കോട്ടയം : ഏറെ ആഗ്രഹിച്ച പട്ടയ രേഖ ഏറ്റുവാങ്ങുന്നതിന് ചെത്തിപ്പുഴയിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും പട്ടയം കുമാരന്‍റെ വീട്ടിലെത്തി. രോഗശയ്യയിലായിരുന്ന കുറിച്ചി പുതുപ്പറമ്പില്‍ കുമാരന് ചങ്ങനാശേരി തഹസില്‍ദാര്‍ ജിനു പുന്നൂസിന്‍റെ നേതൃത്വത്തില്‍ പട്ടയം വീട്ടില്‍ എത്തിച്ചു നല്‍കുകയായിരുന്നു. ഭാര്യ ചെല്ലമ്മയുടെകൂടി പേരിലുള്ള രേഖ ഏറ്റുവാങ്ങി രജിസ്റ്ററില്‍ വിരലടയാളം പതിക്കുമ്പോള്‍ 85 കാരന്‍റെ മുഖത്ത് രോഗത്തിന്‍റെ അവശതകള്‍ മറന്ന ആഹ്ളാദം.

ജില്ലയില്‍ മൂന്നു കേന്ദ്രങ്ങളിലായി 17 കുടുംബങ്ങള്‍ക്കാണ് പട്ടയം വിതരണം ചെയ്തത്. പെരുമ്പായിക്കാട്, ചെങ്ങളം സൗത്ത്, ചെത്തിപ്പുഴ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മാണോദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു പട്ടയ വിതരണം. മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു.

ചെത്തിപ്പുഴയില്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്‍റെ ശിലാഫലകം അനാച്ഛാദനവും പട്ടയ വിതരണവും കൊടിക്കുന്നില്‍ സുരേഷ് എം.പി നിര്‍വഹിച്ചു. വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തോമസ് മാത്യു പ്ലാമൂട്ടില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഇ.സി.അച്ചാമ്മ, ഗ്രാമപഞ്ചായത്തംഗം റോസമ്മ ദേവസ്യ, ഡെപ്യൂട്ടി കളക്ടര്‍ (ആര്‍.ആര്‍) ജെസി ജോണ്‍, തഹസില്‍ദാര്‍ ജിനു പുന്നൂസ് എന്നിവര്‍ പങ്കെടുത്തു.

ചെങ്ങളത്തും പെരുമ്പായിക്കാടും നടന്ന ചടങ്ങുകളില്‍ തോമസ് ചാഴികാടന്‍ എം.പി. പട്ടയ വിതരണം നിര്‍വഹിച്ചു.പെരുമ്പായിക്കാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്‍റെ ശിലാസ്ഥാപനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. .