക്വാളിറ്റി ഇമ്പ്രൂവ്‌മെന്റ് പ്രൊജക്റ്റ്, സി എസ് എസ് ഡി അണുനശീകരണ സംവിധാനം എന്നിവയുടെ നിര്‍മ്മാണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.