എറണാകുളം:ഡിസംംബർ പത്തിനു നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ജില്ലയിൽ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. നാമനിർദ്ദേശ പത്രികകളുടെയും പോസ്റ്റൽ വോട്ടിനുള്ള അപേക്ഷകളുടെയും അച്ചടി പൂർത്തിയായി.വരണാധികാരികൾക്കും ഉപവരണാധികൾക്കുമുള്ള പരിശീലനവും പൂർത്തിയായി.തിരഞ്ഞെടുപ്പു യന്ത്രങ്ങളുടെ പരിശോധന അവസാന ഘട്ടത്തിലാണ്.

കാക്കനാട് ഗവൺമെൻ്റ് പ്രസിൽ അച്ചടി പൂർത്തിയാക്കിയ നാമനിർദ്ദേശ പത്രികകൾ ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ കളക്ടർക്കു കൈമാറി. നവംബർ 9 മുതൽ ഇത് ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാർക്ക് നൽകും. പോസ്റ്റൽ വോട്ടിനുള്ള അപേക്ഷകളുടെയും മത്സരാർത്ഥികൾക്കുള്ള ലഘുലേഖകളുടെയും അച്ചടിയും പൂർത്തിയായി.
വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യ ഘട്ട പരിശോധന ഒരാഴ്ചക്കുള്ളിൽ പൂർത്തിയാകും. പരിശോധനയുടെ ഭാഗമായുള്ള മോക്ക് പോളിംഗ് നവംബർ 7 ന് ഉച്ചക്ക് രണ്ടിന് കച്ചേരിപ്പടി ഉഷ ടൂറിസ്റ്റ് ഹോമിൽ നടക്കും. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് മോക്ക് പോളിഗ് നടക്കുക.

പോളിംഗ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്ന മാസ്റ്റർ ട്രയിനർമാർക്കുള്ള പരിശീലനം നവംബർ 10 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ബ്ലോക്ക്, മുനിസിപ്പൽ തലത്തിലെ പോളിംഗ് ഉദ്യോഗസ്ഥർക്കാണ് പരിശീലനം നൽകുന്നത്. ജില്ലയിലെ 82 പഞ്ചായത്തുകളിലേക്കും 14 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 13 മുനിസിപ്പാലിറ്റികളിലേക്കും ,ഒരു കോർപറേഷനിലേക്കും ജില്ലാ പഞ്ചായത്തിലേക്കുമുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നത്.