തൃശ്ശൂര്‍: അടിസ്ഥാന സൗകര്യം, മാനവ വികസനം, സാമ്പത്തികസ്ഥിതി എന്നിവയുടെ അവസ്ഥ നിർണയിക്കുന്ന സുപ്രധാന സൂചകങ്ങൾ തയ്യാറാക്കുന്നതിനുവേണ്ടിയുളള മിഷൻ അന്ത്യോദയ സർവ്വെ 2020 ജില്ലയിൽ ആരംഭിച്ചു. ഓരോ പഞ്ചായത്തിലും വില്ലേജ് അടിസ്ഥാനമാക്കിയുളള മാനവ സമൂഹത്തിന്റെ അടിസ്ഥാന വിവരങ്ങളാണ് ഈ സർവ്വെയിലൂടെ ശേഖരിക്കുന്നത്. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പാണ് ഓരോ പഞ്ചായത്തിൽ നിന്നും  സർവ്വെയുടെ വിവരങ്ങൾ ശേഖരിക്കുന്നത്.

കൃഷി, മൃഗസംരക്ഷണം,
സാമൂഹ്യ സുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം, ബാങ്കിങ്ങ്, ഹൗസിങ്ങ്, വനിതാ ശിശു വികസനം, കുടിവെളള സൗകര്യങ്ങൾ തുടങ്ങി വിവിധ മേഖലകളെ സംബന്ധിച്ചുളള വിവരങ്ങൾ ഈ സർവ്വെയിലൂടെ
വകുപ്പിലെ ഇൻവെസ്റ്റിഗേറ്റർമാർ ശേഖരിക്കും. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം രാജ്യം ഒട്ടാകെയുളള പഞ്ചായത്തുകളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പഞ്ചായത്തുകളെ അഖിലേന്ത്യ അടിസ്ഥാനത്തിൽ മിഷൻ അന്ത്യോദയ പോർട്ടൽ വഴി റാങ്കിങ്ങ് നടത്തും. സാമൂഹ്യവും സാമ്പത്തികവുമായി ഏറ്റവും താഴ്ന്ന നിലവാരത്തിൽ കഴിയുന്ന ജനങ്ങളുടെ ഉന്നമനമാണ് ഈ സർവ്വെയിലൂടെ വിഭാവനം ചെയ്യുന്നത്.

സർവ്വെയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ എസ്. ഷാനവാസ് നിർവഹിച്ചു. ഓരോ പഞ്ചായത്തിലേയും പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥർ ബന്ധപ്പെട്ട വകുപ്പിലെ വിവരങ്ങൾ നിശ്ചിത സമയത്തിനകം സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർമാർക്ക് കൈമാറണമെന്ന് കളക്ടർ അറിയിച്ചു. .