ജില്ലയിലെ മൂന്ന് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ നാടിന് സമര്‍പ്പിച്ചു
ഈ സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാവുന്നതിനു മുമ്പു തന്നെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും എഫ് എച്ച് സികളാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു.  ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ 38 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നതിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യ മേഖലയില്‍ അടിസ്ഥാനപരമായ മാറ്റമാണ് ലക്ഷ്യം വയ്ക്കുന്നതെന്നും അതിനായാണ് പ്രാഥമിക തലത്തില്‍  കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതെന്നും  മന്ത്രി പറഞ്ഞു. പ്രാഥമിക തലത്തില്‍ മാറ്റം വരുത്തുന്നതിന്റെ ഭാഗമായാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ  കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയത്. 600 പിഎച്ച്‌സികളെ ഇതിനകം എഫ്എച്ച്‌സിയായി ഉയര്‍ത്തിക്കഴിഞ്ഞു. ഇതില്‍ 500 എണ്ണത്തിന് സ്വന്തമായി കെട്ടിടങ്ങളായിട്ടുണ്ട്. ബാക്കിയുള്ള 100 എണ്ണത്തിന്റെ നിര്‍മാണം നടന്നു വരികയാണ്.  കൊവിഡ് നെഗറ്റീവ് ആയതിനു ശേഷവും പലരിലും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. അതുകൊണ്ട് തന്നെ കൊവിഡിനെ അകറ്റി നിര്‍ത്താനുള്ള ശ്രമങ്ങള്‍ ജനങ്ങള്‍ തുടരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജില്ലയില്‍ ന്യൂമാഹി,  രാമന്തളി, എട്ടിക്കുളം എന്നീ കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് മന്ത്രി നാടിന് സമര്‍പ്പിച്ചത്.  കുടുംബാരോഗ്യ കേന്ദ്രമായതോടെ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറ് മണിവരെ ഒ പി സൗകര്യമുണ്ടാവും.   സ്പെഷ്യാലിറ്റി ക്ലിനിക്കായ ശ്വാസ്, ആശ്വാസ്, ജീവിത ശൈലി, വയോജന, കൗമാര ക്ലിനിക് എന്നിവയും ലബോറട്ടറി സേവനങ്ങളും, കൗണ്‍സലിംഗും, ഫ്രീ ചെക്കപ്പും ലഭ്യമാകും. ഒ പി വെയ്റ്റിംഗ് ഏരിയ, കോണ്‍ഫറന്‍സ് ഹാള്‍, നിരീക്ഷണ മുറി, ശിശു സൗഹൃദ പ്രതിരോധ കുത്തിവെപ്പ് മുറി, ഫാര്‍മസി, നഴ്സിങ് സ്റ്റേഷന്‍, ഇരിപ്പിടങ്ങള്‍, കുടിവെളളം, ടെലിവിഷന്‍ എന്നീ സൗകര്യങ്ങളും കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലഭ്യമാണ്.
രാമന്തളി, എട്ടിക്കുളം  എന്നിവിടങ്ങളില്‍ നടന്ന പരിപാടിയില്‍ സി കൃഷ്ണന്‍ എംഎല്‍എയും ന്യൂമാഹിയില്‍  പഞ്ചായത്ത് പ്രസിഡണ്ട് എ വി ചന്ദ്രദാസനും അധ്യക്ഷരായി. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ രാജീവന്‍,  ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി ആര്‍ സുശീല, ആര്‍ അജിത, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഈശ്വരി ബാലകൃഷ്ണന്‍, രാമന്തളി പഞ്ചായത്ത് പ്രസിഡണ്ട് എം വി ഗോവിന്ദന്‍, ന്യൂമാഹി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗം എം കെ അനിത, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ നാരായണ നായ്ക്(ആരോഗ്യം), മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ടി വി സജിത്ത് പ്രസാദ് (ന്യൂമാഹി), ഡോ. ടി പി ഭവ്യ (രാമന്തളി), രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.